Tuesday, January 7, 2025
Homeകേരളംപത്തനംതിട്ട ജില്ലയില്‍ എലിപ്പനി രോഗബാധിതര്‍കൂടുന്നു : നിസാരമായി കാണരുത്

പത്തനംതിട്ട ജില്ലയില്‍ എലിപ്പനി രോഗബാധിതര്‍കൂടുന്നു : നിസാരമായി കാണരുത്

പത്തനംതിട്ട –മഴക്കാലത്ത് വീടിന്റെ പരിസരത്തും നടവഴികളിലും വെള്ളംകെട്ടി നില്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ മലിനജല സമ്പര്‍ക്കമുണ്ടാകുന്ന ആര്‍ക്കും എലിപ്പനി പിടിപെടാനുള്ള സാധ്യതയുണ്ട്. എലി ,പൂച്ച, നായ, കന്നുകാലികള്‍ എന്നിവയുടെ മൂത്രം കലര്‍ന്ന് മലിനമായ വെള്ളത്തിലും മണ്ണിലും എലിപ്പനി രോഗാണുക്കള്‍ ഉണ്ടാകാന്‍ ഇടയുണ്ട്.

മലിനമായ മണ്ണുമായും ജലവുമായും സമ്പര്‍ക്കത്തില്‍ വന്നാല്‍ കൈകാലുകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകണം. മണ്ണും വെള്ളവുമായി നിരന്തര സമ്പര്‍ക്കം വരുന്ന ജോലികള്‍ ചെയ്യുന്ന കര്‍ഷകര്‍, തൊഴിലുറപ്പ് ജോലികള്‍ ചെയ്യുന്നവര്‍, ശുചീകരണ തൊഴിലാളികള്‍, കെട്ടിട നിര്‍മ്മാണത്തൊഴിലാളികള്‍, റോഡ്‌ പണികള്‍ ചെയ്യുന്നവര്‍, ഹരിത കര്‍മസേന അംഗങ്ങള്‍ തുടങ്ങിയവരെല്ലാം ഉയര്‍ന്നരോഗ സാധ്യത ഉള്ളവരാണ്.

ഇവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം ആഴ്ചയില്‍ ഒരിക്കല്‍ എലിപ്പനി മുന്‍കരുതല്‍ മരുന്നായ ഡോക്സി സൈക്ലിന്‍ കഴിക്കേണ്ടതാണ്. ജോലി സമയത്ത് കാലുറകളും കയ്യുറകളും ധരിക്കാന്‍ ശ്രദ്ധിക്കണം. കൈകാലുകളില്‍ മുറിവുള്ളപ്പോള്‍ മലിനജല സമ്പര്‍ക്കമുണ്ടാകാതെ നോക്കണം. മലിനമായ മണ്ണിലും കളിസ്ഥലങ്ങളിലും റോഡിലും കെട്ടികിടക്കുന്ന വെള്ളത്തില്‍ കളിക്കുന്ന കുട്ടികളിലും രോഗബാധ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. കെട്ടികിടക്കുന്ന വെള്ളത്തില്‍ മീന്‍പിടിക്കാന്‍ ഇറങ്ങുന്നതും രോഗബാധയ്ക്ക് കാരണമാകും. ജില്ലയില്‍ ഇത്തരത്തിലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ കൂടുതല്‍ ശ്രദ്ധവേണം.

പനി, തലവേദന,പേശിവേദന, കഠിനമായക്ഷീണം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ എലിപ്പനി സംശയിക്കണം. ലക്ഷണങ്ങള്‍ അവഗണിക്കുകയോ സ്വയംചികിത്സക്ക് മുതിരുകയോ ചെയ്താല്‍ വളരെ പെട്ടെന്ന് എലിപ്പനി രോഗബാധ ഗുരുതരമാവുകയും വൃക്ക, കരള്‍ തുടങ്ങിയ ആന്തരികാവയവങ്ങളെ ബാധിച്ച് മരണകാരണമാവുകയും ചെയ്യും.

രോഗ സാധ്യതകൂടിയ ഇടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പനി വന്നാല്‍ ഉടന്‍ ചികിത്സ തേടുകയും ജോലി ചെയ്ത ഇടത്തെക്കുറിച്ച് ഡോക്ടറോട് പറയുകയും വേണം. എലിപ്പനി മുന്‍കരുതല്‍ മരുന്നായ ഡോക്സി സൈക്ലിന്‍ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments