ചെങ്ങന്നൂർ: സംവിധായകനും നിർമ്മാതാവും എഴുത്തുകാരനുമായ ഉണ്ണി ആറന്മുള (83) അന്തരിച്ചു. ചെങ്ങന്നൂർ വെള്ളാവൂരിലെ ലോഡജ് മുറിയിൽ ഇന്നലെ വൈകിട്ട് കുഴഞ്ഞു വീണ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടയാറന്മുള്ള കൈപ്പള്ളിൽ കുടുംബത്തിൽ ജനിച്ച ഉണ്ണി ആറന്മുള സൈനിക ജോലി രാജി വച്ചാണ് സിനിമയിൽ എത്തുന്നത് .
മുകേഷ് നായകനായ സ്വർഗ്ഗം , മമ്മൂട്ടി , രതീഷ് , ഉർവശി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച എതിർപ്പുകൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട് .
സിനിമയിൽ ഗാനരചയിതാവായും കലാസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട് .
മമ്മൂട്ടി മലയാള സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്ത് വരുന്ന സമയമായിരുന്നു. ജയന്റെ മരണം കഴിഞ്ഞ് പകരക്കാരനായി രതീഷ് തിളങ്ങി നിൽക്കുന്നു. രതീഷിനെ നായകനാക്കി ഉണ്ണി തന്റെ ആദ്യ ചിത്രം തുടങ്ങി. എതിർപ്പുകൾ. മമ്മൂട്ടിയായിരുന്നു ഉപനായകൻ. സിനിമ നീണ്ടു പോയി. ഇതിനിടെ മമ്മൂട്ടി നായക സ്ഥാനത്തേക്ക് പിച്ചവച്ചു കയറാൻ തുടങ്ങിയിരുന്നു.
കഥയിൽ മാറ്റം വരുത്തി മമ്മൂട്ടിയുടെ കഥാപാത്രത്തിന് കൂടുതൽ പ്രാധാന്യം നൽകിയാണ് എതിർപ്പുകൾ പൂർത്തിയാക്കിയത്. ഉർവശി ആയിരുന്നു നായിക. ഉർവശിയുടെ ആദ്യ മലയാള ചിത്രം കൂടിയായിരുന്നു എതിർപ്പുകൾ. 1984 ൽ പുറത്തിറങ്ങിയ ചിത്രം പ്രതീക്ഷിച്ചത്ര വിജയം നേടിയില്ലെങ്കിലും അതിലെ ഗാനങ്ങൾ ഹിറ്റായി.
പാട്ടുകൾ എഴുതിയതും ഉണ്ണിയായിരുന്നു. അതിലെ മനസൊരു മായാപ്രപഞ്ചം, പൂ നുള്ളും കാറ്റേ എന്നീ ഗാനങ്ങൾ സൂപ്പർ ഹിറ്റായി. ടി.എസ് രാധാകൃഷ്ണജിയായിരുന്നു സംഗീത സംവിധാനം. മുകേഷ്, ശിവജി എന്നിവരെ നായകന്മാരാക്കി സ്വർഗം എന്ന ചിത്രമാണ് അടുത്തതായി ഉണ്ണി എടുത്തത്.
ആക്ഷേപഹാസ്യമായിരുന്നു ഇതിവൃത്തം. ഇവിടെയും ഗാനങ്ങൾ സൂപ്പർ ഹിറ്റായി. ഉണ്ണിയുടെ വരികൾ ഗോപൻ ആണ് ചിട്ടപ്പെടുത്തിയത്. സ്വർഗത്തിന് ശേഷം വണ്ടിച്ചക്രം എന്നൊരു സിനിമ കൂടി ഉണ്ണിയുടേതായി വന്നു.