Saturday, December 28, 2024
Homeകേരളംപീഡനക്കേസ്; 'കുട്ടികൾ ദത്തെടുക്കപ്പെട്ടാൽ DNA പരിശോധന പ്രോത്സാഹിപ്പിക്കരുത്, സ്വകാര്യത മാനിക്കണം.

പീഡനക്കേസ്; ‘കുട്ടികൾ ദത്തെടുക്കപ്പെട്ടാൽ DNA പരിശോധന പ്രോത്സാഹിപ്പിക്കരുത്, സ്വകാര്യത മാനിക്കണം.

കൊച്ചി: പീഡനത്തിനിരയായ സ്ത്രീകള്‍ക്ക് ജനിച്ച കുട്ടികള്‍ ദത്തെടുക്കപ്പെട്ടാല്‍ അവരുടെ ഡി.എന്‍.എ. പരിശോധന സംബന്ധിച്ച അപേക്ഷകള്‍ കോടതികള്‍ പ്രോത്സാഹിപ്പിക്കരുതെന്ന് ഹൈക്കോടതി. കുട്ടികളുടെ സ്വകാര്യത മാനിച്ചുവേണം തീരുമാനമെടുക്കാനെന്നും ജസ്റ്റിസ് കെ. ബാബു ഉത്തരവില്‍ പറഞ്ഞു.

പീഡനവും പിതൃത്വവുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസുകളിൽ ദത്തെടുത്ത നാല് കുട്ടികളുടെ രക്തസാംപിളുകൾ ശേഖരിക്കാൻ നിർദേശിച്ച് മഞ്ചേരി, കട്ടപ്പന, കൊല്ലം, പാലക്കാട് കോടതികളുടെ ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മാനഭംഗക്കേസുകളിൽ വാദത്തിന് പിൻബലം നൽകാനാണ് ഇരകളുടെ കുഞ്ഞുങ്ങളുടെ ഡി.എൻ.എ. പരിശോധനവേണമെന്ന് അഭിഭാഷകർ ആവശ്യപ്പെടുന്നത്. കോടതികൾ ഇതിന് നിർദേശിക്കുമ്പോൾ ജനനം സംബന്ധിച്ച രഹസ്യം ചിലപ്പോൾ കുട്ടികളും അവരുടെ പുതിയ രക്ഷിതാക്കളും അറിയാനിടയാകും. താൻ ദത്ത്കുട്ടിയാണെന്നും പീഡനത്തിനിരയായ മാതാവിന്‍റെ കുട്ടിയാണെന്നും നിശ്ചിത പ്രായത്തിനുശേഷം തിരിച്ചറിയുന്നത് കുട്ടികളുടെ മാനസികാവസ്ഥയെ ബാധിക്കാനിടയുണ്ട്.

ഇത് ദത്തെടുക്കൽ നിയന്ത്രണ മാർഗരേഖയുടെ 48-ാംവകുപ്പിനും ദത്തെടുക്കലിന്‍റെ ലക്ഷ്യത്തിനും വിരുദ്ധമാണ്. സ്വകാര്യതയ്ക്കുള്ള അവകാശം ഭരണഘടനാപരമായ അവകാശമാണ്. അതിനാൽ, ദത്തെടുത്ത കുട്ടികളുടെ കാര്യത്തിൽ ഡി.എൻ.എ. ഫലം നിർബന്ധിക്കപ്പെടുന്നില്ല.

കേസ് തെളിയിക്കാൻ ഡി.എൻ.എ. പരിശോധനാഫലം ആവശ്യമായി വരുമ്പോൾ സ്വകാര്യതയുടെ ലംഘനവും ഉണ്ടാകുന്നതുകൊണ്ട് കോടതികൾ വിവേചനാധികാരം ഉപയോഗിക്കണം. ഡി.എൻ.എ. പരിശോധനയുടെ അനിവാര്യത കോടതികൾ പരിശോധിക്കണം. ഡി.എൻ.എ. പരിശോധനയുടെപേരിൽ ദത്തെടുത്ത കുടുംബം പീഡനമനുഭവിക്കേണ്ടി വരരുത്.

ദത്തുനടപടികളുടെയും രേഖകളുടെയും രഹസ്യസ്വഭാവം ബന്ധപ്പെട്ട അധികൃതർ ഉറപ്പുവരുത്തണം. ദത്തു നൽകിയിട്ടില്ലാത്ത കുട്ടിയാണെങ്കിൽപ്പോലും ഡി.എൻ.എ. പരിശോധനയുടെ കാര്യത്തിൽ കോടതികൾ വിവേചനാധികാരം പ്രയോഗിക്കണമെന്നും കോടതി വ്യക്തമാക്കി. കേരള ലീഗൽ സർവീസസ് സൊസൈറ്റി പ്രോജക്ട് കോ-ഓർഡിനേറ്ററുടെ (വിക്‌റ്റിം റൈറ്റ്സ് സെന്റർ) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. ഹർജി മേയ് 27-ന് വീണ്ടും പരിഗണിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments