ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇടാന്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. അക്രെഡിറ്റേഷന്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്കക്ക് കത്ത് നല്‍കി. മരണവീടുകളില്‍ പോലും മര്യാദകള്‍ പാലിക്കുന്നില്ലെന്ന് വിമര്‍ശനം.ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പെരുമാറ്റം അതിരുവിടുന്നുവെന്ന വിലയിരുത്തലിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അക്രെഡിറ്റേഷന്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്. നിര്‍ദിഷ്ട ഫോമില്‍ കമ്പനിയുടെ രജിസ്‌ട്രേഷന്റെ വിവരങ്ങള്‍ നല്‍കണം. അംഗീകൃത പിആര്‍ഒയുടെ കത്തും നിര്‍ബന്ധമാണ്.ഈ മാനദണ്ഡങ്ങള്‍ പരിഗണിച്ചാകും അക്രെഡിറ്റേഷന്‍ നല്‍കുക.
സ്ത്രീത്വത്തെ അപമാനിക്കുന്ന ചോദ്യങ്ങള്‍, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, മരണവീടുകളില്‍പോലും മൊബൈല്‍ ക്യാമറയുമായി പിന്തുടരുക തുടങ്ങിയ രീതികളാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇടാന്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിച്ചത്. നടന്‍ സിദ്ദിഖിന്റെ മകന്റെ മരണവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സ്വീകരിച്ച സമീപനത്തിനെതിരെ സാമൂഹമാധ്യമങ്ങളിടക്കം രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.നാളെ നടക്കുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. സിനിമകളുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തുന്ന എല്ലാ പരിപാടികളിലും നിയന്ത്രണം ബാധകമാകും എന്നാണ് വിവരം.