കൊണ്ടോട്ടി: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷയായി യുഡിഎഫിന്റെ നിതാ ഷെഹീർ. വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ നിത ഷെഹീർ (26) കൊണ്ടോട്ടി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച നിത എൽഡിഎഫിലെ കെപി നിമിഷയെ 26 വോട്ടിനാണ് പരാജയപ്പെടുത്തിയത്.
മുസ്‌ലിംലീഗിന് 23 അംഗങ്ങളും കോൺഗ്രസിന് എട്ടും സിപിഐഎമ്മിനും സിപിഐയ്ക്കും മൂന്നുവീതം കൗൺസിലർമാരുമാണ് കൊണ്ടോട്ടി നഗരസഭയിലുള്ളത്.40 കൗൺസിലർമാരുള്ള നഗരസഭയിൽ നിത ഷെഹീർ 32 വോട്ടും കെപി നിമിഷ ആറു വോട്ടുമാണ് നേടിയത്. യുഡിഎഫിലെ രണ്ടു വോട്ട് അസാധുവായി. പേരും ഒപ്പും ബാലറ്റ് പേപ്പറിൽ രേഖപ്പെടുത്താത്തതിന് ലീഗിലെ 20-ാം വാർഡ് കൗൺസിലർ താന്നിക്കൽ സൈതലവിയുടെയും തെറ്റായ ഭാഗത്ത് ഒപ്പുവെച്ചതിന് കോൺഗ്രസിലെ 25-ാം വാർഡ് കൗൺസിലർ സൗമ്യ ചെറായിയുടെയും വോട്ടുകൾ അസാധുവായി.
കോൺഗ്രസിലെ രണ്ടു സ്വതന്ത്രാംഗങ്ങളും വെൽഫെയർ പാർട്ടിയുടെ കൗൺസിലറും യുഡിഎഫിനായാണ് വോട്ട് രോഖപ്പെടുത്തിയത്. 2015-ൽ നിലവിൽവന്ന കൊണ്ടോട്ടി നഗരസഭയിലെ അഞ്ചാമത്തെ അധ്യക്ഷയാണ് നിത ഷെഹീർ. ആദ്യ ചെയർമാൻ കോൺഗ്രസിലെ സികെ നാടിക്കുട്ടിയാണ്. സിപിഐഎമ്മിലെ പറമ്പീരി ഗീത, മുസ്‌ലിം ലീഗിലെ കെസി ഷീബ എന്നിവർ 2015-20 കാലയളവിലും മുസ്‌ലിം ലീഗിലെ സിടി ഫാത്തിമത്ത് സുഹ്റാബി ശേഷവും അധ്യക്ഷയായി.
യുഡിഎഫിലെ അധികാരമാറ്റത്തിന് പിന്നാലെ മുസ്‌ലിം ലീഗ് നഗര സഭാ അധ്യക്ഷപദവി കോൺഗ്രസിന് കൈമാറിയതോടെയാണ് നിതയ്ക്ക് അവസരം ലഭിച്ചത്.