Saturday, December 28, 2024
Homeകേരളംകേരളത്തിന്‍റെ വൈദ്യുതി മേഖലയ്ക്ക് കരുത്തേകുന്ന തൊട്ടിയാർ ജലവൈദ്യുത പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന്...

കേരളത്തിന്‍റെ വൈദ്യുതി മേഖലയ്ക്ക് കരുത്തേകുന്ന തൊട്ടിയാർ ജലവൈദ്യുത പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും

ഇടുക്കി: വർഷം 99 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി ഉൽപ്പാദിപ്പാക്കാൻ ശേഷിയുള്ള തൊട്ടിയാർ ജലവൈദ്യുത പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും. കേരളത്തിന്‍റെ വൈദ്യുതി മേഖലക്ക് കരുത്തേകുന്നതാണ് മുടങ്ങിക്കിടന്ന ഇടുക്കി ജില്ലയിലെ തൊട്ടിയാർ ജലവൈദ്യുത പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു

40 മെഗാവാട്ട് സ്ഥാപിത ശേഷിയും 99 മില്യൺ യൂണിറ്റ് ഉത്പാദന ശേഷിയുമുള്ള തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതി 2009 ൽ നിർമാണം തുടങ്ങുകയും ചില സാങ്കേതിക കാരണങ്ങളാല്‍ നിർമാണം നിര്‍ത്തി വെക്കേണ്ടി വരികയും ചെയ്തിരുന്നു. പിന്നീട് 2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷമാണ് പദ്ധതി യാഥാർഥ്യമാക്കാനുള്ള നടപടികൾ ത്വരിതഗതിയിലായത്.

സർക്കാർ ഉത്തരവ് പ്രകാരം 2018 ല്‍ നിര്‍മ്മാണം പുനരാരംഭിക്കുവാനായി റീടെൻഡർ ചെയ്യാൻ തീരുമാനിക്കുകയും പദ്ധതി കാലതാമസം കൂടാതെ പൂർത്തീകരിക്കുന്നതിനായി പ്രവൃത്തികൾ പൂര്‍ത്തിയാക്കുകയും ചെയ്തു. 30 മെഗാവാട്ട്, 10 മെഗാവാട്ട് ശേഷിയുള്ള രണ്ട് ജനറേറ്ററുകളാണ് പദ്ധതിയുടെ ഭാഗമായുള്ളത്. ഇതില്‍ 10 മെഗാവാട്ടിനിർമാണം ജനറേറ്റര്‍ ഇക്കഴിഞ്ഞ ജൂലൈ 10 മുതലും 30 മെഗാവാട്ടിനിർമാണം ജനറേറ്റര്‍ സെപ്തംബർ 30 മുതലും ഗ്രിഡുമായി ബന്ധിപ്പിച്ചുകൊണ്ട് പൂർണ്ണ ശേഷിയിൽ പ്രവൃത്തിച്ചുവരികയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വൈദ്യുതി മേഖലയില്‍ വന്‍ വികസനത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നതെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയും പ്രതികരിച്ചു. പദ്ധതി നിര്‍വഹണത്തിലെ മെല്ലെപ്പോക്ക് ഇപ്പോള്‍ പഴങ്കഥ ആയിരിക്കുന്നു. വൈദ്യുതി ഉല്‍പ്പാദന, പ്രസരണ, വിതരണ മേഖലയിലെ പദ്ധതികള്‍ എല്ലാം വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്. ഗുണ മേന്മയുള്ള വൈദ്യുതി മിതമായ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആ ലക്ഷ്യം സാക്ഷാല്‍കരിക്കുന്നതിനായി ചെലവ് കുറഞ്ഞ മാര്‍ഗ്ഗങ്ങളിലൂടെയുള്ള വൈദ്യുതി ഉല്‍പ്പാദനവും, ചെലവ് കുറഞ്ഞ വൈദ്യുതി വാങ്ങല്‍ കരാറുകളും നടപ്പിലാക്കാനുള്ള നിരന്തര ഇടപെടലുകള്‍ വൈദ്യുതി മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം നാളിതുവരെ 910 മെഗാവാട്ട് അധിക സ്ഥാപിത ശേഷി സൗരോര്‍ജ്ജ വൈദ്യുതി ഉല്‍പ്പാദനത്തിലും, 48.55 മെഗാവാട്ട് അധിക സ്ഥാപിത ശേഷി ജല വൈദ്യുതി ഉല്‍പ്പാദനത്തിലും കൈവരിച്ചു. 2010 നു ശേഷം ആദ്യമായി ജലവൈദ്യുത ഉൽപാദനത്തിൽ വലിയൊരു കുതിപ്പ് രേഖപ്പെടുത്തുകയാണിപ്പോള്‍.

60 മെഗാവാട്ട് ശേഷമുള്ള പള്ളിവാസൽ ജലവൈദ്യുത പദ്ധതിയും ഉടന്‍ കമ്മീഷൻ ചെയ്യാൻ നമുക്ക് സാധിക്കുന്നു എന്നത് വലിയൊരു നേട്ടമാണ്. 2010 ല്‍ 100 മെഗാവാട്ട് ശേഷിയുള്ള കുറ്റിയാടി പദ്ധതി പൂര്‍ത്തിയാക്കിയതിനു ശേഷം സംസ്ഥാനത്ത് ആദ്യമായാണ്‌ മൊത്തം 100 മെഗാവാട്ട് ശേഷിയുള്ള രണ്ട് പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നത്.

തോട്ടിയാർ ജലവൈദ്യുത പദ്ധതിയുടെ 10 മെഗാവാട്ടിന്‍റെ ആദ്യ ജനറേറ്റർ ജൂലായ്‌ 10 ന് ഗ്രിഡുമായി സിങ്ക്രണൈസ് ചെയ്തിരുന്നു. 30 മെഗാവാട്ടിന്‍റെ രണ്ടാമത്തെ ജനറേറ്റർ സെപ്റ്റംബര്‍ 30 ന് ആണ് ഗ്രിഡുമായി സിങ്ക്രണൈസ് ചെയ്തത്. നിലവില്‍ ടെസ്റ്റ്‌ റണ്‍ പുരോഗമിക്കുന്ന പദ്ധതിയില്‍ നാളിതുവരെ 17 ദശലക്ഷത്തിലധികം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു കഴിഞ്ഞു എന്നത് അഭിനന്ദനാര്‍ഹമാണ്. പ്രതിവർഷം 99 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ നിന്നാണ് ഇത്രയും വൈദ്യുതി ചുരുങ്ങിയ കാലയളവില്‍ ഉല്‍പ്പാദിപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments