Wednesday, October 16, 2024
Homeകേരളംപുത്തൂരിലെ അനധികൃത കച്ചവടം കലക്ടർ ഒഴിപ്പിച്ചു

പുത്തൂരിലെ അനധികൃത കച്ചവടം കലക്ടർ ഒഴിപ്പിച്ചു

കോട്ടയ്ക്കൽ:- സംസ്ഥാനപാതയിൽ പുത്തൂർ ബൈപാസിലെ അനധികൃത വ്യാപാരസ്ഥാപനങ്ങൾ റവന്യൂവകുപ്പ് ഒഴിപ്പിച്ചു. ഒതുക്കുങ്ങൽ പഞ്ചായത്തധികൃതർ നൽകിയ പരാതിയെത്തുടർന്ന് ജില്ലാ കലക്ടർ വി.ആർ.വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണു വൻ പൊലീസ് സേനയുടെ സഹായത്തോടെ താൽക്കാലിക ഷെഡ്ഡുകൾ പൊളിച്ചുമാറ്റിയത്.

മത്സ്യവിൽപന സ്‌റ്റാളുകളിൽ നിന്നും മറ്റുമുള്ള മാലിന്യം സമീപത്തെ കിണറിൽ കലരുന്നുവെന്നത് ദീർഘകാലമായുള്ള പരാതിയാണ്. അരിച്ചോൾ ചുള്ളിയൻ ശുദ്ധജല പദ്ധതിക്കാവശ്യമായ വെള്ളമെടുക്കുന്നതു ഈ കിണറിൽ നിന്നാണ്. കിണറിലെ വെള്ളം പതിവായി മലിനമാകുന്നതിനാൽ ജലക്ഷാമമുള്ള പ്രദേശത്തെ ആളുകൾ ഏറെ പ്രയാസമനുഭവിച്ചിരുന്നു. തുടർന്ന് നാട്ടുകാർ പഞ്ചായത്തധികൃതർക്കും മന്ത്രിമാർക്കും മറ്റും പലതവണ പരാതി നൽകി. പൊതുസ്ഥലം കയ്യേറിയുള്ള തെരുവുകച്ചവടം മൂലം ഗതാഗതക്കുരുക്ക് പതിവാണെന്നും പഞ്ചായത്തധികൃതർ കണ്ടെത്തി.

പ്രശ്നത്തിനു അടിയന്തര പരിഹാരം കാണണമെന്നു മനുഷ്യാവകാശ കമ്മിഷനും പട്ടികജാതി കമ്മിഷനും പഞ്ചായത്തധികൃതരോട് ആവശ്യപ്പെട്ടു. കച്ചവടസ്ഥാപനങ്ങൾ നീക്കണമെന്നാവശ്യപ്പെട്ടു അധികൃതർ പലതവണ വ്യാപാരികൾക്കു നോട്ടീസ് നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണു പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടു പഞ്ചായത്ത് ജില്ലാ കലക്ടർക്കു പരാതി നൽകിയത്. വ്യാപാരസ്ഥാപനങ്ങൾ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ടു റവന്യു ഉദ്യോഗസ്ഥർ നേരത്തേ കച്ചവടക്കാർക്കു നോട്ടീസ് നൽകിയിരുന്നു. തുടർ നടപടിയായാണു ഷെഡ്ഡുകൾ പൊളിച്ചു മാറ്റിയത്.

പുലർച്ചെ അഞ്ചരയോടെ ബൈപാസിലെത്തിയ റവന്യൂസംഘം മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ ഒരു മണിക്കൂറിനകം സ്റ്റാളുകൾ പൊളിച്ചുനീക്കി. കോട്ടയ്ക്കൽ നഗരസഭാ പരിധിയിലെ കച്ചവടകേന്ദ്രങ്ങൾ നീക്കാൻ ശ്രമമുണ്ടായെങ്കിലും വ്യാപാരികൾക്കു മുൻകൂർ നോട്ടീസ് നൽകിയില്ല എന്ന കാരണത്താൽ നിർത്തിവച്ചു. ബന്ധപ്പെട്ട വ്യാപാരികൾക്കു ഉടൻ നോട്ടീസ് നൽകാൻ ജില്ലാ കലക്ടർ നഗരസഭാസെക്രട്ടറിക്കു നിർദേശം നൽകി.

സ്റ്റാളുകൾ നീക്കിയതിൽ പ്രതിഷേധിച്ചു വഴിയോര കച്ചവട തൊഴിലാളി യൂണിയന്റെ (സിഐടിയു) നേതൃത്വത്തിൽ സ്ത്രീകൾ അടക്കമുള്ള വ്യാപാരികൾ സംസ്ഥാന പാതയിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഏകാധിപത്യരീതിയിലുള്ള നടപടിയാണു അധികൃതരുടേതെന്നും പകരം സംവിധാനം കാണാതെ സ്‌റ്റാളുകൾ നീക്കിയ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു.

അസി. കലക്ടർ വി.എം.ആര്യ, തിരൂർ സബ് കലക്ടർ ദിലീപ് കൈനിക്കര, ഡപ്യൂട്ടി തഹസിൽദാർ വി.പി.സുരേഷ്ബാബു, എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് കെ.ടി.ഹക്കീം, ഒതുക്കുങ്ങൽ വില്ലേജ് ഓഫിസർ ജുനൈദ് കിളിയമണ്ണിൽ, പഞ്ചായത്ത് സെക്രട്ടറി വി.ആർ.ബിന്ദു, പഞ്ചായത്ത് പ്രസിഡന്റ് കടമ്പോട്ട് മൂസ, സ്ഥിരസമിതി അധ്യക്ഷർ, അംഗങ്ങൾ, ആരോഗ്യവകുപ്പ് ജീവനക്കാർ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു. മലപ്പുറം ഡിവൈഎസ്പി ടി.എസ്.സനോജ്, സ്‌റ്റേഷൻ ഇൻസ്പെക്ടർ പി.വിഷ്ണു, കോട്ടയ്ക്കൽ സ്റ്റേഷൻ ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂർ തുടങ്ങിയവരുടെ നേതൃത്വത്തിൽ കോട്ടയ്ക്കൽ, തിരൂർ, മലപ്പുറം, വളാഞ്ചേരി, വാഴക്കാട് എന്നിവിടങ്ങളിൽ നിന്നുള്ള നൂറോളം പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
– – – – – – – – –
കൃത്യമായ ആസൂത്രണത്തോടെയാണു റവന്യൂവകുപ്പ് “ബൈപാസ് ഓപ്പറേഷൻ” നടപ്പാക്കിയത്. വ്യാപാരികൾക്കു നേരത്തേ നോട്ടീസ് നൽകിയിരുന്നെങ്കിലും ഇത്ര പെട്ടെന്നു നടപടിയുണ്ടാകുമെന്നു ആരും കരുതിയില്ല. കലക്ടർ വി.ആർ.വിനോദിന്റെ നേതൃത്വത്തിലുള്ള റവന്യൂഅധികൃതർ പുലർച്ചെ 5 മണിക്കു തന്നെ കലക്ടറേറ്റിൽ ഇതുസംബന്ധിച്ചു യോഗം ചേർന്നു. അഞ്ചരയോടെ ബൈപാസിലെത്തിയ സംഘം ഒരു മണിക്കൂറിനകം നടപടികൾ പൂർത്തിയാക്കി.

സ്റ്റാളുകൾ പൊളിച്ചുനീക്കിയ ശേഷമാണു വ്യാപാരികളും നാട്ടുകാരും മറ്റും വിവരമറിയുന്നത്. മലപ്പുറം ഡിവൈഎസ്പി ടി.എസ്.സനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പുത്തൂരിലും കാവതികളത്തുമുള്ള, ബൈപാസിന്റെ പ്രവേശനകവാടങ്ങൾ അടച്ചു വാഹനങ്ങൾ വഴി തിരിച്ചുവിട്ടു. വ്യാപാരികളുടെ പ്രതിഷേധം മുന്നിൽകണ്ടു ആസൂത്രണം ചെയ്ത പദ്ധതി കൃത്യമായവിധത്തിൽ നടപ്പാക്കാൻ കഴിഞ്ഞതാണു റവന്യൂഅധികൃതരുടെ വിജയം.

ഒതുക്കുങ്ങൽ പഞ്ചായത്ത് പരിധിയിലുള്ള ഷെഡ്ഡുകളാണു നീക്കിയത്. നഗരസഭയിൽ വരുന്ന വ്യാപാരസ്ഥാപനങ്ങൾ പൊളിക്കുന്നതിനു മുന്നോടിയായി കച്ചവടക്കാർക്കു ഉടൻ നോട്ടീസ് നൽകണമെന്നു ജില്ലാ കലക്ടർ നഗരസഭാധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
11 വർഷം മുൻപാണ് ചുള്ളിയൻ ശുദ്ധജല പദ്ധതി ആരംഭിച്ചത്. തുടക്കത്തിൽ നല്ലരീതിയിൽ നടന്നെങ്കിലും 7 വർഷം മുൻപ് കിണറ്റിൽ മാലിന്യം കലരാൻ തുടങ്ങിയതോടെ ഉപയോഗശൂന്യമായി. കിണറിലെ മലിനജലവുമായി നാട്ടുകാർ പലതവണ ഒതുക്കുങ്ങൽ പഞ്ചായത്ത് ഓഫിസിലെത്തി പ്രതിഷേധിച്ചു.

പഞ്ചായത്തധികൃതർ പലപ്പോഴായി വ്യാപാരികൾക്കു നോട്ടീസ് നൽകിയെങ്കിലും ഫലമുണ്ടായില്ല. ഗ്രാമസഭകളിലും പഞ്ചായത്ത് ഭരണസമിതി യോഗങ്ങളിലും വിഷയം ഒട്ടേറെ തവണ ചർച്ചയായിരുന്നു. മനുഷ്യാവകാശ കമ്മിഷൻ പ്രശ്നത്തിൽ ഇടപെട്ടതോടെയാണു പഞ്ചായത്തധികൃതർ റവന്യൂവകുപ്പിന്റെ സഹായം തേടിയത്.
– – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments