Tuesday, September 24, 2024
Homeകേരളംനടൻ സിദ്ദിഖിനെതിരെ വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു

നടൻ സിദ്ദിഖിനെതിരെ വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു

കൊച്ചി: ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ നടൻ സിദ്ദിഖിനെതിരെ വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചതായി റിപ്പോർട്ട്. വിദേശത്തേക്ക് കടക്കാതിരിക്കാനാണ് പോലീസ് നീക്കം. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ അന്വേഷണ സംഘം സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതായും വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ടുണ്ട്.

പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലേക്ക് പോകും. സിദ്ദിഖ് കഴിഞ്ഞ ദിവസംവരെ കൊച്ചിയിലെ വസതിയിൽ ഉണ്ടായിരുന്നു. നിലവിൽ താരം എവിടെയാണെന്ന കാര്യത്തിൽ വ്യക്തതയില്ല. സിദ്ദിഖിൻ്റെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.ബലാത്സംഗക്കേസിൽ സിദ്ദിഖ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് അന്വേഷണ സംഘം തുടർനടപടികളിലേക്ക് കടക്കുക.

കേസ് ഗൗരവമുള്ളതാണെന്നും പരാതി ശരിയെങ്കിൽ കുറ്റകൃത്യം നിലനിൽക്കുമെന്നുമാണ് ഹൈക്കോടതിയുടെ നിരീക്ഷണം. പരാതിയിലെ കാലതാമസം കണക്കിലെടുക്കേണ്ടതില്ലെന്നും പരാതിക്കാരിയെ വ്യക്തിഹത്യ ചെയ്യാനാകില്ലെന്നും ജസ്റ്റിസ് സിഎസ് ഡയസിൻ്റെ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മുതിർന്ന അഭിഭാഷകനായ അഡ്വ. ബി രാമൻപിള്ള ആണ് സിദ്ദിഖിന് വേണ്ടി ഹാജരായിരുന്നത്.ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ യുവ നടി നൽകിയ പരാതിയിലാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 28ന് സിദ്ദിഖിനെതിരെ കേസെടുത്തിരുന്നത്.

സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു തിരുവനന്തപുരത്തെ മാസ്കറ്റ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു, ഒരു മണിക്കൂർ മുറിയിൽ പൂട്ടിയിട്ടു എന്നിങ്ങനെയാണ് നടി പരാതിയിൽ ആരോപിക്കുന്നത്. ബലാത്സംഗം (ഐപിസി 376), സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ (ഐപിസി 506) എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് പിന്നീട് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തിരുന്നു.

2019 മുതൽ തനിക്കെതിരെ സമൂഹമാധ്യമങ്ങൾ വഴി ആരോപണം ഉന്നയിച്ച യുവതി 2024ൽ ലൈംഗിക പരാതി  ആസൂത്രിതമാണെന്നായിരുന്നു സിദ്ദിഖ് വാദിച്ചത്. ആരോപണം മാറ്റിപ്പറഞ്ഞതിൽ അസ്വാഭാവികതയുണ്ടെന്നും സിദ്ദിഖ് വാദിച്ചിരുന്നു. യുവതിയുടെ മൊഴിയും ഹോട്ടലിലെ രജിസ്റ്റർ അടക്കമുള്ള രേഖകളും ഹാജരാക്കി പ്രോസിക്യൂഷൻ സാഹചര്യത്തെളിവുകൾ സ്ഥാപിച്ചു. ഇതോടെ സിദ്ദിഖിൻ്റെ വാദം തള്ളിയ കോടതി നടിയുടെ പരാതിയിൽ അന്വേഷണ സംഘത്തിന് മുൻപോട്ടുപോകാമെന്ന് ഉത്തരവിടുകയായിരുന്നു.

കോടതി നടിയുടെ പരാതിയിൽ അന്വേഷണസംഘത്തിന് മുൻപോട്ടു പോകാമെന്ന് ഉത്തരവിടുകയായിരുന്നു. കോടതി നടപടിയിൽ സന്തോഷമുണ്ടെന്നും പോലീസ് രജിസ്റ്റർ ചെയ്ത കേസ് ശക്തമായി മുൻപോട്ടു കൊണ്ടുപോകാൻ കഴിയുന്നതിൽ ആശ്വാസമുണ്ടെന്നും അഡ്വ. സന്ധ്യ മാധ്യമങ്ങളോട് പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments