അമ്മ കഥാപാത്രങ്ങളിലൂടെ മലയാളി സിനിമാപ്രേക്ഷകർക്ക് സുപരിചിതയായ നടി മീനാ ഗണേഷ് (82) അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രി ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. നാടക രംഗത്ത് നിന്നുമാണ് സിനിമയിലേയ്ക്ക് താരം അരങ്ങേറ്റം കുറിക്കുന്നത്.
സിനിമയിലെ അഭിനയ മികവിൻ്റെ അടിസ്ഥാനത്തിൽ മികച്ച സ്വഭാവ നടിയ്ക്കുള്ള അംഗീകാരം നൽകി നടിയെ ആദരിച്ചിട്ടുണ്ട്.നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള മീനാ ഗണേശ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വാൽക്കണ്ണാടി, നന്ദനം, മീശമാധവൻ, പുനരധിവാസം തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
1976 ൽ റിലീസായ മണിമുഴക്കം എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്തുകൊണ്ട് സിനിമയിലെത്തിയെങ്കിലും 1991ലെ മുഖചിത്രം എന്ന ചിത്രത്തിൽ പാത്തുമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് താരം സിനിമയിൽ സജീവമായത്. 1942 ൽ പാലക്കാട് കല്ലേക്കുളങ്ങരയിൽ ജനിച്ചു. തമിഴ് സിനിമകളിൽ അഭിനയിച്ചിരുന്ന നടൻ കെ പി കേശവന്റെ മകളാണ്. സ്കൂൾ പഠനകാലത്ത് കൊപ്പം ബ്രദേഴ്സ് ആർട്ട്സ് ക്ലബ്ബിലൂടെയാണ് മീന ആദ്യമായി നാടകരംഗത്തെത്തുന്നത്. തുടർന്ന് നാടകത്തിൽ സജീവമായി. കോയമ്പത്തൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലെ മലയാളി സമാജങ്ങളിലടക്കം അഭിനയിക്കുകയും ചെയ്തു.
1971 ൽ പ്രശസ്ത നാടകരചയിതാവും സംവിധായകനും നടനുമായ എ എൻ ഗണേഷിനെ വിവാഹം ചെയ്യുകയും വിവാഹശേഷം മീനയും ഗണേഷും ചേർന്ന് പൗർണ്ണമി കലാമന്ദിർ എന്ന പേരിൽ ഷൊർണ്ണൂരിൽ ഒരു നാടക സമിതി തുടങ്ങുകയും ചെയ്തു. പക്ഷേ, സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് മൂന്നു വർഷത്തിനുള്ളിൽ ഈ ട്രൂപ്പ് പരിച്ചുവിട്ടു. വീണ്ടും മറ്റ് സമിതികളുടെ നാടകങ്ങളിൽ പ്രവർത്തിക്കാൻ തുടങ്ങി. കെപിഎസി, എസ്എൽപുരം സൂര്യസോമ, ചങ്ങനാശേരി ഗീഥ, കോട്ടയം നാഷണൽ തീയേറ്റേഴ്സ്, അങ്കമാലി പൗർണമി, തൃശൂർ ഹിറ്റ്സ് ഇന്റർനാഷണൽ, കൊല്ലം ട്യൂണ, ചാലക്കുടി സാരഥി, തൃശൂർ യമുന, അങ്കമാലി പൂജ എന്നിങ്ങനെ നിരവധി സമിതികളുടെ നാടകങ്ങളിൽ മീന അഭിനയിച്ചിട്ടുണ്ട്.
പാഞ്ചജന്യം, ഫസഹ്, മയൂഖം, സിംഹാസനം, സ്വർണമയൂരം, ആയിരം നാവുള്ള മൗനം, രാഗം, കാലം, ഉമ്മിണിതങ്ക, പുന്നപ്ര വയലാർ, ഇന്ധനം, ഉഷപൂജ, ഒഥല്ലോ, സ്നേഹപൂർവം അമ്മ, നിശാഗന്ധി, പ്രളയം, കാറ്റ് മാറി വീശി, സർച്ച് ലൈറ്റ്, പാലം അപകടത്തിൽ, ഭരതക്ഷേത്രം, രാജസൂയം, നോക്കുകുത്തികൾ തുടങ്ങിയവയാണ് പ്രസിദ്ധമായ നാടകങ്ങൾ. ചാലക്കുടി സാരഥി തീയറ്റേഴ്സിനു വേണ്ടി നടൻ തിലകൻ സംവിധാനം ചെയ്ത ഫസഹ് എന്ന നാടകത്തിൽ മീന ഗണേഷ് ചെയ്ത ‘കുൽസുമ്പി’ എന്ന കഥാപാത്രം ഏറെ ജനപ്രീതി നേടിയിരുന്നു.
എറണാകുളം ദൃശ്യകലാഞ്ജലിക്കായി എ എൻ ഗണേഷ് എഴുതി സംവിധാനം ചെയ്ത ‘പാഞ്ചജന്യം’ എന്ന നാടകം തുടർച്ചയായി മൂന്നു വർഷം അവതരിപ്പിച്ചു. ഇതടക്കം അദ്ദേഹം എഴുതിയ 20 ലേറെ നാടകങ്ങളിൽ മീനയും ഗണേഷും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. സീരിയൽ സംവിധായകനായ മനോജ് ഗണേഷ്, സംഗീത എന്നിവരാണ് മക്കൾ.