Sunday, December 22, 2024
Homeകേരളംസംസ്ഥാനത്തു രണ്ടര വർഷത്തിനുള്ളിൽ മെഡിസെപ്പ്‌ പദ്ധതിയിൽ 1485 കോടി രൂപയുടെ ചികിത്സാ ആനുകൂല്യങ്ങൾ നൽകി

സംസ്ഥാനത്തു രണ്ടര വർഷത്തിനുള്ളിൽ മെഡിസെപ്പ്‌ പദ്ധതിയിൽ 1485 കോടി രൂപയുടെ ചികിത്സാ ആനുകൂല്യങ്ങൾ നൽകി

സംസ്ഥാനത്തു രണ്ടര വർഷത്തിനുള്ളിൽ മെഡിസെപ്പ്‌ പദ്ധതിയിൽ 1485 കോടി രൂപയുടെ ചികിത്സാ ആനുകൂല്യങ്ങൾ നൽകി. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ആശ്രിതർക്കുമായാണ്‌ സൗജന്യ കിടത്തി ചികിത്സ ഇത്രയും തുകയുടെ ഇൻഷ്വറൻസ്‌ പരിരക്ഷ ഉറപ്പാക്കിയത്‌.

ഇതിൽ 1341.12 കോടി രൂപയും സ്വകാര്യ ആശുപത്രികളിലെ ചികിത്സകൾക്കായാണ്‌ നൽകിയത്‌. 87.15 കോടി രൂപ സർക്കാർ ആശുപത്രകളിലെ ചികിത്സയ്‌ക്കും നൽകി. 56.29 കോടി രൂപ അതീവ ഗുരുതര രോഗങ്ങൾ, അവയവമാറ്റ ശസ്‌ത്രക്രീയകൾ എന്നിവയ്‌ക്കായുള്ള പ്രത്യേക നിധിയിൽനിന്നാണ്‌ അനുവദിച്ചത്‌.

വാഹനാപകടം, പക്ഷാഘാതം, ഹൃദയാഘാതം ഉൾപ്പെടെ അടിയന്തിര സാഹചര്യങ്ങളിൽ പാനൽ ചെയ്‌തിട്ടില്ലാത്ത ആശുപത്രികളിൽ ചികിത്സ തേടിയതിന്‌ നാലു കോടി രൂപയും ഇൻഷ്വറൻസ്‌ കമ്പനി നൽകി.2022 ജൂലൈ ഒന്നിന്‌ ആരംഭിച്ച പദ്ധതിയിൽ കഴിഞ്ഞ ആഗസ്‌ത്‌ 31 വരെ 2,87,489 പേർക്കാണ്‌ ചികിത്സ ഉറപ്പാക്കിയത്‌.

സംസ്ഥാനത്തിന്‌ പുറത്തു ചികിത്സ തേടിയ 3274 പേരും ഇതിൽ ഉൾപ്പെടുന്നു. 1,57,768 ജീവനക്കാരും, 1,29,721 പെൻഷൻകാരുമാണ്‌ മെഡിസെപ്പ്‌ ചികിത്സാ സൗകര്യം ഉപയോഗപ്പെടുത്തിയത്‌. ഇവരുടെ 7.20 ലക്ഷം കിടത്തിചികിത്സയുടെ ബില്ലുകൾ മെഡിസെപ്പിൽനിന്ന്‌ നൽകി. ഇരുകൂട്ടരും ഏതാണ്ട്‌ തുല്യമായ നിലയിൽതന്നെ പദ്ധതി പരിരക്ഷ തേടുന്നു. 1920 മെഡിക്കൽ, സർജിക്കൽ ചികിത്സാ രീതികൾ പദ്ധതിയിൽ സൗജന്യമായി നൽകുന്നു.12 അവയവമാറ്റ ശസ്ത്രക്രിയകളും സൗജന്യമാണ്‌. അതിനായി 553 ആശുപത്രികളെയാണ്‌ എംപാനൽ ചെയ്‌തിട്ടുള്ളത്‌.

408 സ്വകാര്യ ആശുപത്രികളാണ്‌ ഈ പട്ടികയിലുള്ളത്‌. മുട്ടു മാറ്റൽ ശസ്‌ത്രക്രീയ മാത്രമാണ്‌ സർക്കാർ ആശുപത്രികളിൽ നടത്തേണ്ടത്‌. ബാക്കി എല്ലാ ചികിത്സാ രീതികൾക്കും കാർഡ്‌ ഉടമകൾക്ക്‌ താൽപര്യമുള്ള എംപാനൽ ചെയ്‌ത ആശുപത്രികളെ സമീപിക്കാനാകുന്നു. ഒരുവിധ മെഡിക്കല്‍ പരിശോധനയും കൂടാതെ അംഗത്വം നല്‍കുന്നുവെന്നതാണ്‌ പദ്ധതി പ്രത്യേകത. കാർഡ്‌ ഉടമകളുടെ ആശ്രിതർക്ക്‌ വൈദ്യ പരിശോധന ആവശ്യമില്ല.

നിലവിലുള്ള രോഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നു. എല്ലാ പ്രായക്കാര്‍ക്കും ഒരേ പ്രിമിയം തന്നെയാണ്‌ ഈടാക്കുന്നത്‌.കുറഞ്ഞ വാർഷിക പ്രിമിയ തുക, അതും മാസത്തവണകളായി മാത്രം ഈടാക്കുന്നവെന്നതും മെഡിസെപ്പിനു മാത്രമുള്ള പ്രത്യേകതയാണ്‌. തിമിരം, പ്രസവം, ഡയാലിസിസ്,കീമോതെറാപ്പി തുടങ്ങീ അവയവമാറ്റ ചികില്‍സകള്‍ക്ക്‌ ഉൾപ്പെടെ പരിരക്ഷയുണ്ട്‌.

മെഡിസെപ്പ്‌ കേരളം സൃഷ്ടിച്ച മറ്റൊരു ലോക മാതൃകയാണെന്ന്‌ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ചികിത്സ തേടുന്ന ഗുണഭോക്താക്കളുടെ എണ്ണത്തിലെ വർദ്ധനവ്, സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രികളുടെയും സജീവ സാന്നിദ്ധ്യം, അവരുടെ പങ്കാളിത്ത മേന്മയിൽ പദ്ധതിയിൽ ഇൻഷ്വർ ചെയ്യപ്പെട്ട നിരവധി ജീവനുകൾക്ക് ലഭ്യമായ മെച്ചപ്പെട്ട ചികിത്സാ സൗകര്യം എന്നിവ മെഡിസെപ്പിന്റെ മുഖമുദ്രയാണെന്നും മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments