Saturday, December 21, 2024
Homeകേരളംപത്തനംതിട്ട ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസ്സിനെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തു

പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസ്സിനെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസ്സിനെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. സുജിത് ദാസ് ഗുരുതരമായ ചട്ടലംഘനം നടത്തിയെന്ന് നേരത്തെ ഡിജിപി റിപ്പോർട്ട് നൽകിയിരുന്നു.

സുജിത് ദാസിനെതിരെ ഉയർന്ന ആരോപണങ്ങളെ കുറിച്ച് പ്രാഥമികമായി അന്വേഷിക്കാൻ ഡി ഐ ജി അജിത ബീഗത്തെയാണ് ചുമതലപ്പെടുത്തിയിരുന്നത്. അവർ നൽകിയ റിപ്പോർട്ടിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തി. അതിനെ തുടർന്നാണ് സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ഉത്തരവിട്ടത്.നിലമ്പൂർ എംഎൽഎ പിവി അൻവറുമായി സുജിത് ദാസ് നടത്തിയ ഫോൺ സംഭാഷണം പുറത്തു വന്നതിനു പിന്നാലെയാണ് സർക്കാർ അന്വേഷണത്തിലേക്കും നടപടിയിലേക്കും നീങ്ങിയത്.

തനിക്കെതിരെ നൽകിയ പരാതി പിൻവലിക്കണമെന്നും, അതിന് പ്രത്യുപകാരമായി താൻ സർവ്വീസിലുള്ള കാലത്തോളം വിധേയനായിരിക്കുമെന്നും സുജിത് ദാസ് തന്നോട് പറയുന്ന ഓഡിയോ ക്ലിപ്പ് അൻവർ തന്നെയാണ് പുറത്തു വിട്ടത്. പോലീസ് സേനയിലെ തന്റെ മേലുദ്യോഗസ്ഥരെക്കുറിച്ചും കീഴുദ്യോഗസ്ഥരെക്കുറിച്ചുമുള്ള തന്റെ അഭിപ്രായങ്ങൾ സുജിത് ദാസ് അൻവറുമായി പങ്കു വെച്ചിരുന്നു.

എഡിജിപി അജിത് കുമാറിന്റെ അടിമക്കണ്ണുകളാണ് പല ഉദ്യോഗസ്ഥരുമെന്നും അദ്ദേഹം നിലമ്പൂര്‍ എംഎൽഎയോട് പറയുകയുണ്ടായി. കൂടാതെ ഉദ്യോഗസ്ഥർ നടത്തുന്ന അഴിമതികളെക്കുറിച്ചും സുജിത് ദാസ് അൻവറിനോട് പറഞ്ഞിരുന്നു. ഇതെല്ലാം പുറത്തു വന്നതോടെ കേരളാ പോലീസ് വലിയ നാണക്കേടിലാണ് ചെന്നുപെട്ടത്.

ഓഡിയോ പുറത്തായതിനു പിന്നാലെ സുജിത് ദാസ് അവധിയിൽ പ്രവേശിച്ചിരുന്നു. അദ്ദേഹം അവധിയിൽ പോയത് തനിക്കെതിരെയുള്ള ആരോപണങ്ങളുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാനെന്ന ആരോപണം പിന്നാലെ അൻവർ ഉയർത്തി.

കരിപ്പൂർ‌ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ സുജിത് ദാസിന് പങ്കുണ്ടെന്ന ആരോപണങ്ങളും ഇതോടൊപ്പം ഇറങ്ങിയിട്ടുണ്ട്. ഈ ആരോപണം അൻവറും വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചിരുന്നു. സ്വർണം പൊട്ടിക്കുന്ന ഗ്രൂപ്പിൽ അംഗമാണ് സുജിത് ദാസെന്നാണ് ആരോപണം ഉയർന്നത്.പിവി അൻവർ ലക്ഷ്യം വെച്ച എഡിജിപി എംആർ അജിത് കുമാറിനെതിരെ ഇപ്പോഴും നടപടികളൊന്നും ആയിട്ടില്ല.

സർക്കാർ അജിത് കുമാറിനെ സംരക്ഷിക്കുന്നു എന്ന ആരോപണം നിലനിൽക്കെയാണ് സുജിത് ദാസിനെതിരെ നടപടി വരുന്നത്. അജിത് കുമാറിന് സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന തരത്തിലായിരുന്നു പിവി അൻവറിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണങ്ങൾ. അജിത് കുമാറിനെതിരെ അന്വേഷണം നടത്താൻ അദ്ദേഹത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരെ നിയോഗിച്ചത് വിവാദമായിരുന്നു.

അന്തസ്സുള്ള മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്നും, അങ്ങനെയൊരു ഭരണത്തിന്റെ കീഴിൽ ഹെഡ്മാസ്റ്റർക്കെതിരെയുള്ള ആരോപണം പ്യൂൺ അന്വേഷിക്കുന്ന സ്ഥിതി വരില്ലെന്ന് അൻവർ മാധ്യമങ്ങളോട് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments