Friday, December 27, 2024
Homeകേരളംപ്രവാസി വ്യവസായിയുടെ കൊലപാതകത്തിൽ യുവതി അടക്കം 4 പേർ അറസ്റ്റിൽ

പ്രവാസി വ്യവസായിയുടെ കൊലപാതകത്തിൽ യുവതി അടക്കം 4 പേർ അറസ്റ്റിൽ

കാസർഗോഡ്: പൂച്ചക്കാട്ട് പ്രവാസി വ്യവസായി അബ്ദുൽ ഗഫൂറിന്റെ മരണം കൊലപാതകം എന്ന് തെളിഞ്ഞു. സംഭവത്തിൽ മന്ത്രവാദിനിയായ യുവതി ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വർണ്ണം ഇരട്ടിയായി നൽകാമെന്ന് പറഞ്ഞാണ് അബ്ദുൽ ഗഫൂറിന്റെ വീട്ടിൽ വച്ച് മന്ത്രവാദം നടത്തിയത്. 596 പവൻ സ്വർണമാണ് മന്ത്രവാദത്തിനായി ഉപയോഗിച്ചത്. ഈ സ്വർണം തിരികെ നൽകേണ്ടി വരും എന്ന് കരുതിയായിരുന്നു കൊലപാതകം.

സംഭവത്തിൽ കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ ഭർത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്നിഫ, മധൂർ സ്വദേശി ആയിഷ എന്നിവരെ പോലീസ് പിടികൂടി.ഷാർജയിലെ സൂപ്പർമാർക്കറ്റ് ഉടമയായിരുന്നു അബ്ദുൽ ഗഫൂർ. 2023 ഏപ്രിൽ 14നാണ് പൂച്ചക്കാട് ഫാറൂഖിയ മസ്ജിദിനടുത്തെ ബൈത്തുൽ റഹ്‌മയിലെ എം സി അബ്ദുൽ ഗഫൂറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മരണസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ അബ്ദുൽ ഗഫൂറിന്റെ മരണം പ്രാരംഭത്തിൽ സ്വാഭാവിക മരണമാണെന്ന് ഭാര്യയും മക്കളും ബന്ധുക്കളും കരുതി മൃതദേഹം സംസ്കരിക്കുകയും ചെയ്തു.

എന്നാൽ പിന്നീടാണ് വീട്ടിൽനിന്നും 596 പവൻ സ്വർണം നഷ്ടമായിയെന്ന കാര്യം ബന്ധുക്കൾ മനസ്സിലാക്കിയത്. ഇതോടെയാണ് പ്രവാസിയുടെ മരണത്തിൽ സംശയം ഉണ്ടായത്. അബ്ദുൽ ഗഫൂറിന്റെ മകൻ അഹമ്മദ് മുസമ്മിൽ ബേക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments