പത്തനംതിട്ട: വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാന്‍ വൈകിയതിന് കെ.എസ്.ഇ.ബി. ജീവനക്കാരനെ ഓഫീസില്‍ കയറി മര്‍ദിച്ചതായി പരാതി. പത്തനംതിട്ട വായ്പൂര്‍ കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസിലെ ഓവര്‍സീയര്‍ കോവളം സ്വദേശി വിന്‍സന്റ് രാജിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ നാലുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു.
കഴിഞ്ഞദിവസമാണ് ഓഫീസില്‍ അതിക്രമിച്ചുകയറി നാലംഗസംഘം ഓവര്‍സീയറെ മര്‍ദിച്ചത്. മഴയിലും കാറ്റിലും മരങ്ങള്‍ വീണതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം മേഖലയിലെ വൈദ്യുതവിതരണം തടസപ്പെട്ടിരുന്നു. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനായില്ല. ഇതേത്തുടര്‍ന്ന് ഏതാനും യുവാക്കള്‍ ഓഫീസിലേക്ക് വിളിച്ച് പരാതിപ്പെട്ടു. പിന്നാലെ വൈകിട്ട് അഞ്ചുമണിയോടെ നാല് യുവാക്കള്‍ ഓഫീസിലെത്തുകയും ജീവനക്കാരന്റെ കരണത്തടിച്ചെന്നുമാണ് പരാതി.
ഓഫീസിലുണ്ടായിരുന്ന വനിതാ സബ് എന്‍ജിനീയര്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയിരുന്നു. അതേസമയം, നാലംഗസംഘം വനിതാ എന്‍ജിനീയറെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
മദ്യലഹരിയിലാണ് യുവാക്കള്‍ അതിക്രമം കാട്ടിയതെന്നാണ് സംശയം. ദൃശ്യങ്ങളിലുള്ള പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റ ജീവനക്കാരനെ താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കിയശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.