Wednesday, November 27, 2024
Homeകേരളംപ്രഥമ 'അക്ഷരജ്യോതി' പുരസ്കാരം: താമരക്കുളം വി വി എച്ച് എസ് എസിന് ലഭിച്ചു

പ്രഥമ ‘അക്ഷരജ്യോതി’ പുരസ്കാരം: താമരക്കുളം വി വി എച്ച് എസ് എസിന് ലഭിച്ചു

കവയിത്രി സുഗതകുമാരി ടീച്ചറുടെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന ‘സുഗതവനം’ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ ‘അക്ഷരജ്യോതി’ പുരസ്കാരം ആലപ്പുഴ താമരക്കുളം വിജ്ഞാന വിലാസിനി ഹയർ സെക്കൻഡറി സ്കൂളിന് സമർപ്പിക്കും.

കഴിഞ്ഞകാലങ്ങളിലെ മാതൃക പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് നൽകാൻ ട്രസ്റ്റ് തീരുമാനിച്ചത്. വിദ്യാഭ്യാസ രംഗങ്ങളിലും, പരിസ്ഥിതി കാർഷിക മേഖലകളിലും, കഴിഞ്ഞ ഇരുപത്തിയാറ് വർഷങ്ങളായി കലാ കായിക ശാസ്ത്ര വിവര സാങ്കേതിക പ്രവർത്തി പരിചയ മേളകളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ അമൂല്യമായ നേട്ടങ്ങളും ഈ കലാലയത്തിന്റെ പ്രത്യേകതകളാണ്.

കഴിഞ്ഞ വർഷങ്ങളിൽ എസ് എസ് എൽസിക്കും പ്ലസ് ടു വിനും ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് ലഭിച്ച സ്‌കൂളെന്ന നേട്ടവും സ്‌കൂളിന് സ്വന്തമാണ്. കൂടാതെ ബെസ്റ്റ് പി ടി എ അവാർഡ്, വനമിത്ര അവാർഡ്, ജൈവ വൈവിദ്ധ്യ ബോർഡിന്റെ അവാർഡ്, ജില്ലാ ശുചിത്വമിഷൻ മാതൃക വിദ്യാലയം അവാർഡ് ഊർജ സംരക്ഷണ അവാർഡ് തുടങ്ങിയവ ഈ സ്കൂളിന്റെ എടുത്തു പറയേണ്ട നേട്ടങ്ങളാണ്.

ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രൈമറി അധ്യാപകർക്കുള്ള പ്രഥമ ‘ഗുരുജ്യോതി’ പുരസ്കാര വിതരണ വേദിയിൽ വെച്ച് സ്കൂളിനുള്ള ആദരവ് സമർപ്പിക്കും. പ്രശസ്തി പത്രവും ഫലകവും 10001 രൂപയുമാണ് സമ്മാനത്തുക.

ഡോ. ജിതേഷ്ജി, കെ വി രാമാനുജൻ തമ്പി, ഡോ. വൈ ജോയി, ശൂരനാട് രാധാകൃഷ്ണൻ തുടങ്ങിയവരുടെ പാനലാണ് അവാർഡുകൾ തീരുമാനിച്ചത്. ഒക്ടോബർ 25ന് വൈകിട്ട് മൂന്നിന് കൊല്ലം പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന അവാർഡ് വിതരണചടങ്ങ് സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡോ. പി കെ ഗോപൻ, വിദ്യാഭ്യാസ വിചക്ഷണൻ ഡോ. ജിതേഷ്‌ജി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ എൽ സുഗതൻ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments