Wednesday, November 13, 2024
Homeകേരളംപന്തളത്ത് രുചിവൈവിധ്യങ്ങളുമായി കുടുംബശ്രീ പ്രീമിയം കഫേ റസ്റ്റോറന്റ്

പന്തളത്ത് രുചിവൈവിധ്യങ്ങളുമായി കുടുംബശ്രീ പ്രീമിയം കഫേ റസ്റ്റോറന്റ്

കൈപ്പുണ്യത്തിന്റെ മികവില്‍ രുചിയുടെ ലോകത്ത് വേറിട്ട മാതൃക സൃഷ്ടിച്ച കുടുംബശ്രീ പ്രീമിയം കഫേ ഇനി പന്തളത്തും. എം.സി റോഡില്‍ പന്തളം ശ്രീധര്‍മശാസ്താ ക്ഷേത്രത്തിന് സമീപം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ അനിമിറ്റി സെന്ററിലാണ് പുതിയ പ്രീമിയം കഫേയുടെ പ്രവര്‍ത്തനം.

സംസ്ഥാനമൊട്ടാകെ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പ്രീമിയം കഫേ ശൃംഖലയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ എറണാകുളം അങ്കമാലി, തൃശൂര്‍ ജില്ലയില്‍ ഗുരുവായൂര്‍, വയനാട് ജില്ലയില്‍ മേപ്പാടി എന്നിവിടങ്ങളില്‍ ആരംഭിച്ചിരുന്നു. രണ്ടാം ഘട്ടമാണ് ഇപ്പോള്‍ പന്തളത്ത് ആരംഭിച്ചത്. സംരംഭകര്‍ക്ക് വരുമാനവര്‍ദ്ധനവ് നേടുന്നതിനൊപ്പം വനിതകളുടെ നേതൃത്വത്തില്‍ കേരളമൊട്ടാകെ ഉന്നത ഗുണനിലവാരം പുലര്‍ത്തുന്ന ഭക്ഷ്യശൃംഖല രൂപീകരിക്കുകയാണ് ലക്ഷ്യം. തദ്ദേശ സ്വയംഭരണ എക്‌സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം. ബി രാജേഷ് പ്രീമിയം കഫേയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

കാന്റീന്‍ കാറ്ററിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംരംഭകര്‍ക്ക് സുസ്ഥിര വരുമാന ലഭ്യത ഉറപ്പു വരുത്തുന്നതിനൊപ്പം തൊഴില്‍രംഗത്ത് ഉയര്‍ന്ന തലത്തില്‍ എത്തിക്കുകയുമാണ് പ്രീമിയം കഫേകള്‍ വഴി ലക്ഷ്യമിടുന്നതെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീയുടെ സവിശേഷതകളില്‍ ഏറ്റവും പ്രധാനമാണ് കൈപ്പുണ്യം. ഇതിന് കേരളമൊട്ടാകെ വലിയ സ്വീകാര്യതയുണ്ട്. ഇതിനു മുമ്പ് ആരംഭിച്ച പ്രീമിയം കഫേ റെസ്റ്റൊറന്റുകള്‍ എല്ലാം വന്‍വിജയമാണെന്നും മന്ത്രി പറഞ്ഞു.

ഉന്നതനിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രീമിയം കഫേ കുടുംബശ്രീ സംരംഭകര്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുമെന്ന് ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. പ്രീമിയം കഫേ റസ്റ്റൊറന്റുകള്‍ വഴി രുചികരമായ ഭക്ഷണം ലഭ്യമാക്കുന്നത് യാത്രികര്‍ക്ക് ഏറെ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.

മികച്ച പരിശീലനം ലഭിച്ച 17 വനിതകളുടെ നേതൃത്വത്തില്‍ രാവിലെ മുതല്‍ രാത്രി പതിനൊന്ന് വരെയാണ് കഫേയുടെ പ്രവര്‍ത്തനം. പാചക വൈവിധ്യം, അടിസ്ഥാന സൗകര്യങ്ങള്‍, ഭക്ഷണവിതരണം, പാഴ്‌സല്‍ സര്‍വീസ്, കാറ്ററിങ്ങ്, ഓണ്‍ലൈന്‍ സേവനങ്ങള്‍, ശുചിത്വം, മികച്ച മാലിന്യസംസ്‌ക്കരണ ഉപാധികള്‍ എന്നിവയിലടക്കം ഏറ്റവും മികച്ച ആധുനിക സൗകര്യങ്ങള്‍ ഇവിടെയുണ്ട്.

പൂര്‍ണമായും ശീതീകരിച്ച റസ്റ്റൊറന്റിനോട് ചേര്‍ന്ന് റിഫ്രഷ്‌മെന്റ് ഹാള്‍, മീറ്റിങ്ങ് നടത്താനുള്ള ഹാള്‍, കുടുംബശ്രീ ഉല്‍പന്നങ്ങളുടെ കിയോസ്‌ക് ജ്യൂസ് കൗണ്ടര്‍, ഡോര്‍മിറ്ററി സംവിധാനം, റൂമുകള്‍, ശുചിമുറികള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. മണ്ഡല കാലത്ത് അയ്യപ്പഭക്തന്‍മാര്‍ക്ക് ഡോര്‍മിറ്ററി സൗകര്യവും ഉണ്ടാകും. കൂടാതെ വിരുന്ന് സല്‍ക്കാരങ്ങള്‍, യോഗങ്ങള്‍, പരിശീലനങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നതിനായി പ്രത്യേക ഹാളും ഇതോടൊപ്പമുണ്ട്. പാര്‍ക്കിങ്ങിനും സൗകര്യമുണ്ട്. ഗുണമേന്‍മയുള്ള ചെടികളും ഫലവൃക്ഷത്തൈകളും ലഭ്യമാകുന്ന നഴ്‌സറിയും ഇതോടൊപ്പം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

സംരംഭങ്ങളുടെ ആധുനികവത്ക്കരണവും സുസ്ഥിരതയും ലക്ഷ്യമിട്ടുകൊണ്ട് ഈ വര്‍ഷം ജനുവരിയിലാണ് പ്രീമിയം കഫേ റെസ്റ്റോറന്റുകള്‍ക്ക് തുടക്കമിട്ടത്. ഇതിനു മുമ്പ് തുടങ്ങിയ മൂന്നു പ്രീമിയം കഫേകള്‍ വഴി വരുമാന ഇനത്തില്‍ ഇതുവരെ നേടിയത് 2.20 കോടി രൂപയാണ്. 22 സംരംഭകര്‍ ഉള്‍പ്പെടെ 48 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നു.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ ജിജി മാത്യു അധ്യക്ഷനായി. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ എ.എസ് ശ്രീകാന്ത് സ്വാഗതവും കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ബിന്ദുരേഖ നന്ദിയും പറഞ്ഞു.

ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍.അജയകുമാര്‍, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, പന്തളം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍,ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് അംഗങ്ങളായ മാത്യു കോശി, ടി.മുരുകേഷ്, മനോജ് മാധവശേരില്‍, എം.ശശികുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ സുബൈര്‍കുട്ടി, സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍, കേരള ബാങ്ക് ജനറല്‍ മാനേജര്‍ ഷാജു ജോര്‍ജ്, കുളനട സി.ഡി.എസ് അധ്യക്ഷ അയിനി സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments