Sunday, December 22, 2024
Homeകേരളംലോക്‌സഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ടയിലെ പ്രധാന അറിയിപ്പുകള്‍ ( 10/04/2024 )

ലോക്‌സഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ടയിലെ പ്രധാന അറിയിപ്പുകള്‍ ( 10/04/2024 )

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി അറിയിച്ച് പൊതുനിരീക്ഷകന്‍

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ നിയമാനുസൃതമായാണ് നടക്കുന്നതെന്ന് തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ അരുണ്‍ കുമാര്‍ കേംഭവി ഐഎഎസ് വിലയിരുത്തി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സ്ഥാനാര്‍ഥികളുമായി നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. ഏഴ് മണ്ഡലങ്ങളും സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. സൂക്ഷ്മ പരിശോധനയിലുള്‍പ്പെടെ സ്ഥാനാര്‍ഥി നിര്‍ണയ പ്രക്രിയകള്‍ നിരീക്ഷിച്ചു. മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെന്നും അദേഹം പറഞ്ഞു. യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പദ്മചന്ദ്രകുറുപ്പ്, സ്ഥാനാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചെലവ് പരിശോധന 12, 18, 23 തീയതികളില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ ചെലവ് സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കുമെന്ന് ജില്ലാ ചെലവ് നിരീക്ഷകന്‍ കമലേഷ് കുമാര്‍ മീണാ ഐആര്‍എസ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സ്ഥാനാര്‍ഥികളുമായി നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. ഈ മാസം 12, 18, 23 തീയതികളിലാണ് പരിശോധന. ഈ പരിശോധനയില്‍ ചെലവ് സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിക്കുന്ന രജിസ്റ്ററുകള്‍, അനുബന്ധ രേഖകള്‍ എന്നിവ ഹാജരാക്കണമെന്നും അദേഹം പറഞ്ഞു. യോഗത്തില്‍ ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടര്‍ പദ്മചന്ദ്ര കുറുപ്പ്, സ്ഥാനാര്‍ഥി പ്രതിനികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അസന്നിഹിതരുടെ വോട്ട്:പ്രവര്‍ത്തനം 15 ന് ആരംഭിക്കും

അസന്നിഹിത വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ സഹായിക്കുന്നതിനായുള്ള ഉദ്യോഗസ്ഥരുടെ ടീമിന്റെ പ്രവര്‍ത്തനം 15 മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍. കൃത്യമായ പരിശീലനം ലഭിച്ച ടീം മുന്‍കൂട്ടി അറിയിപ്പ് നല്‍കിയശേഷം അസന്നിഹിത വോട്ടര്‍മാരുടെ താമസസ്ഥലത്തെത്തി വോട്ടു ചെയ്യുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തും. രണ്ടു പോളിംഗ് ഉദ്യോഗസ്ഥര്‍, ഒരു മൈക്രോ ഒബ്സര്‍വര്‍, വീഡിയോഗ്രാഫര്‍, ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ എന്നിവരടങ്ങുന്നതാണ് ടീം. ഇവര്‍ എത്തുന്നതിന് രണ്ടു ദിവസം മുന്‍പ് ബൂത്ത് ലെവല്‍ ഏജന്റുമാരെ അറിയിക്കുമെന്നും കളക്ടര്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സ്ഥാനാര്‍ഥികളുമായി നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സ്ഥാനാര്‍ഥികളുമായി നടന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ അരുണ്‍ കുമാര്‍ കേംഭവി ഐഎഎസ് സംസാരിക്കുന്നു. ജില്ലാ ചെലവ് നിരീക്ഷകന്‍ കമലേഷ് കുമാര്‍ മീണാ ഐആര്‍എസ്, ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ എന്നിവര്‍ സമീപം.

ജില്ലയില്‍ കൂടുതല്‍ ആന്റി ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡുകളെ വിന്യസിച്ചു

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായി ജില്ലയില്‍ കൂടുതല്‍ ആന്റി ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡുകളെ നിയോഗിച്ചു. ജില്ലയില്‍ നിലവില്‍ അഞ്ച് ആന്റി ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡുകളാണു പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമെയാണ് കൂടുതല്‍ സ്‌ക്വാഡുകളെ നിയോഗിച്ചിരിക്കുന്നത്.

തിരുവല്ല മണ്ഡലത്തില്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബിഡിഓ ജി. കണ്ണന്‍, റാന്നിയില്‍ പത്തനംതിട്ട മൈനര്‍ ഇറിഗേഷന്‍ ജെ.എസ് വി മനോജ് കുമാര്‍, ആറന്മുളയില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബിഡിഒ പി.അമ്പിരാജ്, കോന്നിയില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബിഡിഒ എസ്.കെ സുനില്‍ കുമാര്‍, അടൂരില്‍ അടൂര്‍ നഗരസഭാ ജെഎസ് എസ്.എ നീല്‍ എന്നിവരാണ് പുതിയതായി നിയോഗിച്ച ആന്റി ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡര്‍മാര്‍. സ്‌ക്വാഡ് ലീഡര്‍, അസിസ്റ്റന്റുമാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘമാണ് ഓരോ മണ്ഡലത്തിലും പരിശോധന നടത്തുന്നത്. സ്‌ക്വാഡിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് നോഡല്‍ ഓഫീസറായ എല്‍എസ്ജിഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി രാജേഷ്‌കുമാര്‍ എല്ലാ ദിവസവും പരിശോധിക്കും. അനുവദനീയമല്ലാത്ത ചുവരെഴുത്തുകള്‍ മായ്ക്കുക, നോട്ടീസുകള്‍, പോസ്റ്ററുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍ എന്നിവ മാറ്റുകയാണ് സ്‌ക്വാഡിന്റെ പ്രധാനചുമതലകള്‍.

തെരഞ്ഞെടുപ്പ് നിയമന ഉത്തരവ് വിതരണം പൂര്‍ത്തിയായി

ലോക്സഭാ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട റാന്റമൈസേഷനു ശേഷമുള്ള നിയമന ഉത്തരവ് വിതരണം പൂര്‍ത്തിയായി. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന ക്ലാസുകള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ചു. സ്ഥാപനമേധാവികള്‍ നിയമന ഉത്തരവ് ഓര്‍ഡര്‍ സോഫ്റ്റ് വെയറിലുള്ള ലോഗിനില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. പത്തനംതിട്ട ജില്ലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 5170 ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളത്. നിയമന ഉത്തരവ് കൈപ്പറ്റി പരിശീലനത്തിന് ഹാജരാക്കാത്ത ജീവനക്കാരുടെ പേരില്‍ 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള ശിക്ഷണ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ആരംഭിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പരിശീലനം ആരംഭിച്ചു. 13 വരെയാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം സംഘടിപ്പിച്ചിരികുന്നത്. പരിശീലനത്തിന്റെ ആദ്യ ദിനത്തില്‍ മോക്ക് പോള്‍, ചലഞ്ച്ഡ് വോട്ടുകള്‍, ടെന്‍ഡേര്‍ഡ് ബാലറ്റ് വോട്ടുകള്‍, ഇവിഎം, ഫോമുകളും രജിസ്റ്ററുകളും തയാറാക്കല്‍ തുടങ്ങിയവയെപ്പറ്റി വിശദമാക്കി. പോളിംഗ് ദിനത്തിന്റെ തലേ ദിവസം നടത്തേണ്ട ക്രമീകരണങ്ങളെ കുറിച്ചും വോട്ടിംഗ് സമയം തീര്‍ന്ന ശേഷം വരിയിലുള്ള സമ്മതിദായകരുടെ വോട്ട് എങ്ങനെ രേഖപ്പെടുത്താം എന്നതിനെ കുറിച്ചും ക്ലാസില്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ക്ക് ബന്ധപ്പെട്ട വിഷയങ്ങളിലുള്ള സംശയനിവാരണവും നടന്നു.

മാസ്റ്റര്‍ ട്രെയ്‌നര്‍മാര്‍ക്ക് പരിശീലനം നല്‍കി

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്ന മാസ്റ്റര്‍ ട്രെയ്‌നര്‍മാര്‍ക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നല്‍കി. സംസ്ഥാന തല മാസ്റ്റര്‍ ട്രെയിനറും ട്രെയിനിംഗ് നോഡല്‍ ഓഫീസറുമായ എം എസ് വിജുകുമാര്‍ ക്ലാസ് നയിച്ചു. മോക്ക് പോള്‍, ചലഞ്ച്ഡ് വോട്ടുകള്‍, സര്‍വീസ് വോട്ടുകള്‍, അവശ്യസേവനങ്ങള്‍, തുടങ്ങിയവയെപ്പറ്റി ക്ലാസില്‍ വിശദമാക്കി. വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍, ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ പദ്മചന്ദ്രകുറുപ്പ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ക്ലാസില്‍ പങ്കെടുത്തു.

അനുമതിയില്ലാതെ യോഗവും വാഹനപ്രചാരണവും പാടില്ല

ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വരണാധികാരി, ഉപവരണാധികാരികള്‍ എന്നിവരുടെ അനുമതിയില്ലാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ വിവിധ സ്ഥലങ്ങളില്‍ പൊതുയോഗങ്ങളും വാഹന പ്രചാരണവും നടത്തരുതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. ഇത്തരം നടപടികള്‍ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണ്. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. യോഗം, വാഹനപ്രചാരണം തുടങ്ങിയവക്കുള്ള അനുമതികള്‍ക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ വെബ് ആപ്ലിക്കേഷന്‍ മുഖേനയോ suvidha.eci.gov.in/login എന്ന വെബ്സൈറ്റ് മുഖേനയോ നേരിട്ടോ ബന്ധപ്പെട്ട രേഖകള്‍ സഹിതം വരണാധികാരി, ഉപവരണാധികാരികള്‍ എന്നിവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.

പ്രചാരണ സാമഗ്രികള്‍: മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാതൃകാ പെരുമാറ്റ ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പ്രചാരണ സാമഗ്രികള്‍ പ്രിന്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജനപ്രാതിനിധ്യ നിയമം 1951 സെക്ഷന്‍ 127(എ) പ്രകാരമുള്ള താഴെ പറയുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേംകൃഷ്ണന്‍ പറഞ്ഞു.
പ്രിന്ററുടെയും പബ്ലിഷറുടെയും പേരും മേല്‍വിലാസവും രേഖപ്പെടുത്താത്ത നോട്ടീസുകളോ, ലഘുലേഖകളോ, പോസ്റ്ററുകളോ യാതൊരു കാരണവശാലും വിതരണം ചെയ്യുകയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുകയോ ചെയ്യരുത്. തെരഞ്ഞെടുപ്പ് പ്രചാരണ നോട്ടീസുകളും ലഘുലേഖകളും താഴെ പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ പ്രസിദ്ധീകരിക്കാന്‍ പാടുള്ളൂ.
(1) പ്രചാരണ നോട്ടീസുകള്‍ പബ്ലിഷ് ചെയ്യുന്ന വ്യക്തി അയാളുടെ തിരിച്ചറിയല്‍ സാക്ഷ്യ പത്രം തയാറാക്കി ഒപ്പുവച്ച് രണ്ട് സാക്ഷികള്‍ സാക്ഷ്യപ്പെടുത്തി രണ്ട് കോപ്പി വീതം പ്രിന്റര്‍ക്ക് കൈമാറണം.
(2) അപ്രകാരം സമര്‍പ്പിച്ച സമ്മത പത്രത്തിന്റെ ഒരു കോപ്പിയും, പ്രിന്റ് ചെയ്ത നോട്ടീസ്/ലഘുലേഖ/പോസ്റ്റര്‍ എന്നിവയുടെ കോപ്പിയും പ്രിന്റ് ചെയ്ത് ജില്ലാ മജിസ്ട്രേറ്റിന് യഥാസമയം സമര്‍പ്പിക്കണം.
(3) തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ പ്രചാരണമോ, എതിര്‍ സ്ഥാനാര്‍ഥികളെ ഇകഴ്ത്തുന്നതോ ലക്ഷ്യമാക്കി ഒറ്റയ്ക്കോ കൂട്ടായോ പ്രിന്റ് ചെയ്യുന്ന നോട്ടീസ്, ലഘുലേഖ, പരസ്യം, കൈയെഴുത്ത് പ്രതികള്‍ എന്നിവ തെരഞ്ഞെടുപ്പു പ്രചാരണ നോട്ടീസായി പരിഗണിക്കും. എന്നാല്‍, തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ചതോ, യോഗങ്ങള്‍ക്കുള്ള അറിയിപ്പുകളോ, തെരഞ്ഞെടുപ്പ് ഏജന്റുമാര്‍ക്കോ, പ്രവര്‍ത്തകര്‍ക്കോ ഉള്ള നിര്‍ദേശങ്ങളോ ഈ പരിധിയില്‍ വരുന്നതല്ല.
നിബന്ധനകള്‍ ലംഘിക്കുന്നത് ജനപ്രാതിനിധ്യ നിയമം 1951 പ്രകാരം ആറുമാസം തടവും 2000 രൂപ വരെ പിഴയോ, രണ്ടും കൂടിയോ ചുമത്താവുന്ന കുറ്റമാണ്.

വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍:ക്വട്ടേഷനുകള്‍ ക്ഷണിച്ചു

ലോക്സഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രം സജ്ജീകരിക്കുന്നതിന് ആവശ്യമായവ ലഭ്യമാക്കുന്നതിനായി ലൈസന്‍സ് ഉള്ളവരില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു.
പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെയും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ അസംബ്ലി മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍, അത്രയും മണ്ഡലങ്ങള്‍ക്കുള്ള സ്ട്രോംഗ് റൂമുകള്‍, ബാരിക്കേഡ്, ടാര്‍പ്പാളിന്‍ പന്തല്‍, ടിന്‍ഷീറ്റ് പന്തല്‍, തുണി പന്തല്‍, തടി കൊണ്ടുള്ള തട്ട്, അറേബ്യന്‍ ടെന്റ്, റെഡ് കാര്‍പ്പെറ്റ്, ഇലക്ട്രിക്കല്‍, സൗണ്ട്, എ.സി, ഫാന്‍ സംവിധാനങ്ങള്‍ തുടങ്ങിയവ ക്രമീകരിക്കുകയാണ് ആവശ്യം.

വോട്ടെടുപ്പിനു ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും വിവിപാറ്റുകളും സൂക്ഷിക്കുന്നതിനുള്ള സ്ട്രോംഗ് റൂമുകള്‍ ഫയര്‍ ക്ലാസ് എ1 ഫയര്‍ റെസിഡന്റ്റ് മെറ്റീരിയല്‍ ഉപയോഗിച്ച് നിര്‍മിക്കണം. ഉപയോഗിക്കുന്ന മെറ്റീരിയല്‍ ഏതാണെന്ന് ക്വട്ടേഷനില്‍ വ്യക്തമാക്കണം.
കൗണ്ടിംഗ് ഹാളില്‍ കുറഞ്ഞത് എട്ട് അടി ഉയരത്തില്‍ സ്റ്റാന്‍ഡേര്‍ഡ് പാറ്റേണില്‍ ഉള്ള എം.എസ് ഫ്രെയിം കൊണ്ടുള്ള മെറ്റല്‍ പൈപ്പ് ട്രസ് ഉപയോഗിച്ച് മെറ്റല്‍ പോസ്റ്റുകളില്‍ ബന്ധിപ്പിച്ച് നല്ല ഉറപ്പോടുകൂടിയ ടെമ്പററി പാര്‍ട്ടീഷന്‍ ചെയ്യണം. ഇത്തരത്തില്‍ ഉപയോഗിക്കുന്ന ബാരിക്കേഡിന്റെ മെഷ് 2×2 സെന്റിമീറ്റര്‍ സ്‌ക്വയറില്‍ അധികരിക്കരുത്.

ക്വട്ടേഷനൊപ്പം ടേണോവര്‍ സര്‍ട്ടിഫിക്കറ്റ്, ജി.എസ്.ടി റിട്ടേണ്‍/ ആദായ നികുതി രേഖ എന്നിവയും ഉണ്ടാകണം. ക്വട്ടേഷനുകള്‍ ഏപ്രില്‍ 12ന് വൈകിട്ട് മൂന്നിന് മുമ്പായി കളക്ടറേറ്റില്‍ ലഭിക്കണം. ക്വട്ടേഷന്‍ നോട്ടീസ് കളക്ടറേറ്റ്, ജില്ലാ പഞ്ചായത്ത് / പത്തനംതിട്ട മുന്‍സിപാലിറ്റി നോട്ടീസ് ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments