Thursday, October 17, 2024
Homeകേരളംസംസ്ഥാന സ്‌കൂൾ കായികമേള നവംബർ 4 മുതൽ 11 വരെ കൊച്ചിയിൽ: കലോത്സവം ജനുവരി 4-8...

സംസ്ഥാന സ്‌കൂൾ കായികമേള നവംബർ 4 മുതൽ 11 വരെ കൊച്ചിയിൽ: കലോത്സവം ജനുവരി 4-8 വരെ തിരുവനന്തപുരത്ത് : ശാസ്ത്രോത്സവം നവംബർ 15-18 വരെ ആലപ്പുഴയിൽ

സംസ്ഥാന സ്‌കൂൾ കായികമേള നവംബർ 4 മുതൽ 11 വരെ കൊച്ചിയിലെ തിരഞ്ഞെടുത്ത 17 സ്റ്റേഡിയങ്ങളിൽ രാവും പകലുമായി സംഘടിപ്പിക്കും. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഒളിമ്പ്ക്‌സ് മാതൃകയിലാണ് മേള ചിട്ടപ്പെടുത്തുന്നത്. ഇരുപത്തിനാലായിരം കായിക പ്രതിഭകൾ പങ്കെടുക്കുന്ന കായികമേള ലോകത്തെ തന്നെ ഏറ്റവും കൂടുതൽ കായിക താരങ്ങൾ പങ്കെടുക്കുന്ന ഏറ്റവും വലിയ കായിക മാമാങ്കമാകുമെന്നാണ് പ്രതീക്ഷയെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെ കൂടി പങ്കെടുപ്പിക്കുന്ന ഇൻക്ലൂസീവ് സ്‌പോർട്‌സ് ഉൾപ്പെടെ 39 കായിക ഇനങ്ങളിൽ പതിനായിരം മത്സരമാണ് സംഘടിപ്പിക്കുന്നത്. നവംബർ 4 ന് വൈകുന്നേരം 5.00 മണി മുതൽ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഒളിമ്പിക്‌സിനെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള വിപുലമായ ചടങ്ങുകളോടെ മത്സരങ്ങൾ ആരംഭിക്കും. സമാപനം നവംബർ 11 ന് വൈകുന്നേരം 4.00 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചി മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യും. കായികമേളയുടെ ചരിത്രത്തിൽ ആദ്യമായി ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന ടീമിന് മുഖ്യമന്ത്രിയുടെ എവർ റോളിംഗ് ട്രോഫി സമ്മാനിക്കും. എമിറേറ്റ്‌സിൽ കേരള സിലബസ്സിൽ പഠിപ്പിക്കുന്ന എട്ട് സ്‌കൂളുകളിലെ വിദ്യാർത്ഥികൾ കൂടി കായിക മേളയിൽ പങ്കെടുക്കാനുള്ള അവസരം ആദ്യമായി ഒരുക്കുന്നുണ്ട്.

സംസ്ഥാന സ്‌കൂൾ കലോത്സവം 2025 ജനുവരി 4 മുതൽ 8 വരെയുള്ള തീയതികളിൽ തിരുവനന്തപുരത്ത് വിവിധ വേദികളിലായി സംഘടിപ്പിക്കും. ജനുവരി 4 ന് രാവിലെ 10.00 മണിക്ക് മുഖ്യമന്ത്രി കലോത്സവം ഉദ്ഘാടനം ചെയ്യും. കലോത്സവ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനവിഭാഗങ്ങളുടെ കലാരൂപങ്ങൾ കൂടി മത്സര ഇനമായി കലോത്സവത്തിൽ അരങ്ങേറും.

ഇരുള നൃത്തം, മലപ്പുലയ ആട്ടം, പളിയ നൃത്തം, മംഗലം കളി, പണിയ നൃത്തം എന്നിവയാണ് കലോത്സവത്തിൽ മത്സര ഇനമായി ഉൾക്കൊള്ളിച്ചിട്ടുള്ളത്. 249 ഇനങ്ങളിലായി 15000 ത്തോളം കുട്ടികൾ കലോത്സവത്തിൽ പങ്കെടുക്കും.

ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം 2024 നവംബർ 15 മുതൽ 18 വരെയുള്ള തീയതികളിലായി ആലപ്പുഴയിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസം, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി തലങ്ങളിലെ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.ടി. വിഭാഗങ്ങളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കേരള സ്‌കൂൾ ശാസ്ത്രോത്സവം സംഘടനാ പാടവം കൊണ്ടും മത്സരയിനങ്ങളുടെ വൈവിധ്യം കൊണ്ടും അദ്ധ്യാപക വിദ്യാർത്ഥി പങ്കാളിത്തം കൊണ്ടും ഏഷ്യയിലെ തന്നെ ബൃഹത്തായ ശാസ്ത്രമേളയാകും. 4 ദിവസങ്ങളിലായാണ് ശാസ്ത്രോത്സവം പൂർത്തിയാക്കുന്നത്. ആദ്യ ദിവസത്തിൽ രജിസ്ട്രേഷനും 1,2,3 തീയതികളിൽ മത്സരങ്ങളും, പ്രദർശനവും നടക്കുന്നു. ഏകദേശം 10,000-ത്തോളം മത്സരാർത്ഥികൾ ഈ മേളയിൽ മാറ്റുരയ്ക്കുന്നുണ്ട്. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, കാലഘട്ടത്തിന്റെ അനിവാര്യതയായ ഐ.റ്റി വിഭാഗം, പ്രവൃത്തിപരിചയം, എന്നിങ്ങനെ 5 വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. എച്ച്.എസ്, എച്ച്.എസ്.എസ്, വി.എച്ച്.എസ്. എസ് വിഭാഗങ്ങളിലായി ആകെ 180 ഇനങ്ങളിൽ ആണ് മത്സരം നടക്കുന്നത്. ശാസ്ത്രോത്സവത്തിന്റെ ഭാഗമായി വൊക്കേഷണൽ എക്സ്പോയും കരിയർഫെസ്റ്റും നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments