ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് സത്രത്തിൽ നിന്നും പുല്ലുമേട് വഴി തീർത്ഥാടകരെ കടത്തിവിടുന്ന സമയക്രമത്തിൽ മാറ്റം വരുത്തി ഇടുക്കി ജില്ലാ ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചു. പ്രവേശന സമയം രാവിലെ 7.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയാക്കി പുന:ക്രമീകരിച്ചിട്ടുണ്ട്.
കാനന പാതയിൽ തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുകയും വൈകിയുള്ള യാത്രയിൽ സുരക്ഷാ പ്രശ്നങ്ങൾ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് പ്രവേശന സമയത്തിൽ മാറ്റം വരുത്തിയത്. ദേവസ്വം ഹാളിൽ നടന്ന ഹൈലെവൽ കമ്മിറ്റിയുടെ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ സമർപ്പിച്ച ശുപാർശ പരിഗണിച്ചാണ് നടപടിയെന്ന് ഇടുക്കി ജില്ലാ കളക്ടറിൻ്റെ ഉത്തരവിൽ പറയുന്നു. രാവിലെ 7 മുതൽ ഉച്ചക്ക് 1 വരെ യാണ് സത്രത്തിൽ നിന്നും പുൽമേട് വഴി തീർത്ഥാടകരെ കടത്തിവിട്ടിരുന്നത്.
അഴുതക്കടവിലൂടെയും മുക്കുഴിയിലൂടെയും ഉള്ള പ്രവേശന സമയം വൈകിട്ട് 4 മണിവരെയാണ്. ഈ സമയക്രമത്തിന് മാറ്റമില്ല. തീർത്ഥാടകരുടെ സുരക്ഷയും സുഗമമായ തീർത്ഥാടനവും ഉറപ്പാക്കാനാണ് തീർത്ഥാടകരുടെ സത്രം വഴിയുള്ള പ്രവേശന സമയത്തിലെ പുന:ക്രമീകരണം എന്ന് ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു.