കാഞ്ഞങ്ങാട്: ഇടതുമുന്നണിയുടെ ബൂത്ത് ഏജന്റ് ബല്ലാക്കടപ്പുറത്തെ മൂസാൻകുട്ടിയുടെ കഫെയ്ക്ക് തീയിട്ടു. ബല്ലാക്കടപ്പുറം ഫിഷറീസ് സൊസൈറ്റിക്കടുത്താണ് കോർണിഷ് എന്ന പേരിലുള്ള കഫെ. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. മീൻപിടിക്കാൻ പോകുന്നവരാണ് തീ ആളിപ്പടരുന്നത് കണ്ടത്. കടലിലേക്കു പോകുന്നവരും നാട്ടുകാരും ചേർന്ന് തീ അണച്ചു. മേൽക്കൂര ഓലമേഞ്ഞതായതിനാൽ പെട്ടെന്ന് തീ പടർന്നുപിടിക്കുകയായിരുന്നു. ഭക്ഷണം കഴിക്കാനുള്ള ഇരിപ്പിടമുൾപ്പെടെ കഫെയ്ക്കകത്തുണ്ടായിരുന്ന ഫർണിച്ചറും മറ്റു സാധന-സാമഗ്രകികളും കത്തിയമർന്നു. രണ്ടുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി മൂസാൻകുട്ടി ഹൊസ്ദുർഗ് പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
സി.പി.എം. ബല്ലാക്കടപ്പുറം ബ്രാഞ്ച് അംഗമാണ് മൂസാൻകുട്ടി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മീനാപ്പീസ് കണ്ടത്തിൽ ഗവ. എൽ.പി. സ്‌കൂളിലെ 138-ാം നമ്പർ ബൂത്ത് എൽ.ഡി.എഫ്. ഏജന്റായിരുന്നു. കഫെ ആളിക്കത്തുന്നതിനിടയിൽ ഇരുചക്രവാഹനങ്ങളിൽ ചിലർ പോകുന്നത് ശ്രദ്ധയിൽപ്പെട്ടതായി മത്സ്യത്തൊഴിലാളികൾ പോലീസിന് മൊഴി നൽകി. രണ്ടുപേർക്കെതിരേ കേസെടുത്തതായി ഇൻസ്‌പെക്ടർ എം.പി. ആസാദ് പറഞ്ഞു. സി.പി.എം. ജില്ലാ ആക്ടിങ് സെക്രട്ടറി സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ., എൽ.ഡി.എഫ്. സ്ഥാനാർഥി എം.വി. ബാലകൃഷ്ണൻ, സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം വി.വി. രമേശൻ, കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി കെ. രാജ്‌മോഹൻ,
മുൻ ഏരിയാ സെക്രട്ടറി എം. പൊക്ലൻ, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി. സുജാത, സി.ഐ.ടി.യു. നേതാവ് കാറ്റാടി കുമാരൻ, സി.പി.എം. തീരദേശ ലോക്കൽ സെക്രട്ടറി എൻ.വി. ബാലൻ, ജില്ലാ കമ്മിറ്റിയംഗം പി.കെ. നിഷാന്ത്, മഹമ്മൂദ് മുറിയനാവി എന്നിവർ സ്ഥലത്തെത്തി. തീയിട്ടതിനു പിന്നിൽ മുസ്‍ലിം ലീഗുകാരാണെന്ന് എൽ.ഡി.എഫും ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് യു.ഡി.എഫും പ്രതികരിച്ചു. കഫെ അഗ്നിക്കിരയാക്കിയതിനു പിന്നിൽ മുസ്‌ലിം ലീഗിന് യാതൊരു ബന്ധവുമില്ലെന്ന് പാർട്ടി ബല്ലാക്കടപ്പുറം ശാഖാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. മുസ്‌ലിം ലീഗാണ് ഇതിന് പിന്നിലെന്ന സി.പി.എം. പ്രചാരണം യാഥാർഥ്യത്തിനു നിരക്കാത്തതാണ്. ഇതിൽ ദുരൂഹതയുണ്ട്. സമഗ്ര അന്വേഷണം വേണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗം എം.പി. ജാഫർ, യു.ഡി.എഫ്. ബല്ലാക്കടപ്പുറം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.എസ്. ഫൈസൽ, എം.കെ. അബൂബക്കർ ഹാജി എന്നിവർ സ്ഥലം സന്ദർശിച്ചു.