കായംകുളം: തന്റെ ഭർത്താവ് സത്യനെ സി.പി.എം. ആസൂത്രണംചെയ്തു കൊലപ്പെടുത്തിയതാണെന്ന് അന്നുതന്നെ അറിയാമായിരുന്നെന്ന് ഭാര്യ ശകുന്തള. സി.പി.എമ്മിന്റെ ആലപ്പുഴ ജില്ലാപ്പഞ്ചായത്ത് അംഗമായ ബിപിൻ സി. ബാബുവിന്റെ വെളിപ്പെടുത്തലിനോടു പ്രതികരിക്കുകയായിരുന്നു അവർ. കൊലപാതകം പാർട്ടി ആസൂത്രണം ചെയ്തതാണെന്നും നിരപരാധിയായ തന്നെ അതിലുൾപ്പെടുത്തിയെന്നും ബിപിൻ പാർട്ടി സംസ്ഥാന നേതൃത്വത്തിന് അയച്ച കത്തിൽ പറഞ്ഞിരുന്നു.
2001 ജൂൺ 20-നാണ് സത്യനു വെട്ടേറ്റത്. അതേക്കുറിച്ച് ശകുന്തള പറയുന്നതിങ്ങനെ: കരീലക്കുളങ്ങര സ്റ്റാൻഡിലെ ഓട്ടോഡ്രൈവറായിരുന്നു സത്യൻ. അന്ന് സത്യനു 39 വയസ്സായിരുന്നു. ആദ്യം ആർ.എസ്.എസ്. പ്രവർത്തകനായിരുന്നു. പിന്നീട് ഐ.എൻ.ടി.യു.സി.യിൽ ചേർന്നു. തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ സത്യൻ സജീവമായിരുന്നത് സി.പി.എം. വിരോധത്തിന് ഒരു കാരണമായി. സമീപത്തെ ക്ഷേത്രവുമായി ബന്ധപ്പെട്ടും സി.പി.എമ്മുമായി തർക്കങ്ങളുണ്ടായിരുന്നു.
സംഭവദിവസം രാവിലെ സത്യൻ പതിവുപോലെ ഓട്ടത്തിനു പോയതാണ്. സ്റ്റാൻഡിൽ നിൽക്കുമ്പോൾ ഒരു കുട്ടിവന്ന് മറ്റൊരാൾക്ക് ആശുപത്രിയിൽ പോകാനാണെന്നു പറഞ്ഞ് ഓട്ടംവിളിച്ചു. പയ്യൻ വണ്ടിയിൽ കയറിയില്ല. സമീപവാസിയായ ഒരാൾ ഇതു കാണുകയും ചെയ്തു. കോട്ടയ്ക്കത്ത് ജങ്ഷനു സമീപത്തെ കാവിന്റെ അടുത്തുവെച്ച് ഓട്ടോ തടഞ്ഞുനിർത്തി പതിമ്മൂന്നോളം പേർ ആക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രിയിൽവെച്ച് പറഞ്ഞിരുന്നു. പ്രതികളുടെ പേരും വ്യക്തമാക്കി. എന്നാൽ, ബിപിൻ സി. ബാബുവിന്റെ പേര് പറഞ്ഞിട്ടില്ല. 25 ദിവസത്തോളം ആശുപത്രിവാസമായിരുന്നു. അതിനുശേഷമാണ് മരിച്ചത്.
കേസ് നടന്നെങ്കിലും പ്രതികൾ ശിക്ഷിക്കപ്പെട്ടില്ല. കുട്ടികളെ വളർത്തുന്ന കഷ്ടപ്പാടിൽ പിന്നീട് കാര്യങ്ങൾ തിരക്കിയില്ല. കോൺഗ്രസ് ഇടപെട്ട് സ്പിന്നിങ് മില്ലിൽ ജോലി നൽകി. സി.ബി.ഐ. പോലുള്ള ഏജൻസികൾ കേസന്വേഷിച്ച് പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കണമെന്നാണ് ആഗ്രഹമെന്നും ശകുന്തള പറഞ്ഞു.
ആരോപണം അടിസ്ഥാനരഹിതം – സി.പി.എം; ആലപ്പുഴ കരീലക്കുളങ്ങരയിൽ 2001-ൽ നടന്ന കളീക്കൽ സത്യന്റെ കൊലപാതകം ആലോചിച്ചുനടത്തിയതാണെന്ന ആരോപണം അടി സ്ഥാനരഹിതമാണെന്ന് സി.പി.എം. ജില്ലാസെക്രട്ടറി ആർ. നാസർ പറഞ്ഞു. 2001-ൽ യു.ഡി. എഫ്. സർക്കാരിന്റെ കാലത്ത് നടന്ന കൊ ലപാതകത്തിൽ സംഭവവുമായി ബന്ധമില്ലാത്ത സി.പി.എം. നേതാക്കളെ പോലീസ് രാഷ്ട്രീയപ്രേരിതമായി പ്രതിയാക്കുകയായിരുന്നു. അതുകൊ ണ്ടുതന്നെ കേസ് തള്ളിപ്പോയി- അദ്ദേഹം പറഞ്ഞു.