Sunday, December 22, 2024
Homeകേരളംപത്തനംതിട്ട ലോക സഭാ തെരഞ്ഞടുപ്പ് : ഇന്നത്തെ പ്രധാന അറിയിപ്പുകള്‍ ( 12/04/2024 )

പത്തനംതിട്ട ലോക സഭാ തെരഞ്ഞടുപ്പ് : ഇന്നത്തെ പ്രധാന അറിയിപ്പുകള്‍ ( 12/04/2024 )

യുവ വോട്ടര്‍മാരില്‍ കൂടുതല്‍ പുരുഷന്‍മാര്‍…

ലോക്സഭാ തെരഞ്ഞടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ സ്ത്രീ വോട്ടര്‍മാരുടെ എണ്ണം കൂടുതലാണെങ്കിലും യുവ വോട്ടര്‍മാരില്‍ കൂടുതലും പുരുഷന്‍മാരാണ്. മണ്ഡലത്തില്‍ ആദ്യമായി വോട്ടവകാശം ലഭിച്ച 18,087 പേരില്‍ 9,254 പുരുഷന്‍മാരാണ്. സ്ത്രീകളുടെ എണ്ണം 8,833 മാത്രമാണ്. മണ്ഡലതലത്തില്‍ കോന്നിയിലും കാഞ്ഞിരിപ്പള്ളിയിലും മാത്രമാണ് സ്ത്രീ വോട്ടര്‍മാര്‍ കൂടുതല്‍. കോന്നിയില്‍ 1224 പുരുഷന്‍മാരും 1237 സ്ത്രീകളും, കാഞ്ഞിരപ്പള്ളിയില്‍ 1,250 പുരുഷന്‍മാരും 1,305 സ്ത്രീകളുമാണുള്ളത്.

മറ്റു മണ്ഡലങ്ങളായ അടൂര്‍, ആറന്മുള, തിരുവല്ല, റാന്നി, പൂഞ്ഞാര്‍ എന്നിവിടങ്ങളില്‍ പുരുഷന്‍മാര്‍ തന്നെയാണ് കൂടുതലും. അടൂരില്‍ 1614 പുരുഷന്‍മാരും 1491 സ്ത്രീകളും,ആറന്മുളയില്‍ 1330 പുരുഷന്‍മാരും 1267 സ്ത്രീകളും, തിരുവല്ലയില്‍ 1220 പുരുഷന്‍മാരും 1207 സ്ത്രീകളും, റാന്നിയില്‍ 1121 പുരുഷന്‍മാരും 966 സ്ത്രീകളും, പൂഞ്ഞാറില്‍ 1,495 പുരുഷന്‍മാരും 1,360 സ്ത്രീകളും ആണ് വോട്ട് രേഖപ്പെടുത്തുക.

ചെലവ് നിരീക്ഷകന്‍ കമലേഷ് കുമാര്‍ മീണാ ഐആര്‍എസിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ തെരഞ്ഞടുപ്പ് ചെലവുകളുടെ ആദ്യഘട്ട പരിശോധന നടത്തി.

ജില്ലയില്‍ 2,238 എന്‍.ആര്‍.ഐ വോട്ടര്‍മാര്‍

ജില്ലയില്‍ ഇക്കുറി 2,238 എന്‍.ആര്‍.ഐ. വോട്ടര്‍മാര്‍. എന്‍.ആര്‍.ഐ വോട്ടര്‍മാരില്‍ ബഹുഭൂരിപക്ഷവും പുരുഷന്‍മാരാണ്. 1,801 പുരുഷ വോട്ടര്‍മാരും 437 സ്ത്രീ വോട്ടര്‍മാരുമാണ് ഈ പട്ടികയിലുള്ളത്. ഏറ്റവും കൂടുതല്‍ എന്‍.ആര്‍.ഐ. വോട്ടര്‍മാര്‍ ആറന്മുളയിലും (726) കുറവ് അടൂരും (304) ആണ്. ആറന്മുളയില്‍ 562 പുരുഷ വോട്ടര്‍മാരും 164 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. അടൂരില്‍ 257 പുരുഷ വോട്ടര്‍മാരും 47 സ്ത്രീ വോട്ടര്‍മാരുമുണ്ട്. തിരുവല്ലയില്‍ 404 പുരുഷ വോട്ടര്‍മാരും 106 സ്ത്രീ വോട്ടര്‍മാരുമുള്‍പ്പെടെ 510 വോട്ടര്‍മാരുണ്ട്. റാന്നിയില്‍ 301 പുരുഷ വോട്ടര്‍മാരും 68 സ്ത്രീ വോട്ടര്‍മാരുമായി 369 വോട്ടര്‍മാര്‍ ഉള്ളപ്പോള്‍ കോന്നിയില്‍ 277 പുരുഷ വോട്ടര്‍മാരും 47 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്.

3869 സര്‍വീസ് വോട്ടര്‍മാര്‍

ജില്ലയില്‍ ഇത്തവണ 3869 സര്‍വീസ് വോട്ടര്‍മാര്‍ വോട്ടവകാശം വിനിയോഗിക്കും. 3694 പുരുഷ വോട്ടര്‍മാരും 175 സ്ത്രീ വോട്ടര്‍മാരുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. അടൂര്‍ മണ്ഡലത്തിലാണ് കൂടുതല്‍ സര്‍വീസ് വോട്ടര്‍മാര്‍ ഉള്ളത്. 1,268 പുരുഷ വോട്ടര്‍മാരും 52 സ്ത്രീ വോട്ടര്‍മാരുമായി ആകെ 1,320 സര്‍വീസ് വോട്ടുകള്‍ അടൂരില്‍ നിന്നാണ്. ആകെ 437 വോട്ടര്‍മാരുമായി റാന്നിയിലാണ് ഇക്കുറി സര്‍വീസ് വോട്ടുകള്‍ കുറവ് രേഖപ്പെടുത്തുക.  419 പുരുഷ വോട്ടര്‍മാരും 18 സ്ത്രീ വോട്ടര്‍മാരുമാണ് ഇവിടെയുള്ളത്. അടൂരിന് ശേഷം കൂടുതല്‍ സര്‍വീസ് വോട്ടര്‍മാര്‍ കോന്നിയിലാണ്. 667 പുരുഷ വോട്ടര്‍മാരും 35 സ്ത്രീ വോട്ടര്‍മാരുമായി ആകെ 969 വോട്ടര്‍മാര്‍. ആറന്മുളയില്‍ 667 പുരുഷ വോട്ടര്‍മാരും 34 സ്ത്രീ വോട്ടര്‍മാരുമായി ആകെ 701 വോട്ടര്‍മാരുമുള്ളപ്പോള്‍ തിരുവല്ലയില്‍ 442 വോട്ടര്‍മാരില്‍ 406 പുരുഷ വോട്ടര്‍മാരും 36 സ്ത്രീ വോട്ടര്‍മാരും ഇക്കുറി തങ്ങളുടെ വോട്ടുകള്‍ രേഖപെടുത്തും.

സര്‍വീസ് വോട്ടര്‍മാര്‍ക്ക് ഇ.ടി.പി.ബി.എസ് നല്‍കി.

സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിനായി ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട സൈനികര്‍ക്ക് ഇ.ടി.പി.ബി.എസ്. (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) നല്‍കി. ഏഴ് നിയമസഭാ മണ്ഡലത്തിലെ അര്‍ഹരായ 4256  പേര്‍ക്കാണ് ഇ.ടി.പി.ബി.എസ് നല്‍കിയത്. അവശ്യസേവനങ്ങള്‍ ചെയ്യുന്നവര്‍ക്ക് വോട്ടവകാശം ഉറപ്പാക്കാനാണ് ഈ സംവിധാനം. ഓരോ സര്‍വീസ് വോട്ടര്‍ക്കും തങ്ങളുടെ ബാലറ്റ് പ്രിന്റ് എടുത്ത് വോട്ട് ചെയ്ത ശേഷം കവറുകളിലാക്കി അയയ്ക്കാന്‍ സാധിക്കും. പോസ്റ്റല്‍ ബാലറ്റ് വൈകുക, നഷ്ടപ്പെടുക, കാലതാമസം എന്നിവ ഒഴിവാക്കാന്‍ ഇ.ടി.പി.ബി.എസിലൂടെ സാധിക്കും. ജില്ലയില്‍ ഇതിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ഇ.ടി.പി.ബി.എസ്. നെ കുറിച്ച് കൂടുതല്‍ അറിയാന്‍ tthps://www.eci.gov.in/etpsb എന്ന ലിങ്ക് സന്ദര്‍ശിക്കുക.

പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ വോട്ടിന് അപേക്ഷിക്കാം

പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് നിശ്ചിത സമയപരിധിക്കുള്ളില്‍ തപാല്‍ വോട്ടിന് അപേക്ഷിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ ഫോം 12ല്‍  തെരഞ്ഞെടുപ്പിന് ഏഴു ദിവസം മുന്‍പ് വരണാധികാരിക്ക് അപേക്ഷ സമര്‍പ്പിക്കണം. വോട്ടര്‍ പട്ടികയില്‍ പേരുള്ള മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് ഫോം 12 എ യില്‍ തെരഞ്ഞെടുപ്പിന് നാലു ദിവസം മുന്‍പുവരെ അപേക്ഷ സമര്‍പ്പിക്കാം. വരണാധികാരികള്‍ അപേക്ഷകന് ഫോം 12 ബി യില്‍ ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് നല്‍കും.

ബാലറ്റ് പേപ്പര്‍ സ്ഥാനാര്‍ഥി പട്ടികാ ക്രമീകരണം  മലയാളം അക്ഷരമാല ക്രമത്തില്‍

ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥികളുടെ സ്ഥാനം മലയാളം അക്ഷരമാല ക്രമത്തില്‍. സ്ഥാനാര്‍ഥികളുടെ പേര്, ചിത്രം, ചിഹ്നം  എന്നിവ വ്യക്തമായി ക്രമീകരിച്ചിരിക്കുന്നിനാല്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യേണ്ട സ്ഥാനാര്‍ത്ഥിയെ വേഗം കണ്ടെത്താന്‍ വോട്ടര്‍ക്ക് കഴിയും. മലയാളം അക്ഷരമാല ക്രമത്തിലാണ് ബാലറ്റില്‍ സ്ഥാനാര്‍ഥികളുടെ പേരുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ദേശീയ, സംസ്ഥാന പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളെയാണ് ബാലറ്റിലെ ആദ്യ വിഭാഗത്തില്‍ വരുക. രണ്ടാം വിഭാഗത്തില്‍ രജിസ്റ്റേഡ് പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളും മൂന്നാം വിഭാഗത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളും നാലാമതായി നോട്ടയും വരും. മൂന്ന് വിഭാഗങ്ങളിലും മലയാളം അക്ഷരമാല ക്രമത്തിലാണ് സ്ഥാനാര്‍ഥികളെ ക്രമീകരിച്ചിരിക്കുന്നത്. പേരിന്റെ ആദ്യത്തെ അക്ഷരമാണ് സ്ഥാനക്രമം നിശ്ചയിക്കുന്നതിന് പരിഗണിക്കുക. അവസാന കോളത്തിലാണ് നോട്ട ബട്ടണ്‍ ക്രമീകരിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ സ്വതന്ത്രര്‍ ഉള്‍പ്പടെ എട്ട് സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.

ബാലറ്റ് പേപ്പറില്‍ ഓരോ സ്ഥാനാര്‍ഥിയുടെയും വിശദാംശങ്ങള്‍:  സ്ഥാനാര്‍ഥികള്‍, പാര്‍ട്ടി, ലഭിച്ച ചിഹ്നം എന്നീ ക്രമത്തില്‍: അനില്‍ കെ ആന്റണി- ഭാരതീയ ജനതാ പാര്‍ട്ടി- താമര, ആന്റോ ആന്റണി- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- കൈ, – അഡ്വ. പി.കെ. ഗീതാ കൃഷ്ണന്‍- ബഹുജന്‍ സമാജ് പാര്‍ട്ടി- ആന, ടി എം തോമസ് ഐസക്ക്  കമ്മ്യൂസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാക്‌സിസ്റ്റ്)- ചുറ്റിക അരിവാള്‍ നക്ഷത്രം, ജോയി പി. മാത്യു-പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ (സെക്കുലര്‍)- മുന്തിരി, എം കെ ഹരികുമാര്‍- അംബേദ്ക്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ- കോട്ട്,  കെ സി തോമസ് സ്വതന്ത്രന്‍- ഓട്ടോറിക്ഷ, വി. അനൂപ് -സ്വതന്ത്രന്‍- ഡിഷ് ആന്റിന

ജില്ലയില്‍ ആകെ 1077 പോളിംഗ് ബൂത്തുകളാണുളളത്. ആകെ വോട്ടര്‍മാര്‍ 10,51,124. പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലെ 3,78,576 വോട്ടര്‍മാര്‍ ഉള്‍പ്പെടെ ആകെ മണ്ഡലത്തില്‍ 14,29,700 വോട്ടര്‍മാരുണ്ട്.

.വി.എം/ വി വി പാറ്റ്; രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ 16 ന്

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും ഇ.വി.എം/ വി വി പാറ്റ് രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍  16ന് രാവിലെ 10 മുതല്‍ കളക്റേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

മതചിഹ്നങ്ങളോടെയോ ആരാധനാലയങ്ങളുടെ പശ്ചാത്തലത്തിലോ
രാഷ്ട്രീയ പരസ്യങ്ങള്‍ പാടില്ല

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പത്ര ദൃശ്യ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്ന രാഷ്ട്രീയ പ്രചാരണ പരസ്യങ്ങളില്‍ ആരാധനാലയങ്ങള്‍, മതഗ്രന്ഥങ്ങള്‍, മതചിഹ്നങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് പ്രചാരണം നടത്തുന്നത് മാതൃക പെരുമാറ്റച്ചട്ട ലംഘനമായി കണക്കാക്കുമെന്ന് വരണാധികാരിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.

മാതൃക പെരുമാറ്റച്ചട്ടത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം സൈനികരുടെ ചിത്രം, സൈനികര്‍ പങ്കെടുക്കുന്ന പരിപാടികളുടെ ചിത്രം, മറ്റ് പാര്‍ട്ടികള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും എതിരായ തെളിയിക്കപ്പെടാത്ത ആരോപണങ്ങള്‍, സ്ഥാനാര്‍ഥിയുടെ പൊതുപ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത അവരുടെ സ്വകാര്യ ജീവിതത്തെ വിമര്‍ശിക്കല്‍, മറ്റ് രാജ്യങ്ങള്‍ക്ക് എതിരെയുള്ള വിമര്‍ശനം, മതങ്ങള്‍ക്കോ സമുദായങ്ങള്‍ക്കോ നേരെയുള്ള വിമര്‍ശനം, അശ്ലീലമോ അപകീര്‍ത്തികരമോ ആയ പരാമര്‍ശം, അക്രമത്തിനുള്ള പ്രേരണ നല്‍കല്‍, കോടതിയലക്ഷ്യം, രാഷ്ട്രപതി, നീതിന്യായ വ്യവസ്ഥ എന്നിവയുടെ വിശ്വാസ്യതയെ ചോദ്യചെയ്യുക, രാഷ്ട്രത്തിന്റെ ഐക്യം, പരമാധികാരം, അഖണ്ഡത എന്നിവയെ ബാധിക്കുന്ന വിമര്‍ശനങ്ങള്‍ എന്നിവയും ഒഴിവാക്കാന്‍ നിര്‍ദേശിക്കുന്നു. സ്വതന്ത്രവും നിക്ഷ്പക്ഷവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യങ്ങളില്‍ മാതൃക പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു.

എക്സൈസ് സ്പെഷല്‍ ഡ്രൈവ്: 170 കേസുകള്‍  

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ 170 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 133 അബ്കാരി കേസുകളും  37 എന്‍.ഡി.പി.എസ് കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. സ്പെഷ്യല്‍ ഡ്രൈവില്‍ 284.635 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 42 ലിറ്റര്‍ ചാരായം, 21.6 ലിറ്റര്‍ അരിഷ്ടം, 3180 ലിറ്റര്‍ വാഷ്, 1.428 കിലോ കഞ്ചാവ്, 2.780 കിലോ പുകയില ഉത്പന്നങ്ങള്‍, ഒരു വാഹനം എന്നിവ പിടികൂടി. കോട്പ പിഴ ഇനത്തില്‍ 36,800 രൂപ ഈടാക്കി. അബ്കാരി കേസുകളില്‍ 118 പ്രതികളെയും എന്‍.ഡി.പി.എസ് കേസുകളില്‍ 36 പ്രതികളെയും അറസ്റ്റ് ചെയ്തു.

വ്യാജവാറ്റ്, വ്യാജ മദ്യ വ്യാപനം, സ്പിരിറ്റ് കടത്ത്, ചാരായം നിര്‍മാണം, കള്ളിന്റെ വീര്യം-അളവ് വര്‍ധിപ്പിച്ച് മായം ചേര്‍ക്കല്‍ എന്നിവ തടയുന്നതിന് ഫെബ്രുവരി മുതല്‍ സ്പെഷ്യല്‍ എന്‍ഫോഴ്സ്‌മെന്റ് പരിശോധന ആരംഭിച്ചിരുന്നു. പച്ചക്കറി, മത്സ്യം എന്നിവ കയറ്റിവരുന്ന വാഹനങ്ങള്‍, ചരക്ക് ഇല്ലാതെ വരുന്ന വാണിജ്യ വാഹനങ്ങള്‍, ടാങ്കര്‍ ലോറി തുടങ്ങിയവ പ്രത്യേകം പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കോളനികള്‍ കേന്ദ്രീകരിച്ചും പരിശോധന ഊര്‍ജിതമാണ്. വ്യാജമദ്യം, ലഹരി മരുന്ന്, തുടങ്ങിയവയുടെ കള്ളക്കടത്ത് തടയാന്‍ വാഹന പരിശോധനയും കര്‍ശനമായി നടക്കുന്നു. 1904 വാഹനങ്ങള്‍ പരിശോധിച്ചു. സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി  ഡിവിഷന്‍ ഓഫീസില്‍  24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല എക്സൈസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. കണ്‍ട്രോള്‍ റൂം നമ്പര്‍ 04682222873

തെരഞ്ഞെടുപ്പ് ; ചെലവുകളുടെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ തെരഞ്ഞടുപ്പു ചെലവുകളുടെ ആദ്യഘട്ട പരിശോധന ചെലവ് നിരീക്ഷകന്‍ കമലേഷ് കുമാര്‍ മീണാ ഐആര്‍എസിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായി. സ്ഥാനാര്‍ഥികളും പ്രത്യേകം നിയോഗിക്കപ്പെട്ട ഏജന്റുമാരും നിശ്ചിത മാതൃകയില്‍ തയാറാക്കിയ വരവുചെലവു കണക്കുകള്‍, വൗച്ചറുകള്‍, ബില്ലുകള്‍, ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ എന്നിവ യോഗത്തില്‍ ഹാജരാക്കി.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ആദ്യഘട്ട പരിശോധനയില്‍ ഏഴു നിയമസഭാ മണ്ഡലങ്ങളിലെയും അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍മാര്‍ തയാറാക്കിയ ഷാഡോ ഒബ്സര്‍വേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ള കണക്കുകള്‍ സ്ഥാനാര്‍ഥികള്‍ തങ്ങളുടെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ള കണക്കുകളുമായി ഒത്തുനോക്കി. ഇവ രണ്ടും തമ്മില്‍ വത്യാസമുള്ള സാഹചര്യത്തില്‍ കണക്കുകള്‍ 48 മണിക്കൂറിനുള്ളില്‍ ടാലിയാക്കി നല്‍കണമെന്ന് ഒബ്സര്‍വര്‍ നിര്‍ദേശം നല്‍കി. ചെലവ് പരിശോധനയില്‍ പങ്കെടുക്കാത്ത സ്ഥാനാര്‍ഥികള്‍ക്ക് ചെലവ് നിരീക്ഷണ വിഭാഗം മോണിറ്ററിങ് സെല്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണമെന്നും ക്രിമിനല്‍ പശ്ചാത്തലം, കേസുകള്‍ തുടങ്ങിയവ ഏതെങ്കിലും സ്ഥാനാര്‍ഥിയുടെ പേരിലുണ്ടെങ്കില്‍ അവയെക്കുറിച്ച് അറിയിക്കണമെന്നും ഒബ്സര്‍വര്‍ നിര്‍ദേശിച്ചു. യോഗത്തില്‍ സ്ഥാനാര്‍ഥികള്‍, സ്ഥാനാര്‍ഥി പ്രതിനിധികള്‍,എ ആര്‍ ഒ മാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ തെരഞ്ഞടുപ്പ് ചെലവുകളുടെ ആദ്യഘട്ട പരിശോധനയില്‍ ഹാജരാകാതിരുന്ന ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ഥി അഡ്വ.പി.കെ.ഗീതാ കൃഷ്ണനും, സ്വതന്ത്ര സ്ഥാനാര്‍ഥി കെ.സി തോമസിനും ചെലവ് നിരീക്ഷണ വിഭാഗം മോണിറ്ററിങ് സെല്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

ക്രിമിനല്‍ പശ്ചാത്തലം, കേസുകള്‍ തുടങ്ങിയവ അറിയിക്കുന്ന ആദ്യ ഘട്ട പത്രപരസ്യം നല്‍കാത്തതിന് അംബേദ്ക്കറെറ്റ് പാര്‍ട്ടി സ്ഥാനാര്‍ഥി എം.കെ ഹരികുമാറിനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments