Sunday, December 22, 2024
Homeകേരളംമഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

മധ്യ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാൽ സംസ്ഥാനത്തു പലയിടങ്ങളിലും കനത്ത മഴ തുടരുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. കാലവർഷക്കെടുതി സംബന്ധിച്ചു ജില്ലാകളക്ടർമാരുടെ അവലോകന യോഗത്തിനു ശേഷം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

കേരള തീരത്തു പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു. ഇതിന്റെ ഫലമായി അടുത്ത 3 ദിവസം വരെ അതിശക്തമായതോ അതിതീവ്രമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ഇന്ന് (ജൂൺ 26.06.2024) ഓറഞ്ച് അലെർട്ടും നാളെ (27.06.2024) കണ്ണൂർ, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. റഡാർ ഡാറ്റാ പ്രകാരം കേരള തീരത്ത് കാലവർഷക്കാറ്റ് മണിക്കൂറിൽ പരമാവധി 45 – 55 കിലോമീറ്റർ വരെ വേഗതയുള്ളതിനാൽ പ്രത്യേക ജാഗ്രത പാലിക്കണം.

കഴിഞ്ഞ 24 മണിക്കൂറിൽ ഈ വർഷത്തെ കാലവർഷ സീസണിലെ സംസ്ഥാനത്തെ ഏറ്റവും കൂടിയ മഴ ഇന്ന് (26 ജൂൺ) രേഖപ്പെടുത്തി (ശരാശരി 69.6 മില്ലിമീറ്റർ മഴ). ജില്ലകളിൽ കോട്ടയം ജില്ലയിൽ ശരാശരി 103 മില്ലിമീറ്റർ മഴയും വയനാട് (95.8 മില്ലിമീറ്റർ), കണ്ണൂർ (89.2 മില്ലിമീറ്റർ) കാസർഗോഡ് (85) എറണാകുളം (80.1) മഴയും രേഖപ്പെടുത്തി.

കോട്ടയം ജില്ലയിലെ കിടങ്ങൂരിൽ (199 മില്ലിമീറ്റർ) ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. കോട്ടയം (174) വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ ഡാം (165 മില്ലിമീറ്റർ) മഴ രേഖപ്പെടുത്തി.

കേരളതീരത്തു ഉയർന്ന തിരമാല ജാഗ്രത നിർദേശം നിലനിൽക്കുന്നു. കൂടാതെ ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇന്നും നാളെയും കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ല എന്ന അറിയിപ്പും നിലനിൽക്കുന്നുണ്ട്.കേന്ദ്ര ജല കമ്മീഷൻ (CWC) പ്രളയ മുന്നറിയിപ്പ് സംവിധാന പ്രകാരം പത്തനംതിട്ട ജില്ലയിലെ മഡമൺ സ്റ്റേഷൻ (പമ്പ നദി), കല്ലൂപ്പാറ സ്റ്റേഷൻ (മണിമല നദി) എന്നിവിടങ്ങളിൽ ഇന്ന് ഓറഞ്ച് അലർട്ട് കേന്ദ്ര ജല കമ്മീഷൻ (CWC) പ്രഖ്യാപിച്ചിരിയ്ക്കുന്നു. പത്തനംതിട്ട ജില്ലയിലെ തുമ്പമൺ സ്റ്റേഷൻ (അച്ചൻകോവിൽ നദി), കോട്ടയം ജില്ലയിലെ പുല്ലാക്കയർ സ്റ്റേഷൻ (മണിമല നദി), ഇടുക്കി ജില്ലയിലെ മണക്കാട് സ്റ്റേഷൻ (തൊടുപുഴ നദി) ഇന്ന് മഞ്ഞ അലർട്ട് കേന്ദ്ര ജല കമ്മീഷൻ (CWC) പ്രഖ്യാപിച്ചിരിയ്ക്കുന്നു. ആയതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

