ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ് ആരോഗ്യം, ആരോഗ്യ കേരളം പത്തനംതിട്ട, ഐ.എ.പി പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല ക്വിസ് മത്സരവും പോസ്റ്റര്‍ രചന മത്സരവും സംഘടിപ്പിച്ചു. പത്തനംതിട്ട പിഡബ്ല്യുഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ക്വിസ് മത്സരത്തിന്റെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.അനിതകുമാരി നിര്‍വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ എസ്. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്ദ്ധന്‍ ഡോ. ഡി. ബാലചന്ദര്‍ ക്വിസ് മത്സരത്തില്‍ മോഡറേറ്ററായി.
മുലയൂട്ടലിനുള്ള പിന്തുണ എല്ലാവര്‍ക്കും നല്‍കാം എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. മുലപ്പാലിന്റെ പ്രാധാന്യം, ആദ്യ മണിക്കൂറിനുള്ളില്‍ നവജാത ശിശുവിന് മുലപ്പാല്‍ നല്‍കേണ്ടതിന്റെ ആവശ്യകത, ആറുമാസം വരെ മുലപ്പാല്‍ മാത്രം നല്‍കല്‍, ആറുമാസം മുതല്‍ രണ്ടു വയസുവരെ കുട്ടികള്‍ക്ക് മറ്റു ഭക്ഷണത്തോടൊപ്പം മുലപ്പാല്‍കൂടി നല്‍കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് വാരാചരണം നടത്തുന്നത്.
ജില്ലാ ആര്‍.സി.എച്ച്.ഓഫീസര്‍ ഡോ.കെ.കെ ശ്യാംകുമാര്‍, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്. സേതുലക്ഷ്മി, ജില്ലാ മാസ് എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ (ആരോഗ്യം) ഇന്‍ ചാര്‍ജ് ആര്‍ ദീപ, ആര്‍ ബി എസ് കെ കോര്‍ഡിനേറ്റര്‍ ജിഷ സാരു തോമസ്, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു. മത്സരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി വിതരണം ചെയ്തു.
ക്വിസ് മത്സരത്തില്‍ നേതാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എ.ജി മഹേശ്വര്‍, മിഷാല്‍ സുല്‍ഫി എന്നീ വിദ്യാര്‍ഥികള്‍ ഒന്നാം സ്ഥാനവും, മാരൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാനവ് ദര്‍ശന്‍ മിത്ര, അബ്സിന്‍ മാധവ് എന്നിവര്‍ രണ്ടാം സ്ഥാനവും, കിടങ്ങന്നൂര്‍ എസ്. വി. ജി.വി എച്ച്എ.സ്.എസ് ലെ ശബരി ജി ദേവ്, ദേവിക സുരേഷ് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. വാരാചരണത്തിന്റെ ഭാഗമായി വിവിധ പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ നടന്ന പോസ്റ്റര്‍ രചനാ മത്സരത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു.