തിരുവനന്തപുരം :- സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ വര്‍ധിച്ചു. ഇന്ന് പവന് ആയിരം രൂപയോളമാണ് വര്‍ധിച്ചത്. 960 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,600 രൂപയായി. ഗ്രാമിന് 120 രൂപയാണ് ഉയര്‍ന്നത്. 6825 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരവും. തുടര്‍ന്ന് വില പടിപടിയായി ഉയരുന്നതാണ് ദൃശ്യമായത്. ഒരാഴ്ചയ്ക്കിടെ ഏകദേശം 1300 രൂപയാണ് വര്‍ധിച്ചത്.
ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2500 ഡോളര്‍ കടന്ന് കുതിച്ചിരുന്നു. എന്നാല്‍ 2500ല്‍ താഴെയാണിപ്പോള്‍. ഏത് സമയവും ഉയരാന്‍ സാധ്യതയുണ്ട് എന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. ആഗോള വിപണിയില്‍ വില ഉയര്‍ന്നാല്‍ കേരളത്തിലും സ്വര്‍ണവില വര്‍ധിക്കും. സ്വര്‍ണ വില, പണിക്കൂലി, നികുതി എന്നിവ ചേര്‍ത്തുള്ള സംഖ്യയാണ് ആഭരണം വാങ്ങുമ്പോള്‍ ജുവലറികളില്‍ ഉപഭോക്താവ് നല്‍കേണ്ട തുക. ഇന്ന് ആഭരണം വാങ്ങുന്നവര്‍ക്ക് ഒരു പവന് 60000 രൂപ വരെ പ്രതീക്ഷിക്കാം.
സ്വർണത്തിന്റെ മൂല്യം നാൾക്കുനാൾ ഉയരുകയാണ്. 2008 മുതൽ, കൃത്യമായി പറഞ്ഞാൽ ലോകത്തെ പിടിച്ചുകുലുക്കിയ ആഗോള സാമ്പത്തികമാന്ദ്യത്തിന് ശേഷമാണ് നിക്ഷേപകരുടെ നോട്ടം സ്വർണത്തിൽ ഗൗരവമായി പതിഞ്ഞത്.