ഗുരുവായൂർ :- ഇന്ന് രാവിലെയായിരുന്നു കാളിദാസ് ജയറാമിന്റെ വിവാഹം കഴിഞ്ഞത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് രാവിലെ 7.30 നും 7.45 നും മദ്ധ്യേയുള്ള മുഹൂർത്തത്തിലായിരുന്നു വിവാഹം. ക്ഷേത്ര കൊടി മരത്തിനു മുന്നിലായി ക്രമീകരിച്ചിരുന്ന വിവാഹമണ്ഡപത്തിൽ വച്ച് കാളിദാസ് ജയറാം താരണി കലിംഗരായരെ തുളസി ഹാരം അണിയിച്ചാണ് താലികെട്ടിയത്.
കാളിദാസ് ജയറാം നിറകണ്ണുകളോടെയാണ് താരിണിയെ താലി ചാർത്തിയത്. മകന്റെ വിവാഹ ദിനത്തിൽ ജയറാമും വികാരഭരിതനായിരുന്നു. കണ്ണനെ തൊഴാനെത്തിയ സമയത്ത് ജയറാമും കണ്ണീരോടെയാണ് ഇരുവരെയും അനുഗ്രഹിച്ചത്. മാതാപിതാക്കളായ ജയറാമും പാർവ്വതിയും കാളിദാസിൻ്റെ സഹോദരി മാളവികാ ജയറാമും പ്രാർത്ഥനകളോടെ വധൂവരൻമാരെ അനുഗ്രഹിച്ചു മണ്ഡപത്തിനുള്ളിൽ അഗ്നിയെ വലം വച്ച ശേഷമാണ് വധൂവരൻമാർ പുറത്തേക്കിറങ്ങിയത്.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി മുഹമ്മദ് റിയാസ്, മേജർ രവി എന്നിവർ വധൂവരൻമാർക്ക് വിവാഹ മംഗളാശംസകൾ നേർന്നു. വിവാഹ ശേഷം ഇന്ന് വൈകുന്നേരത്തോടെ വധൂവരൻമാരും ജയറാമും പാർവ്വതിയും കുടുംബവും ചെന്നെയിലേക്ക് പോകും.11-ാം തീയതി ബുധനാഴ്ചയാണ് ചെന്നെയിൽ വിവാഹ സൽക്കാരം ഒരുക്കിയിരിക്കുന്നത്.
മൂന്നു വർഷത്തെ പ്രണയത്തിനൊടുവിലാണ് താരിണിയെ കാളിദാസ് ജയറാം വിവാഹം കഴിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ കുടുംബത്തിനൊപ്പം സിനിമാമേഖലയിലെ പ്രമുഖരും പങ്കെടുത്തിരുന്നു.മകന്റെ വിവാഹം വർഷങ്ങളായിട്ടുള്ള സ്വപ്നമെന്നാണ് പ്രീവെഡ്ഡിംഗ് ചടങ്ങിൽ സുരേഷ് ഗോപി പറഞ്ഞത്. താരിണിയെ മരുമകളായിട്ടല്ല, മകളായിട്ടാണ് കുടുംബത്തിലേക്ക് സ്വീകരിക്കുന്നതെന്നും ജയറാം പറഞ്ഞിരുന്നു. വിവാഹത്തിന് മുന്നോടിയായി വെള്ളിയാഴ്ച നടന്ന പ്രീ വെഡ്ഡിംഗ് ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.