Tuesday, December 24, 2024
Homeകേരളംസന്നിധാനത്ത് ഉത്സവക്കാഴ്ചയൊരുക്കി കർപ്പൂരാഴി ഘോഷയാത്ര

സന്നിധാനത്ത് ഉത്സവക്കാഴ്ചയൊരുക്കി കർപ്പൂരാഴി ഘോഷയാത്ര

ശബരിമല: മണ്ഡലപൂജയോടനുബന്ധിച്ചു തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ കർപ്പൂരാഴി ഘോഷയാത്ര സന്നിധാനത്തെ ഉത്സവഛായയിലാക്കി. പുലിവാഹനമേറിയ മണികണ്ഠനും ദേവതാരൂപങ്ങളും അണിനിന്ന ഘോഷയാത്ര വർണവും ശബ്ദഘോഷങ്ങളും കൊണ്ടു ശബരീശസന്നിധിയിലെ സന്ധ്യയെ ആഘോഷപൂർണമാക്കി.

സന്നിധാനത്തു സേവനമനുഷ്ഠിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാർ മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി എല്ലാ വർഷവും നടത്താറുള്ള കർപ്പൂരാഴി ഘോഷയാത്രയാണു പൂർവാധികം വർണപ്പകിട്ടോടെ കൊണ്ടാടിയത്.
ഇന്നലെ(ഡിസംബർ 23) സന്ധ്യക്കു ദീപാരാധനയ്ക്കുശേഷം 6.40ന് കൊടിമരത്തിന് മുന്നിൽനിന്നു ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി അരുൺകുമാർ നമ്പൂതിരിയും ചേർന്ന് കർപ്പൂരാഴിയ്ക്ക് അഗ്‌നി പകർന്നു തുടക്കം കുറിച്ചു. തുടർന്ന് ക്ഷേത്രത്തിനു വലംവച്ചു നീങ്ങിയ ഘോഷയാത്ര ഫ്ളൈ ഓവർ കടന്നു മാളികപ്പുറം ക്ഷേത്രസന്നിധിവഴി നടപ്പന്തലിൽ വലം വച്ചു പതിനെട്ടാംപടിയ്ക്കു മുന്നിൽ സമാപിച്ചു.

പുലിവാഹനമേറിയ അയ്യപ്പനും ദേവതാരൂപങ്ങളും സന്നിധാനത്തു തിങ്ങിനിറഞ്ഞ ഭക്തസഹസ്രങ്ങൾക്ക് ആനന്ദക്കാഴ്ചയായി. വർണക്കാവടിയും മയിലാട്ടവും വിളക്കാട്ടവും കർപ്പൂരാഴി ഘോഷാത്രയ്്ക്ക് മിഴിവേകി.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ദേവസ്വം ബോർഡ് അംഗം എ. അജികുമാർ, സ്‌പെഷൽ ഓഫീസർ ബി. കൃഷ്ണകുമാർ, ജിഎസ്ഒ ഉമേഷ് ഗോയൽ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബിജു വി. നാഥ്, ദേവസ്വം ബോർഡ് ജീവനക്കാർ, ശബരിമലയിൽ ചുമതലയുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാർ എന്നിവർ ഘോഷയാത്രയിൽ പങ്കെടുത്തു.

സന്നിധാനത്തു സേവനമനുഷ്ഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ നേതൃത്വം കൊടുത്ത കർപ്പൂരാഴി ഘോഷയാത്ര ഡിസംബർ 24ന് വൈകിട്ട് നടക്കും. മണ്ഡലപൂജയ്ക്കായുള്ള തങ്കഅങ്കി ഘോഷാത്ര ഡിസംബർ 25ന് വൈകിട്ട് ശബരിമലയിൽ എത്തും. ഡിസംബർ 26ന് പകൽ ആണ് മണ്ഡലമഹോത്സവത്തിനു സമാപനം കുറിച്ചുള്ള മണ്ഡലപൂജ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments