2024-25 ലെ കേന്ദ്ര ബജറ്റിലെ പ്രഖ്യാപനത്തിന് പിന്നാലെ, കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി നിർമല സീതാരാമൻ 2024 സെപ്റ്റംബർ 18 ന് ന്യൂഡൽഹിയിൽ എൻ പി എസ് വാത്സല്യ പദ്ധതി ആരംഭിക്കും. സ്‌കൂൾ കുട്ടികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
എൻപിഎസ് വാത്സല്യയിൽ അംഗമാകുന്നതിനുള്ള ഓൺലൈൻ പ്ലാറ്റ്ഫോം ഉദ്ഘാടനം, പദ്ധതിയുടെ ബ്രോഷർ പ്രകാശനം, പുതിയ പ്രായപൂർത്തിയാകാത്ത വരിക്കാർക്ക് പെർമനൻ്റ് റിട്ടയർമെൻ്റ് അക്കൗണ്ട് നമ്പർ (PRAN) കാർഡുകൾ വിതരണം ചെയ്യൽ എന്നിവ കേന്ദ്ര ധനമന്ത്രി നിർവഹിക്കും.
ന്യൂഡൽഹിയിൽ നടക്കുന്ന എൻപിഎസ് വാത്സല്യ പദ്ധതി ഉദ്ഘാടനത്തിന്റെ ഭാഗമായി രാജ്യത്തുടനീളം 75 ഓളം സ്ഥലങ്ങളിൽ ഒരേസമയം പരിപാടികൾ സംഘടിപ്പിക്കും. ഇവിടങ്ങളിൽ നിന്നും വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കുകയും ആ സ്ഥലത്തെ പുതിയ പ്രായപൂർത്തിയാകാത്ത വരിക്കാർക്ക് PRAN അംഗത്വം വിതരണം നടത്തുകയും ചെയ്യും.
പെൻഷൻ അക്കൗണ്ടിൽ തുക നിക്ഷേപിച്ച് കുട്ടികളുടെ ഭാവിക്കായി സാമ്പത്തിക കരുതൽ ഉറപ്പാക്കാനും അതിന്റെ പലിശയിലൂടെ ദീർഘകാല സമ്പത്ത് ഉറപ്പാക്കാനും എൻപിഎസ് വാത്സല്യ, മാതാപിതാക്കളെ അനുവദിക്കും. എൻപിഎസ് വാത്സല്യ, സൗകര്യപ്രദമായ നിക്ഷേപ രീതികൾ വാഗ്ദാനം ചെയ്യുന്നു. ഇത് കുട്ടിയുടെ പേരിൽ പ്രതിവർഷം 1,000 രൂപ നിക്ഷേപിക്കാൻ മാതാപിതാക്കൾക്ക് അവസരം നൽകുന്നു. അങ്ങനെ എല്ലാ സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നുമുള്ള കുടുംബങ്ങൾക്കും പദ്ധതി പ്രയോജനപ്പെടുത്താൻ കഴിയും.
കുട്ടികളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്നതിന് നേരത്തെ തന്നെ നിക്ഷേപം ആരംഭിക്കാൻ കഴിയുന്ന വിധത്തിൽ, ഇന്ത്യയുടെ പെൻഷൻ സമ്പ്രദായത്തിലെ ഒരു സുപ്രധാന ചുവടുവെപ്പ് അടയാളപ്പെടുത്തുന്നതാണ് ഈ പുതിയ സംരംഭം. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ (പിഎഫ്ആർഡിഎ) കീഴിലായിരിക്കും പദ്ധതി നടപ്പിലാക്കുക.
എൻ പി എസ് വാത്സല്യയുടെ സമാരംഭം, ദീർഘകാല സാമ്പത്തിക ആസൂത്രണവും എല്ലാവർക്കും സുരക്ഷിതത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധത ഉയർത്തിക്കാട്ടുന്നു. ഇന്ത്യയുടെ ഭാവി തലമുറയെ സാമ്പത്തികമായി കൂടുതൽ സുരക്ഷിതവും സ്വതന്ത്രവുമാക്കുന്നതിനുള്ള ഒരു വലിയ ചുവടുവയ്പ്പാണിത്.