കേരളത്തിൽ ഇത്തവണ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആദ്യ ഘട്ട പ്രവചനം. 2018.6 mm മഴയാണ് സാധാരണയായി ഈ സീസണിൽ കേരളത്തിൽ ലഭിക്കേണ്ടത്. കഴിഞ്ഞ വർഷം 1327 mm മാത്രമായിരുന്നു ലഭിച്ചത് (34% കുറവ്).
രാജ്യത്ത് പൊതുവെ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു. നിലവിലെ എൽനിനോ കാലർഷ ആരംഭത്തോടെ ദുർബലമായി ന്യൂട്രൽ സ്ഥിതിയിലേക്കും രണ്ടാം ഘട്ടത്തോടെ ‘ലാനിന’യിലേക്കും മാറാൻ സാധ്യതയുണ്ട്. നിലവിൽ ന്യൂട്രൽ സ്ഥിതിയിൽ തുടരുന്ന ഇന്ത്യ ഓഷ്യൻ ഡൈപോൾ കാലവർഷത്തിന്റെ രണ്ടാം ഘട്ടത്തിൽ പോസിറ്റീവ് ഫേസിലേക്ക് വരുന്നതും കാലവർഷത്തിന് അനുകൂലമാകാനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനത്തിൽ പറയുന്നു. പൊതുവിൽ പസഫിക്ക്, ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നുള്ള സിഗ്നലുകൾ ഇത്തവണ കാലവർഷത്തിന് അനുകൂല സൂചനകൾ നൽകുന്നു.
കഴിഞ്ഞ വർഷവും തുടക്കത്തിൽ എല്ലാ ഏജൻസികളും സാധാരണയിൽ കൂടുതൽ മഴ സാധ്യത പ്രവചിച്ചിരുന്നു. എന്നാൽ ജൂണിൽ വന്ന ‘ബിപോർജോയ്’ ചുഴലിക്കാറ്റ് തുടക്കത്തിൽ കേരളത്തിലെ കാലവർഷം ദുർബലമാക്കുകയായിരുന്നു.