Sunday, December 22, 2024
Homeകേരളംനിലമ്പൂർ എംഎൽഎ പിവി അൻവർ: പരസ്യപ്രതികരണത്തിനില്ലെന്ന നിലപാട് തിരുത്തുമെന്ന സൂചന നൽകി, മാധ്യമങ്ങളെ കാണും

നിലമ്പൂർ എംഎൽഎ പിവി അൻവർ: പരസ്യപ്രതികരണത്തിനില്ലെന്ന നിലപാട് തിരുത്തുമെന്ന സൂചന നൽകി, മാധ്യമങ്ങളെ കാണും

മലപ്പുറം: പരസ്യപ്രതികരണത്തിനില്ലെന്ന നിലപാട് തിരുത്തുമെന്ന സൂചന നൽകി നിലമ്പൂർ എംഎൽഎ പിവി അൻവർ. ആത്മാഭിമാനം ഇത്തിരി കൂടുതലാണെന്നും നീതിയില്ലെങ്കിൽ നീ തീയാവുക എന്നാണല്ലോയെന്നും പറഞ്ഞ അൻവർ വൈകിട്ട്‌ അഞ്ച്‌ മണിക്ക്‌ മാധ്യമങ്ങളെ കാണുമെന്ന് വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.വിശ്വാസങ്ങൾക്കും, വിധേയത്വത്തിനും, താൽക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം എന്നു പറഞ്ഞുകൊണ്ടാണ് മാധ്യമങ്ങളെ കാണുമെന്ന് അൻവർ അറിയിച്ചിരിക്കുന്നത്.

പോലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരെ വിമർശിച്ച് രംഗത്തെത്തിയിരുന്ന അൻവർ പരസ്യ പ്രസ്താവന താത്ക്കാലികമായി അവസാനിപ്പിക്കുകയാണെന്ന് മൂന്ന് ദിവസം മുന്നേ പ്രഖ്യാപിച്ചിരുന്നു. പാർട്ടിയിൽ പൂർണ്ണവിശ്വാസമുണ്ടെന്ന് പറഞ്ഞു കൊണ്ടായിരുന്നു ഇത്. ദിവസങ്ങൾക്കകം അൻവർ വീണ്ടും വാർത്താ സമ്മേളനം നടത്തുന്നത്. എന്തിനാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

പിവി അൻവറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

‘വിശ്വാസങ്ങൾക്കും, വിധേയത്വത്തിനും, താൽക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്‌. “നീതിയില്ലെങ്കിൽ നീ തീയാവുക”എന്നാണല്ലോ..
ഇന്ന് വൈകിട്ട്‌ അഞ്ച്‌ മണിക്ക്‌ മാധ്യമങ്ങളെ കാണുന്നുണ്ട്‌.’

പോലീസ് ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കുമെതിരെ ആരോപണം ഉന്നയിച്ച പിവി അൻവർ വാർത്താ സമ്മേളനങ്ങൾക്ക് ശേഷമാണ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്‍റെയും മുന്നില്‍ ഇക്കാര്യം ഉന്നയിക്കുന്നത്. വിഷയം പരിഗണനയിലിരിക്കെ പിവി അന്‍വര്‍ പുറത്ത് വീണ്ടും ആരോപണം ഉന്നയിക്കുന്നതില്‍ സിപിഎം അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ പ്രതികരണത്തിന് പിന്നാലെ പരസ്യ പ്രതികരണം താൽക്കാലികമായി നിർത്തുകയാണെന്നാണ് അൻവർ പറഞ്ഞത്. ഇതിന് പിന്നാലെയാണ് വീണ്ടും വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്.

അന്‍വറിന്‍റെ നീക്കം പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരെ വലതുപക്ഷ ശക്തികള്‍ക്ക് ആയുധം നല്‍കുന്നത് പോലെയാണെന്നും അന്‍വര്‍ പിന്മാറണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം നടത്തണമെന്ന പിവി അന്‍വറിന്‍റെ പരാതി സിപിഎം തള്ളിയതില്‍ അദ്ദേഹത്തിന് അമർഷമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

എഡിജിപി എംആർ അജിത് കുമാറിനെതിരെ കഴിഞ്ഞദിവസവും അൻവർ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ‘അദ്ദേഹത്തെ സർവീസിൽ നിന്നും പുറത്താക്കണം.

സസ്പെൻഡ് ചെയ്യണമെന്നായിരുന്നു നേരത്തെ പറഞ്ഞത്. എന്നാൽ, കുപ്രസിദ്ധനായ കുറ്റവാളിയാണ് അജിത് കുമാർ. പോലീസ് സേനയ്ക്ക് പറ്റുന്ന വ്യക്തിയല്ല അദ്ദേഹം. അത് ജനങ്ങൾക്ക് അറിയാവുന്ന കാര്യമാണ്’ എം എ എ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments