കൊച്ചി:സഹപാഠിയുമായുള്ള പ്രണയബന്ധം അമ്മയോട് പറഞ്ഞു കൊടുത്തതിന്റെ വൈരാഗ്യത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ വ്യാജ പീഡന പരാതിയിൽ ബന്ധുക്കളായ യുവാക്കൾ ജയിലിൽ കഴിഞ്ഞത് 68 ദിവസങ്ങളാണ് . പരാതി വ്യാജമാണെന്ന് പെൺകുട്ടി തന്നെ നേരിട്ടെത്തി ഹൈക്കോടതിയിൽ പറഞ്ഞതോടെ യുവാക്കൾക്ക് ജാമ്യം അനുവദിച്ചു.
രക്തബന്ധത്തിലുള്ളവർക്ക് എതിരെ പ്രായപൂർത്തിയാകാത്ത കുട്ടികൾ നൽകുന്ന പീഡന പരാതികളിൽ അറസ്റ്റ് ഉൾപ്പെടെ നടപടികളിലേക്കു കടക്കും മുൻപു പൊലീസ് അതീവ ശ്രദ്ധയും ജാഗ്രതയും കാണിക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു. പോക്സോ നിയമത്തിന്റെ ദുരുപയോഗവും കള്ളപ്പരാതികളും കോടതി നടപടികളെ പ്രതിസന്ധിയിലാക്കുമെന്നും ഇക്കാര്യം പരിശോധിച്ച് സർക്കാർ മാർഗരേഖ ഉണ്ടാക്കണമെന്നും കോടതി പറഞ്ഞു.
ജയിയിൽ കഴിയേണ്ടി വന്ന 19 , 20 വയസുള്ള യുവാക്കൾക്ക് സർക്കാർ ചെലവിൽ കൗൺസിലിംഗ് നൽകാനും ജസ്റ്റിസ് സി എസ് ഡയസ് ഉത്തരവിട്ടു. എറണാകുളം ജില്ലയിലെ തടിയിട്ടപറമ്പ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പോസ്കോ ആക്ടിലെ വിവിധ വകുപ്പുകൾക്ക് പുറമേ ബലാത്സംഗത്തിനും കേസെടുത്തു.യുവാക്കളിൽ ഒരാൾ 2017 ൽ കുട്ടി ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ പീഡിപ്പിച്ചെന്നും മറ്റൊരാൾ കഴിഞ്ഞ വർഷം പീഡനത്തിനിരയാക്കിയെന്നുമായിരുന്നു കുട്ടിയുടെ പരാതി.
കഴിഞ്ഞ മെയ് 30 നാണ് യുവാക്കൾ അറസ്റ്റിലായത്. ഇരുവരുടെ ജാമ്യ ഹർജിയോടൊപ്പം പരാതി വ്യജമാണെന്ന് കുട്ടിയുടെ പിതാവും സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. പെൺകുട്ടി പരാതി നൽകിയത് പൊലീസ് വീട്ടിലെത്തിയപ്പോഴാണ് അറിഞ്ഞതെന്നും പിതാവ് പറഞ്ഞു.