രണ്ടു പതിറ്റാണ്ട് പിന്നിട്ട സിനിമാ കരിയറിൽ, സർവവും സമർപ്പിച്ചഭിനയിച്ച ആടുജീവിതത്തിലെ കഥാപാത്രത്തിന്, എന്തുകൊണ്ടും പൃഥ്വിരാജ് എന്ന അഭിനേതാവ് അർഹിക്കുന്ന പുരസ്കാരമാണ് മികച്ച നടനുള്ള സംസ്ഥാന അംഗീകാരം.
രൂപവും സൗന്ദര്യവും മാറിമറിയും എന്ന വെല്ലുവിളിക്ക് പുറമേ, ആരോഗ്യവും ജീവനും പണയം വച്ച് മരുഭൂമിയുടെ മണൽക്കാറ്റിലും ചൂടിലും ഉരുകിത്തീർന്ന നാളുകളാണ് ‘ആടുജീവിതത്തിൽ’ പ്രേക്ഷകർ കണ്ട നജീബ്. ഇത്രയും കണ്ട പുരസ്‌കാര നിർണായ കമ്മറ്റിക്ക് പോലും ജീവിതത്തിന്റെ പരീക്ഷണ ഘട്ടങ്ങളിൽ പെട്ടുപോയ ഒരു മനുഷ്യന്റെ അതിജീവന ത്വരയേയും നിസ്സഹായതയേയും അതിനു ശേഷമുള്ള ശരീരഭാഷയെയും തന്മയത്വത്തോടെ അവതരിപ്പിച്ച പ്രകടന മികവിനെ’ അംഗീകരിക്കാതിരിക്കാൻ സാധിച്ചില്ല.
ജോലി തേടി ഗൾഫിലെത്തിയ ഷുക്കൂർ എന്ന മലയാളി യുവാവിന് മരുഭൂമിയുടെ ചതിയിൽ അനുഭവിക്കേണ്ടി വന്ന നരകയാതനകൾ കോറിയിട്ട ബെന്യാമിന്റെ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ‘ആടുജീവിതം’. ബ്ലെസി സംവിധാനം ചെയ്ത സിനിമ റിലീസ് ആവും വരെ ജീവിതത്തിലെ കഥാനായകനും നജീബ് എന്ന പേരിന്റെ ഉടമയെന്നു മലയാളികൾ വിശ്വസിച്ചു പോയിരുന്നു.
ബ്ലെസി കണ്ട 16 വർഷങ്ങളുടെ സ്വപ്നം പൃഥ്വിരാജിലൂടെ ചലച്ചിത്രാവിഷ്കാരമായപ്പോൾ തിയേറ്ററിന്റെ തണുപ്പിൽ പോലും കൊടുംചൂടിലെന്ന പോലെ വെള്ളത്തിന്റെ വില തിരിച്ചറിഞ്ഞ് തൊണ്ട വരണ്ടവരാണ് മലയാളി പ്രേക്ഷകർ.
മുൻപ് രണ്ടു തവണ ചലച്ചിത്ര പുരസ്‌കാരങ്ങൾ തേടിയെത്തിയപ്പോഴും പ്രായത്തേക്കാൾ പക്വത ആവശ്യമായ കഥാപാത്രങ്ങളാണ് പൃഥ്വിരാജിനെ അവാർഡിനർഹനാക്കിയത്. എന്നാൽ ആടുജീവിതത്തിനായി, വർണാഭമായ ജീവിതം സ്വപ്നം കണ്ട് കാത്തിരുന്ന ഒരു ചെറുപ്പക്കാരനിലേക്ക് പ്രവേശിക്കേണ്ടിയിരുന്നു പക്വമതിയായ പൃഥ്വിരാജ്.
കാലവും, കാതവും, ദിനരാത്രങ്ങളും മറന്ന് കഴിഞ്ഞു കൂടിയ മണലാരണ്യത്തിലെ രണ്ടുവർഷങ്ങളിലേക്ക് കടന്നു ചെല്ലേണ്ടിയിരുന്നു.2012ൽ ‘അയാളും ഞാനും തമ്മിൽ’, ‘സെല്ലുലോയ്ഡ്’ സിനിമകൾക്കായിരുന്നു രണ്ടാമത് തവണ പൃഥ്വിരാജ് മികച്ച നടനുള്ള സംസ്ഥാന അംഗീകാരം സ്വന്തമാക്കിയത്. ഇതിൽ ‘അയാളും ഞാനും തമ്മിൽ’ എന്ന സിനിമയിലെ ഡോ. രവി തരകൻ 2010കളിലെ കൾട്ട് കഥാപാത്രങ്ങളിൽ ഒന്നായി മലയാളി നെഞ്ചേറ്റി.
മമ്മൂട്ടിയും മോഹൻലാലും അവാർഡുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ ഒപ്പത്തിനൊപ്പമാണ്. ‘അഹിംസ’യിൽ മികച്ച രണ്ടാമത്തെ നടനുള്ള നേട്ടം കിട്ടിയതില്പിന്നെയാണ് മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരങ്ങൾ വാരിക്കൂട്ടാൻ ആരംഭിച്ചത്. അടിയൊഴുക്കുകൾക്ക് പിന്നാലെ, ഒരു വടക്കൻ വീരഗാഥ, മൃഗയ, മഹായാനം (1989); വിധേയൻ, പൊന്തന്മാട, വാത്സല്യം (1993), കാഴ്ച (2004), പാലേരി മാണിക്യം (2009), നന്പകൽ നേരത്ത് മയക്കം (2022) സിനിമകൾക്കാണ് മമ്മൂട്ടി പുരസ്കാരം നേടിയത്. ഇതിനു പുറമേ, 1985ൽ യാത്ര, നിറക്കൂട്ട് സിനിമകൾക്ക് സ്‌പെഷൽ ജൂറി പുരസ്കാരവും ലഭിച്ചു മമ്മൂട്ടിക്കൊപ്പം, ആറ് പ്രാവശ്യം മികച്ച നടനുള്ള സംസ്ഥാന അംഗീകാരത്തിന് അർഹനായ ചരിത്രമുണ്ട്
മോഹൻലാലിന്. ഇതിനു പുറമേ, 1988ൽ പാദമുദ്ര, ചിത്രം, ഉത്സവപ്പിറ്റേന്ന്, ആര്യൻ, വെള്ളാനകളുടെ നാട് സിനിമകൾക്ക് സ്‌പെഷൽ ജൂറി പുരസ്കാരമെത്തി. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള നിർമാതാവിന്റെ റോളിൽ 1991ൽ ഭരതം സിനിമക്കും, 1995ൽ കാലാപാനിക്കും മോഹൻലാൽ പുരസ്കാരജേതാവായിരുന്നു.