കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ വിവിധ ഡാമുകളിൽ ജലനിരപ്പ് ഉയർന്നു. പെരിങ്ങൽകുത്ത് ഡാമിന്‍റെ രണ്ട് ഷട്ടറുകൾ തുറന്നു. പൊരിങ്ങൽക്കുത്ത് ഡാം ഇന്ന് രണ്ട് ഷട്ടർ ഒരു അടി വീതം തുറന്ന് 7.5 ക്യുമെക്സ് ജലം ഒഴുക്കി വിടുമെന്ന് ജില്ലാ ദുരന്ത പ്രതിരോധ വിഭാഗമാണ് അറിയിച്ചത്. മഡമൺ സ്റ്റേഷൻ, കല്ലൂപ്പാറ സ്റ്റേഷൻ എന്നിവിടങ്ങളിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പെരിങ്ങൽകുത്ത് ഡാമിന്‍റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഓറഞ്ച് അലർട്ട് ഉയർത്തി മൂന്നാംഘട്ട മുന്നറിയിപ്പായ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. മഴയുടെ തോതും ഒഴുകിയെത്തുന്ന വെള്ളത്തിന്‍റെ അളവും കൂടുന്നതിനാൽ ജലാശയ നിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. ജലം തുറന്നുവിടുമെന്നതിനാൽ ചാലക്കുടി പുഴയുടെ ഇരുകരകളിലുമുളളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു.
വിവിധ ഡാമുകളിൽ ജലനിരപ്പ് ഉയർന്നതിനാൽ ജല കമ്മീഷൻ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ മഡമൺ സ്റ്റേഷൻ (പമ്പ നദി), കല്ലൂപ്പാറ സ്റ്റേഷൻ (മണിമല നദി) എന്നിവിടങ്ങളിലാണ് ഇന്ന് ഓറഞ്ച് അലേർട്ടുള്ളത്.പത്തനംതിട്ട ജില്ലയിലെ തുമ്പമൺ സ്റ്റേഷൻ (അച്ചൻകോവിൽ നദി), കോട്ടയം ജില്ലയിലെ പുല്ലാക്കയർ സ്റ്റേഷൻ (മണിമല നദി), ഇടുക്കി ജില്ലയിലെ മണക്കാട് സ്റ്റേഷൻ (തൊടുപുഴ നദി) ഇന്ന് യെല്ലോ അലേർട്ട് കേന്ദ്ര ജല കമ്മീഷൻ (CWC) പ്രഖ്യാപിച്ചിരിയ്ക്കുന്നത്. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്.
സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നതിനിടെ വിവിധ ഇടങ്ങളിൽ കനത്ത നാശനഷ്ടം റിപ്പോർട്ട് ചെയ്തു. കൊല്ലം കുണ്ടറയിൽ മരങ്ങൾ കടപുഴകി വീണ് ഒട്ടേറെ വീടുകൾ തകർന്നു. നിരവധി വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് വൈദ്യുതി വിതരണം മണിക്കൂറോളം തടസപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.