പത്തനംതിട്ട ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. 10നാണ് തിരഞ്ഞെടുപ്പ്, വോട്ടെണ്ണല്‍ 11 നുമാണെന്ന് അറിയിച്ചു.
കോന്നി ബ്ലോക്ക്പഞ്ചായത്തിലെ ഇളകൊള്ളൂര്‍, പന്തളം ബ്ലോക്ക് പഞ്ചായത്തിലെ വല്ലന, നിരണം ഗ്രാമപഞ്ചായത്തിലെ കിഴക്കുംമുറി, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ഇരുമ്പുകുഴി, അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ പുളിഞ്ചാണി എന്നിവടങ്ങളില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വൈകിട്ട് ആറിന് ക്യൂവിലുള്ളവര്‍ക്കെല്ലാം സ്ലിപ്പ് നല്‍കി വോട്ട് രേഖപ്പെടുത്തുന്നതിന് അവസരം നല്‍കും.
തിരിച്ചറിയല്‍ രേഖകള്‍
തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡിനു പുറമേ പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എല്‍.സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍നിന്നും തിരഞ്ഞെടുപ്പ് തീയതിയ്ക്ക് ആറുമാസ കാലയളവിന് മുമ്പ് വരെ നല്‍കിയിട്ടുള്ള ഫോട്ടോപതിച്ച പാസ്ബുക്ക് എന്നിവയിലേതെങ്കിലും രേഖ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം.
നവംബര്‍ 13, 20 തീയതികളില്‍ പാലക്കാട്, ചേലക്കര നിയമസഭാമണ്ഡലങ്ങളിലും വയനാട് ലോക്സഭാമണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തില്‍ സമ്മതിദായകരുടെ ഇടതുകൈയ്യിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടുന്നതിനു പകരം ഇടതുകൈയ്യിലെ നടുവിരലിലാണ് മഷി പുരട്ടുക. വോട്ടെണ്ണല്‍ 11ന് രാവിലെ 10ന് നടക്കും.
മെഷീനുകള്‍ തയ്യാര്‍
ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 27 ബൂത്തുകളിലേക്കും നിയോഗിച്ച പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് കളക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, ഇലക്ഷന്‍ ഡെപ്യുട്ടി കലക്ടര്‍ ബീന എസ്. ഹനീഫ് എന്നിവരുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കി. ഇലക്ഷന്‍ വെയര്‍ ഹൗസില്‍ നിന്നും ഇവിഎം മെഷീനുകള്‍ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ്. ഹനീഫ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറി. അവ ( ഡിസംബര്‍ 7) കമ്മീഷന്‍ ചെയ്യും. വോട്ടെടുപ്പിന്റെ പരസ്യ പ്രചരണം നാളെ (ഡിസംബര്‍ 8) വൈകിട്ട് ആറിന് അവസാനിക്കും.
മദ്യനിരോധനം
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിയോജക മണ്ഡലങ്ങളുടെ പരിധിക്കുള്ളില്‍ ഡിസംബര്‍ എട്ടിന് വൈകുന്നേരം ആറു മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്ന 10ന് വൈകുന്നേരം ആറുവരെയും വോട്ടെണ്ണല്‍ ദിവസമായ ഡിസംബര്‍ 11നും സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി.
പ്രാദേശിക അവധി
പോളിംഗ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന ഇളകൊള്ളൂര്‍ സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂള്‍, തെങ്ങുംകാവ് ഗവ.എല്‍.പി.എസ്, പൂവന്‍പാറ 77-ാം നമ്പര്‍ അങ്കണവാടി, വെള്ളപ്പാറ അമൃത എല്‍.പി.എസ്, ഇളകൊള്ളൂര്‍ എം.സി.എം ഐ.റ്റി.സി, കോന്നി റിപ്പബ്ലിക്കന്‍ വി.എച്ച്.എസ്.എസ്, കോട്ട ഡി.വി.എല്‍.പി.എസ്, കളരിക്കോട് എം.റ്റി.എല്‍.പി.എസ്, ഇടയാറമുള വെസ്റ്റ് റ്റി.കെ.എം.ആര്‍.എം.വി.എച്ച്.എസ്, വല്ലന ശ്രീ കറുമ്പന്‍ ദൈവത്താന്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ എല്‍.പി.എസ്, എരുമക്കാട് സെന്റ് മേരീസ് എം.റ്റി. എല്‍.പി.എസ്, നിരണം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എഴുമറ്റൂര്‍ സര്‍ക്കാര്‍ എച്ച്.എസ്.എസ് എന്നീ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ ഒമ്പത്, 10 തീയതികളിലും നിയോജക മണ്ഡലങ്ങളുടെ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിവസമായ ഡിസംബര്‍ 10നും ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് ജോലിയിലുള്ളവര്‍ക്ക് അവധി ബാധകമല്ല.