Sunday, November 24, 2024
Homeകേരളംമാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാ കുറ്റം...

മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാ കുറ്റം ചുമത്തി

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാ കുറ്റം ചുമത്തി. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് നരഹത്യാ കുറ്റം ചുമത്തി ഉത്തരവിട്ടത്.

2019 ആഗസ്റ്റ് മൂന്ന് പുലര്‍ച്ചെ നടന്ന അപകടവും മാധ്യമപ്രവർത്തകന്റെ മരണവും വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ശ്രീറാം വെങ്കിട്ടരാമന്‍ അമിതമായി മദ്യപിച്ചിരുന്നു എന്ന് അന്ന് ആരോപണം ഉയർന്നു.

ശ്രീറാം വെങ്കിട്ടരാമനെ കോടതി നേരിട്ട് കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. വായിച്ചു കേട്ട പ്രതി കുറ്റം നിഷേധിച്ചു. തുടര്‍ന്ന് പ്രതിയെ വിചാരണ ചെയ്യാന്‍ കോടതി ഉത്തരവിടുകയായിരുന്നു. നേരത്തെ പലവട്ടം ശ്രീറാം കോടതിയിൽ ഹാജരാകാതിരുന്നു. ഇക്കാരണത്താൽ കുറ്റപത്രം വായിക്കുന്നത് പല തവണ കോടതി മാറ്റിവെച്ചിരുന്നു. കഴിഞ്ഞ തവണ പ്രതിയെ വാക്കാല്‍ ശാസിക്കുകയും, ഹാജരാകണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

സിറാജ് പത്രത്തിന്റെ ബ്യൂറോ ചീഫായിരുന്ന കെഎം ബഷീർ തിരുവനന്തപുരം മ്യൂസിയത്തിനടുത്തുള്ള റോഡിൽ വെച്ച് കാറിടിച്ച് മരിക്കുകയായിരുന്നു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ പി അനില്‍കുമാറാണ് ശ്രീറാം വെങ്കിട്ടരാമനുമേൽ കുറ്റം ചുമത്തി വിചാരണ ചെയ്യാന്‍ ഉത്തരവിട്ടത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 279 (അശ്രദ്ധമായി മനുഷ്യജീവന് ആപത്താകും വിധം പൊതു നിരത്തില്‍ വാഹനമോടിക്കല്‍), 304 (മനപ്പൂര്‍വമുള്ള നരഹത്യ), 201 (തെളിവുകള്‍ നശിപ്പിക്കല്‍, തെറ്റായ വിവരം നല്‍കല്‍), മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പുകളായ 184(മനുഷ്യ ജീവന് ആപത്ത് വരത്തക്ക വിധം അപകടമായ രീതിയില്‍ വാഹനമോടിക്കല്‍) എന്നിവയാണ് ശ്രീറാം വെങ്കിട്ടരാമനു മേൽ ചുമത്തിയത്.പ്രതി കുറ്റം ചെയ്തതായി അനുമാനിക്കാന്‍ പ്രഥമ ദുഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

എന്നാൽ ശ്രീറാമിനെതിരെ മദ്യപിച്ച് വാഹനമോടിച്ചെന്നതിന് തെളിവില്ലെന്ന് കോടതി വ്യക്തമാക്കി. രക്തസാമ്പിള്‍ എടുക്കാൻ വൈകിയിരുന്നു. ഇക്കാരണത്താൽ മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പ് 185 പ്രതിക്ക് മേല്‍ ചുമത്താനാവില്ലെന്ന് കോടതി വ്യക്തമാക്കി.

തനിക്കെതിരായ പോലീസ് കുറ്റപത്രം അടിസ്ഥാന രഹിതമാണെന്നായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ വാദം. പ്രതിയുടെ വാദം കോടതി തള്ളി. കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി കുറ്റം ചുമത്തല്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. വിചാരണ കൂടാതെ വിട്ടയക്കാന്‍ കാരണമില്ലെന്ന് കോടതി വ്യക്തമാക്കി.കേസില്‍ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ശ്രീറാം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യം കോടതി തള്ളി.

2023 ഓഗസ്റ്റ് 25ന് കേസില്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിചാരണയിലാണ് നരഹത്യ നിലനിൽക്കുമോയെന്ന് തീരുമാനമാകേണ്ടതെന്നും കോടതി പറഞ്ഞു. ഇതോടെ പ്രതിയെ വിചാരണയ്ക്കായി തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി വിളിച്ചു വരുത്തി. നരഹത്യ കേസ് നിലനില്‍ക്കില്ലെന്ന പ്രതിയുടെ വാദം തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ ഇടപെടല്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments