പത്തനംതിട്ട : പൊതുജനങ്ങളുടെ പരാതികള്‍ക്ക് അടിയന്തരപരിഹാരം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തിന് ജില്ലയില്‍ തുടക്കം. പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ മന്ത്രിമാരായ പി. രാജീവ്, വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് പരാതികള്‍ സ്വീകരിച്ചുള്ള പരിഹാരനടപടികള്‍.
വ്യവസായ വകുപ്പ് മന്ത്രി പി. രാജീവാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കഴിഞ്ഞ തവണയും അദാലത്ത് വിജയമായി എന്ന് അദ്ദേഹം വ്യക്തമാക്കി. സംവിധാനങ്ങള്‍ക്ക് മാറ്റമുണ്ടാകുന്നതിന്റെ തെളിവാണ് പരാതികള്‍ കുറയുന്നത്. അദാലത്തുകളിലൂടെ വിപുലമായ പ്രശ്‌നപരിഹാരത്തിനാണ് അവസരം.
വേഗത്തില്‍ കാര്യങ്ങള്‍ തീര്‍പ്പാക്കുന്ന ജനസേവകരായ ഉദ്യോഗസ്ഥരാണ് വേണ്ടത്. തീരാസംശയമുള്ള മറ്റൊരുവിഭാഗം തീരുമാനങ്ങള്‍ വൈകുന്നതിനിടയാക്കുന്നു. സംശയത്തിന്റെ കണ്ണടമാറ്റി വിശ്വാസത്തിന്റെ കണ്ണടയാണ് അവര്‍ക്കുണ്ടാകേണ്ടത്. ജനപക്ഷത്ത് നിന്ന് ചിന്തിക്കാനാകുകയാണ് പ്രധാനം.
അദാലത്തിലെ തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കിയിരിക്കണം. ഉദ്യോഗസ്ഥര്‍ നിയമങ്ങളിലെ കാലിക മാറ്റങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുമുണ്ട്. ഫയലില്‍ നടപടി സ്വീകരിക്കാത്തതും അഴിമതിയാണന്ന് തിരിച്ചറിയണം. ബോധപൂര്‍വം താമസിപ്പിച്ചാല്‍ നടപടിയെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
അധ്യക്ഷയായ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നല്ല ശതമാനം പരാതികള്‍ക്കും അദാലത്തിലൂടെ പരിഹാരം കാണാനാകുന്നുവെന്ന് പറഞ്ഞു. കഴിഞ്ഞ അദാലത്തിന് പിന്നാലെ തുടര്‍യോഗങ്ങള്‍-പരിശോധനനടത്തി പരിഹാരനടപടികള്‍ വേഗത്തിലാക്കി. അദാലത്തിലെ തീരുമാനങ്ങള്‍ ചുവപ്പ് നാടയിലും കോടതി വരാന്തകളിലേക്കും നീളരുത് എന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങില്‍ 38 പേര്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ മന്ത്രിമാര്‍ കൈമാറി.
ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍, പത്തനംതിട്ട നഗരസഭ അധ്യക്ഷന്‍ റ്റി സക്കീര്‍ ഹുസൈന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജെ ഇന്ദിരാദേവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റോയി ഫിലിപ്പ്, ജോണ്‍സണ്‍ വിളവിനാല്‍, മിനി ജിജു ജോസഫ്, മറ്റു ജനപ്രതിനിധകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
രമണിക്ക് കൈത്താങ്ങായി മന്ത്രി പി. രാജീവിന്റെ ഉത്തരവ്
മരങ്ങളായിരുന്നു പത്തനംതിട്ട നഗരസഭ നന്നുവക്കാട് മുതുവരത്തില്‍ വീട്ടില്‍ എം കെ രമണിയുടെ ഉറക്കംകെടുത്തിയിരുന്നത്. വീടിന് മുകളിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മഹാഗണിയും പനയും വീഴാവുന്ന നിലയിലായത് ജീവഹാനിയെന്ന ഭയമാണ് ഉളവാക്കിയത്. ഭര്‍ത്താവ് മരിച്ചതോടെ വര്‍ഷങ്ങളായി ഒറ്റയ്ക്ക് കഴിയാന്‍ വിധിക്കപ്പെട്ടതോടെ ഭയാശങ്കകള്‍ക്ക് ആക്കംകൂടി. അയല്‍വാസിയോടുപറഞ്ഞിട്ടു കാര്യമില്ലന്നും മനസിലായി; മുട്ടിയ ഭരണതലവാതിലുകള്‍ തുറക്കുന്നില്ലെന്ന തിരിച്ചറിവും. അങ്ങനെയാണ് കോഴഞ്ചേരി താലൂക്ക് അദാലത്ത് എന്ന വഴിയിലേക്ക് എത്തിയത്. ആവലാതി കേട്ടറിഞ്ഞതോടെ തത്സമയം പരിഹാരം നിര്‍ദേശിക്കുകയായിരുന്നു വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. നഗരസഭ സെക്രട്ടറിയുടെ ചുമതലയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മരങ്ങള്‍ വെട്ടിമാറ്റി തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവ് നല്‍കിയത്.