അരുവിക്കര, കല്ലാർകുട്ടി, ലോവർ പെരിയാർ, പാംബ്ലാ, പെരിങ്ങൽകൂത്ത് എന്നി ഡാമുകളിൽ നിന്നും മുൻകരുതലിന്റെ ഭാഗമായി നിയന്ത്രിത അളവിൽ ജലം പുറത്തേക്കൊഴുക്കി വിടുന്നുണ്ട്. മറ്റു ഡാമുകളിലെ ജലനിരപ്പ് കൃത്യമായി നിരീക്ഷിച്ചു വരികയാണ്. സംസ്ഥാന – ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്ററുകളും താലൂക്കുതല കണ്ട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തിച്ചുവരുന്നു. കൂടാതെ ആരക്കോണം നാലാം ബറ്റാലിയന്റെ നേതൃത്വത്തിൽ ദേശിയ ദുരന്ത നിവാരണ സേനയുടെ (NDRF) 9 ടീം നെ കേരളത്തിന്റെ വിവിധ ഇടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കൊല്ലം, കോഴിക്കോട്, തൃശ്ശൂർ, വയനാട് ജില്ലകളില്ലാണ് സേനയെ വിന്യസിച്ചത്.

ശക്തമായ മഴയെ തുടർന്ന് നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ട്. ഈ സാഹചര്യങ്ങളെ പ്രത്യേകം ശ്രദ്ധിക്കണം. മലയോരമേഖലകളിൽ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലിനു സാധ്യതയുണ്ട്. ഇത്തരം മേഖലകളിലേക്കുള്ള രാത്രി യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക.ജല വിനോദങ്ങളും വനമേഖലയിലെ ട്രക്കിംഗും ഒഴിവാക്കാൻ ശ്രദ്ധിക്കണം.

അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും, ദുരന്ത സാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവരും മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.ബന്ധു വീടുകളിലേക്കോ അധികാരികൾ തയ്യറാക്കിയ ക്യാമ്പുകളിലേക്കോ ഇത്തരം സാഹചര്യത്തിൽ മാറാവുന്നതാണ്.

കാലവർഷകാറ്റിനു കേരള തീരത്തു മണിക്കൂറിൽ 45-55 വേഗതയുള്ളതിനാൽ പ്രത്യേക ജാഗ്രത ആവശ്യമാണ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരം മരങ്ങൾ മുറിക്കുന്നതിനാവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. പഞ്ചായത്ത് രാജ് ആക്ട് 238 പ്രകാരം ഇത്തരം മരങ്ങൾ അടിയന്തിരമായി മുറിക്കുന്നതിന് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി പഞ്ചായത്ത് സെക്രട്ടറിക്ക് അധികാരം നൽകിയിട്ടുണ്ട്.

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ അതാത് പ്രദേശങ്ങളിൽ ആവശ്യമായ ദുരന്ത നിവാരണ മുന്നൊരുക്കങ്ങൾ നടത്തണ്ടതാണ്. ഇതിനായി ജോയിന്റ് ഡയറക്ടർമാരുടെ നേതൃത്വത്തിൽ അടിയന്തിരമായി യോഗം ചേരാനും ആവശ്യമായ ചെറുവള്ളങ്ങൾ, കപ്പിയും കയറും, മഴു തുടങ്ങിയ സാധനങ്ങൾ കരുതുകയും വേണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ശക്തമായ മഴയുടെ സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിൽ ഒരു ക്യാമ്പ് തുറന്നിട്ടുണ്ട്. വിവിധ കുടുംബങ്ങളിൽ നിന്നായി 36 ആൾക്കാർ ക്യാമ്പിൽ താമസിക്കുന്നുണ്ട്. ഉത്തരവാദിത്തപ്പെട്ട റവന്യു ഉദ്യോഗസ്ഥർ അധികാര പരിധിയിലുള്ള പ്രദേശങ്ങളിൽ തുടരാനും അത്യാവശ്യമല്ലാത്ത അവധികൾ ഒഴിവാക്കാനും നിർദേശം നൽകി. ആവശ്യമായ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങുന്നതിനും ജില്ലാഭരണകൂടങ്ങൾക്ക് നിർദേശം നൽകി. ദുരിതാശ്വാസ സഹായങ്ങളുടെ അപേക്ഷകൾ പരമാവധി വേഗത്തിൽ നടപടി പൂർത്തികരിക്കണം. മഴക്കെടുതിയുടെ സാഹചര്യത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഇത്തരം വാർത്തകൾ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. അവലോകന യോഗത്തിൽ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യു കമ്മീഷണർ ഡോ. എ കൗശിഗൻ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ.ശേഖർ കുര്യാക്കോസ് എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments