കൊച്ചി: പള്ളിമുക്ക് മാണിക്കത്ത് ക്രോസ് റോഡ് സീകെ ഹോംസിൽ താമസിക്കുന്ന പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ കുളമാവു നിൽക്കുന്നതിൽ ജിഷ കെ.ജോയിയെയാണ് (41) എറണാകുളം സൌത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
ഹൈക്കോർട്ട് അസിസ്റ്റ് ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് എറണാകുളം സ്വദേശിയിൽ നിന്നും ജിഷ 8.65 ലക്ഷം രൂപ വാങ്ങിയിരുന്നു. ഈ കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതിയൽ വക്കീലാണെന്നും മജിസ്ട്രേറ്റ് പരീക്ഷ എഴുതി നിയമനം ലഭിച്ചിട്ടുണ്ടെന്നും വിശ്വസിപ്പിച്ചാണ് പ്രതി പരാതിക്കാരനിൽ നിന്നും പണം തട്ടിയത്. പരാതികാരന്റെ ബന്ധു നടത്തുന്ന സ്ഥാപനത്തിൽ ജിഷ പതിവായി എത്തിയിരുന്നു.
2020ൽ ജോലിവാഗ്ദാനം ചെയ്ത് ജിഷ രണ്ടേകാൽ ലക്ഷം രൂപ പരാതിക്കാരന്റെ കയ്യിൽ നിന്നും വാങ്ങി. പിന്നീട് യു.എസിലുള്ള ബന്ധുവിന്റെ പഠനാവശ്യത്തിനെന്നും പറഞ്ഞ് ആറര ലക്ഷം രൂപയും വാങ്ങി. ജോലി ലഭിക്കാതായതിനെ തുടർന്ന് പലതവണ പണം തിരികെ ചോദിച്ചെങ്കിലും ജിഷ നൽകിയില്ല. ഇതിനെ തുടർന്നാണ് സൌത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസം സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് ജിഷയെ അറസ്റ്റ് ചെയ്തത്.
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതിനും മുക്ക് പണ്ടം പണയം വച്ചതിനും ജിഷയുടെ പേരിൽ പത്തനംതിട്ടയിലും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.