വര്‍ഷങ്ങളായി അലട്ടിയിരുന്ന പരാതിയുമായാണ് പത്തനംതിട്ട നഗരസഭ നന്നുവക്കാട് മുതുവരത്തില്‍ വീട്ടില്‍ എം കെ രമണിയമ്മ കരുതലും കൈത്താങ്ങും കോഴഞ്ചേരി അദാലത്തില്‍ എത്തിയത്. ഭര്‍ത്താവ് മരിച്ചതോടെ വര്‍ഷങ്ങളായി അമ്മ തനിച്ചാണ് വീട്ടില്‍ താമസിക്കുന്നത്. മക്കള്‍ രണ്ടുപേരും ജോലി ആവശ്യവുമായി ദൂരെയാണ് ഉള്ളത്. അയല്‍വാസിയുടെ അതിരിലെ മഹാഗണി, പന വൃക്ഷങ്ങള്‍ അപകടാവസ്ഥയില്‍ പുരയിടത്തിലേക്ക് ചാഞ്ഞു നില്‍ക്കുന്നതാണ് ഉറക്കം കെടുത്തിരുന്നത്. പലതവണ അയല്‍വാസിയോട് ആവശ്യപ്പെട്ടെങ്കിലും മുറിച്ചുമാറ്റിയില്ല. പഞ്ചായത്തിലും ആര്‍ ഡി ഓ ഓഫീസിലും പരാതി നല്‍കി ശിഖരങ്ങള്‍ മുറിച്ചുമാറ്റിയെങ്കിലും ഇപ്പോള്‍ വീണ്ടും അവസ്ഥയിലാണ് മരങ്ങള്‍ നില്‍ക്കുന്നത്. അദാലത്തില്‍ വിഷയം പരിഗണിച്ച മന്ത്രി പി രാജീവ് നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മരങ്ങള്‍ വെട്ടിമാറ്റി തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി.
വെറുമൊരു കാര്‍ഡല്ല ; ഇതു പുതുജീവിതം
റേഷന്‍കാര്‍ഡ് എല്ലാവര്‍ക്കും ഒരുപോലെയെങ്കിലും മേലുകര ആലുച്ചേരിയില്‍ ലീലാമണിക്കും ബാലന്‍ പിള്ളയ്ക്കും ദുരിതങ്ങളില്‍നിന്ന് മോചനം സാധ്യമാക്കിയ കാര്‍ഡായാണ് അതുമാറിയത്. കരുതലും കൈത്താങ്ങുമായി മാറിയ അദാലത്തില്‍ മന്ത്രി വീണാ ജോര്‍ജില്‍ നിന്നുമാണ് മുന്‍ഗണനാ കാര്‍ഡ് ലീലാമണിക്ക് കിട്ടയത്. പട്ടിണിയോടും രോഗങ്ങളോടും പൊരുതിയുള്ള ജീവിതത്തിനുകൂടിയാണ് ഇനി മാറ്റമുണ്ടാകുക.
ശരീരംതളര്‍ന്നും മറ്റുരോഗപീഢകളാലും ഉഴറവെ മുന്നോക്കവിഭാകാര്‍ഡില്‍പെട്ടത് ചികിത്സാനുകൂല്യങ്ങള്‍ക്കുപോലും തടസമായി. പലനാള്‍ തുടര്‍ന്ന ശ്രമങ്ങള്‍ക്കൊടുവിലാണ് അദാലത്തെന്ന പ്രതീക്ഷ മുന്നിലെത്തിയത്. നിവേദനം പരിശോധിച്ച മന്ത്രി ഉടനടി തീരുമാനമെടുത്താണ് കാര്‍ഡ് അനുവദിച്ചത്.