സംസ്ഥാനത്തെ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻകാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികൾ ഒക്ടോബർ 25 വരെ ദീർഘിപ്പിച്ച് നൽകുന്നതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ നിയമസഭയിൽ അറിയിച്ചു. മുൻഗണനാകാർഡുകളായ മഞ്ഞ, പിങ്ക് കാർഡംഗങ്ങൾക്ക് മസ്റ്ററിംഗ് നടത്താനായി സർക്കാർ നിശ്ചയിച്ചിട്ടുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തിൽ ധാരാളം ആളുകൾ മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ളതിനാൽ സമയപരിധി ദീർഘിപ്പിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇ.കെ.വിജയൻ എം.എൽ.എ നൽകിയ ശ്രദ്ധക്ഷണിക്കൽ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ഇ-ശ്രം പോർട്ടൽ പ്രകാരമുള്ളവർക്ക് റേഷൻകാർഡ് അനുവദിച്ച് ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ കേസിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര നിർദ്ദേശാനുസരണമാണ് സംസ്ഥാനത്തെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) ഗുണഭോക്താക്കളുടെ e-KYC മസ്റ്ററിങ് ആരംഭിച്ചത്.
ഒക്ടോബർ 8-ാം തീയതി വരെ 79.79% മുൻഗണനാ ഗുണഭോക്താക്കളുടെ അപ്‌ഡേഷൻ മാത്രമാണ് പൂർത്തിയായിട്ടുള്ളത്. മുൻഗണാകാർഡിലെ 20 ശതമാനത്തോളം അംഗങ്ങൾക്ക് വിവിധ കാരണങ്ങളാൽ മസ്റ്ററിങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല. മുൻഗണനാകാർഡിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കും മസ്റ്ററിങ്ങിൽ പങ്കെടുക്കുവാനുള്ള അവസരം ഒരുക്കുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. മുൻഗണനാവിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ അംഗങ്ങൾക്കും വിജയകരമായി മസ്റ്ററിംഗ് പൂർത്തിയാക്കുന്നതിനുള്ള ക്രമീകരണങ്ങൾ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.
മസ്റ്ററിങ്ങിനായി റേഷൻ കടകളിലെത്താൻ കഴിയാത്ത കിടപ്പ് രോഗികൾ, ഇ-പോസിൽ വിരലടയാളം പതിയാത്തവർ, പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾ എന്നിവരെ മസ്റ്ററിങ്ങിനായി മസ്റ്ററിങ്ങിന്റെ ആദ്യഘട്ടത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. റേഷൻ വ്യാപാരികളുടെ സഹായത്തോടെ വീടുകളിൽ നേരിട്ടെത്തി ഐറിസ് സ്‌കാനർ ഉപയോഗിച്ച് അപ്‌ഡേഷൻ നടത്തുന്നതിനാവശ്യമായ നിർദ്ദേശം പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർക്ക് നൽകിയിട്ടുണ്ട്.
e-KYC (ഇലക്ട്രോണിക് – നോ യുവർ കസ്റ്റമർ) അപ്‌ഡേറ്റ് ചെയ്തിട്ടുള്ളതും വിതരണം സംബന്ധിച്ച AePDS പോർട്ടലിൽ നിരസിച്ചിട്ടുള്ളതുമായ ഗുണഭോക്താക്കളുമായി ബന്ധപ്പെട്ട് റേഷൻ കാർഡ് മാനേജ്മെന്റ് സിസ്റ്റത്തിൽ ആവശ്യമായ തിരുത്തലുകൾ വരുത്തിയ ശേഷം അത്തരക്കാരുടെ അപ്‌ഡേഷൻ പൂർത്തികരിക്കാനുള്ള നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്.
ആധാർ നമ്പർ പരസ്പരം മാറിപ്പോയതും എന്നാൽ AePDS-ൽ അപ്രൂവ് ചെയ്തതുമായ കേസുകൾ പരിഹരിക്കുവാനാവശ്യമായ നടപടികളും സ്വീകരിച്ചു വരുന്നു. പഠനാവശ്യം മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്നവർക്ക് അതാത് സംസ്ഥാനങ്ങളിലെ പൊതുവിതരണ കേന്ദ്രങ്ങളിൽ മസ്റ്ററിങ് നടത്താൻ കഴിയുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിട്ടുള്ളത്. ഇതിന് കഴിയാത്തവർക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ നാട്ടിലെത്തി മസ്റ്ററിങ് പൂർത്തിയാക്കാവുന്നതാണ്. ഇതിനായി പരമാവധി സമയം അനുവദിക്കും.
തൊഴിൽ ആവശ്യാർത്ഥം വിദേശത്ത് താമസിക്കുന്നവർക്ക് എൻആർകെ സ്റ്റാറ്റസ് നൽകി കാർഡിൽ നിലനിർത്താനാണ് ഉദ്ദേശിക്കുന്നത്. അവർക്ക് അടിയന്തിരമായി മസ്റ്ററിങ് ചെയ്യാനായി സംസ്ഥാനത്ത് എത്തേണ്ടതില്ല. മുൻഗണനാപട്ടികയിലുള്ള മുഴുവൻ അംഗങ്ങളുടെയും മസ്റ്ററിംഗ് നടപടികൾ പൂർത്തിയാക്കുന്നതിന് രണ്ടുമാസത്തെ സമയം ദീർഘിപ്പിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസർക്കാരിന് കത്ത് നൽകും. മുൻഗണനാ കാർഡ് അംഗങ്ങളുടെ e-KYC മസ്റ്ററിംഗ് പൂർത്തിയാകുമ്പോൾ ഉണ്ടാകുന്ന ഒഴിവിലേയ്ക്ക് അർഹരായവരെ പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.