Sunday, November 17, 2024
Homeകേരളംകോന്നി മെഡിക്കൽ കോളേജ് : ഡിസംബർ മാസത്തിൽ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കും

കോന്നി മെഡിക്കൽ കോളേജ് : ഡിസംബർ മാസത്തിൽ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കും

പത്തനംതിട്ട –കോന്നി മെഡിക്കൽ കോളേജിലെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തികൾ 2024 ഡിസംബർ മാസത്തിൽ പൂർത്തീകരിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. കോന്നി മെഡിക്കല്‍ കോളജിന്റെ സുഗമമായ നടത്തിപ്പിന് വിശദമായ ഓപ്പറേഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതിനും എം എൽ എ നിർദ്ദേശിച്ചു.ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ മെഡിക്കല്‍ കോളജ് ഹാളില്‍ ചേര്‍ന്ന എച്ച് ഡി എസ് യോഗത്തിലാണ് തീരുമാനമായത്.

കോന്നി മെഡിക്കല്‍ കോളജ് നിര്‍മാണ പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് കൃതമായ ഇടവേളകളില്‍ യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്താനും യോഗത്തില്‍ തീരുമാനമായി. കൃതമായ സമയക്രമം പാലിച്ച് ഏറ്റെടുത്തിരിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍മാണ കമ്പിനികളുടെ പ്രതിനിധികള്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി.

സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്നും അനുവദിച്ച 350 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ ആശുപത്രിയില്‍ നടക്കുന്നത്. രോഗികള്‍ക്കായുള്ള 200 കിടക്കകളുള്ള ആശുപത്രി ബ്ലോക്ക്, ഒപ്പറേഷന്‍ തീയേറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍, മോര്‍ച്ചറി പ്രിന്‍സിപ്പല്‍, ഡോക്ടര്‍മാര്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ക്കായുള്ള ക്വാര്‍ട്ടേസ് തുടങ്ങിയവയുടെ നിര്‍മാണ പുരോഗതി യോഗം വിലയിരുത്തി.

ഏഴു നിലകളിലായി നിർമ്മിക്കുന്ന 200 കിടക്കകളുള്ള ആശുപത്രി കെട്ടിടത്തിന്റെ ആറുനിലകളുടെ നിർമാണം പൂർത്തിയായി . ഏഴാമത്തെ നിലയുടെ നിർമ്മാണവും കെട്ടിടത്തിന്റെ പ്ലാസ്റ്ററിംഗ്, ഇലക്ട്രിക്, പ്ലംബിംഗ് പ്രവർത്തകളുമാണ് പുരോഗമിക്കുന്നത്. ഡിസംബർ മാസത്തിൽ നിർമാണപ്രവർത്തികൾ പൂർത്തീകരിക്കും.

പ്രിൻസിപ്പൽ ഓഫീസിന്റെയും നാലു നിലകളിലായി നിർമ്മിക്കുന്ന പുതിയ അക്കാഡമിക് ബ്ലോക്കിന്റെയും നിർമ്മാണം അന്തിമഘട്ടത്തിൽ എത്തി . മൂന്നുമാസത്തിനുള്ളിൽ നിർമ്മാണം പൂർണ്ണമായും പൂർത്തീകരിക്കും. ജീവനക്കാർക്ക് താമസിക്കുന്നതിനുള്ള ടൈപ്പ് ബി &ഡി ഫ്ലാറ്റ് സമുച്ചയങ്ങൾ ഡിസംബർ മാസത്തിൽ പൂർത്തീകരിക്കും.

ടൈപ്പ് എ &സി ഫ്ലാറ്റ് സമുച്ചയങ്ങൾ ആഗസ്റ്റ് മാസത്തിനുള്ളിൽ പൂർത്തീകരിക്കും. കെട്ടിടത്തിന്റെ പെയിന്റിങ്,പ്ലംബിങ് പ്രവർത്തികളാണ് പുരോഗമിക്കുന്നത്. ഓരോ ഫ്ലാറ്റ് സമുച്ചയത്തിലും 40 അപ്പാർട്ട്മെന്റുകൾ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്.

ഫ്ലാറ്റ് സമുച്ചയങ്ങളിലെ അപ്പാർട്ട്മെന്റുകൾ പ്രത്യേകം വൈദ്യതികരിക്കുന്നതിന് പുതിയ ട്രാൻസ്ഫോമർ സ്ഥാപിച്ച് നടപടികൾ വേഗത്തിൽ ആക്കുന്നതിന് കെഎസ്ഇബി അസി.എൻജിനീയറെ ചുമതലപ്പെടുത്തി.

നിർമ്മാണം പുരോഗമിക്കുന്ന മോർച്ചറിയുടെ പ്രവർത്തി ജൂലൈ മാസത്തിൽ പൂർത്തീകരിക്കും.മോർച്ചറിയിൽ സ്ഥാപിക്കുന്നതിനുള്ള പോസ്റ്റ്മോർട്ടം ടേബിൾ, ഫ്രീസറുകൾ എന്നിവ കെ എം എസ് സി എൽ മുഖേന സ്ഥാപിക്കും. പ്രിൻസിപ്പളിനുള്ള ഡീൻ വില്ല ജൂൺ അവസാനം പൂർത്തീകരിച്ച് താക്കോൽ കൈമാറും.

നിർമ്മാണ പ്രവർത്തി പുരോഗമിക്കുന്ന ലോൺട്രിയിൽ ആവശ്യമായ ഉപകരണങ്ങൾ കെ എം എസ് സി എൽ മുഖേന സ്ഥാപിക്കും. ജൂലൈ മാസം അവസാനത്തേക്ക് നിർമ്മാണ പ്രവർത്തി പൂർത്തീകരിക്കും.
ഓഡിറ്റോറിയത്തിന്റെ നിർമ്മാണം ഡിസംബർ മാസത്തിൽ പൂർത്തീകരിക്കും. ചുറ്റുമതിൽ ഗേറ്റ് എന്നിവയുടെ നിർമ്മാണ പ്രവർത്തികൾ ഡിസംബർ മാസത്തിൽ പൂർത്തീകരിക്കും. നിർമ്മാണ പ്രവർത്തി പൂർത്തീകരിക്കാൻ ഉള്ള പുതിയ 3 ഓപ്പറേഷൻ തിയേറ്ററുകളുടെ പ്രവർത്തി ഡിസംബർ മാസത്തിൽ പൂർത്തീകരിക്കും.

മൂന്നു കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ലക്ഷ്യ നിലവാരത്തിലുള്ള ലേബർ റൂം, ലേബർ വാർഡ് എന്നിവയുടെ നിർമ്മാണം ഡിസംബർ മാസത്തിൽ പൂർത്തീകരിക്കും.
സി എസ് ആർ ഫണ്ട് മുഖേന നിർമ്മിക്കുന്ന ഐസിയുവിന്റെ നിർമ്മാണം രണ്ടു മാസത്തിനുള്ളിൽ പൂർത്തീകരിക്കും. മെഡിക്കൽ കോളജ് പിആർഒയുടെ ഓഫീസ് എംഎൽഎ ഫണ്ടിൽ നിന്നും നിർമ്മിക്കും.

മെഡിക്കൽ കോളേജ് വികസനത്തിന്
തടസ്സമായി നിൽക്കുന്ന പാറ നീക്കം ചെയ്യുന്നതിന് ഉന്നതതല യോഗം ചേരുമെന്ന് എംഎൽഎ അറിയിച്ചു.
പാറ നീക്കം ചെയ്തതിനുശേഷം
പ്ലേ ഗ്രൗണ്ട്, ഇന്റേണൽ റോഡ് എന്നിവയുടെ നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂ.

പ്രവർത്തികളുടെ പൂർത്തീകരണം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കി നിർവഹണ ഏജൻസികളായ HLL, വാപ്കോസ്, കെഎംഎസ് സി എൽ എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥരുടെയും മെഡിക്കൽ കോളേജ് അധികൃതരുടെയും യോഗം 10 ദിവസത്തിനുള്ളിൽ ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേരുവാൻ എംഎൽഎ നിർദ്ദേശിച്ചു.

മെഡിക്കല്‍ കോളജില്‍ നിലവില്‍ നടക്കുന്ന എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഈ വര്‍ഷം ഡിസംബറിനകം പൂര്‍ത്തിയാക്കുന്നതിനായി ഷെഡ്യൂള്‍ തയ്യാറാക്കിയതായി അഡ്വ. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ബന്ധപ്പെട്ട ജീവനക്കാര്‍ 15 ദിവസത്തിലൊരിക്കല്‍ അവലോകന യോഗം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും എം എൽ എ നിര്‍ദ്ദേശം നല്‍കി. ആശുപത്രി ഐ.പി സംവിധാനം കൂടുതല്‍ രോഗികള്‍ക്ക് പ്രയോജനമാകുന്ന രീതിയില്‍ ക്രമപ്പെടുത്തും. ക്യാഷ്വല്‍റ്റി സംവിധാനവും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യ്ക്ക് ഒപ്പം ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ ഐഎഎസ്, മെഡിക്കൽ കോളജ് പ്രിന്‍സിപ്പാള്‍ ഡോ.ആര്‍.എസ്. നിഷ, മെഡിക്കല്‍ സൂപ്രണ്ട് ഡോ.എ. ഷാജി, പി ജെ. അജയകുമാർ, എസ്.സന്തോഷ് കുമാര്‍, നഴ്‌സിംഗ് സൂപ്രണ്ട് ഡി.എം. സില്‍വി, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ വി കെ ജാസ്മിൻ, എച്ച് എൽ എൽ പ്രൊജക്റ്റ് മാനേജർ രതീഷ് കെ ആർ, നിര്‍മാണ കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments