തിരുവനന്തപുരം: തിരുവനന്തപുരത്തെ ബാറിൽ ഡി ജെ പാർട്ടിക്കിടെയുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട കേസിലാണ് ഓംപ്രകാശ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാൻ ഓംപ്രകാശിന് നോട്ടീസ് നൽകിയിരുന്നെങ്കിലും ഹാജരായില്ല. ഇതിനെ തുടർന്നാണ് അറസ്റ്റ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. മറ്റൊരു ഗുണ്ടാ നേതാവായ ഡാനി ബാറിൽ വെച്ച് നടത്തിയ ഡിജെ പാർട്ടിയില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു ഓംപ്രകാശും സുഹൃത്തായ നിധിനും. എതിർ ചേരിയിൽപെട്ട ഓംപ്രകാശ് പാർട്ടിയിലെത്തിയതാണ് വാക്കു തർക്കത്തിനും സംഘർഷത്തിനും കാരണം.
വിവരമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും ഓം പ്രകാശും സുഹൃത്ത് നിധിനും രക്ഷപ്പെട്ടിരുന്നു. ഇന്നലെ രാത്രിയാണ് ഓംപ്രകാശിനെ അറസ്റ്റ് ചെയ്തത്. സംഘർഷത്തിൽ മറ്റ് 10 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓംപ്രകാശിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.