കൊല്ലം; ഭരണഘടന സ്ഥാപനങ്ങളിൽ കേന്ദ്രത്തിന്റെ അനാവശ്യ കൈ കടത്തൽ ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിനെതിരെ നിലപാടെടുക്കുന്ന പ്രതിപക്ഷ രാഷ്ട്രീയ പാർടികൾക്കെതിരെ അന്വേഷണ ഏജൻസികളെ ദുരുപയോഗിച്ചുള്ള നടപടികൾ കേന്ദ്രസർക്കാർ തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്ത് പൗരത്വ സംരക്ഷണ സദസ് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെജ്‍രിവാളിന്റെ അറസ്റ്റിൽ രാജ്യമാകെ കനത്ത പ്രതിഷേധമുയർന്നു. ജർമ്മനിയടക്കമുള്ള രാജ്യങ്ങളും ആശങ്കരേഖപ്പെടുത്തി. എന്നാൽ അന്വേഷണ ഏജൻസികളുടെ ഉപയോഗിച്ചുള്ള ഇത്തരം നടപടികൾ ഇത് ആദ്യത്തേതോ അവസാനത്തേതോ അല്ല. അത്തരം നടപടികൾ കേന്ദ്രസർക്കാർ തുടർന്നുകൊണ്ടേയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇലക്ടറൽ ബോണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടികൾ മാത്രമാണ് ഇലക്ട്‌റൽ ബോണ്ട് വേണ്ടെന്ന് പറഞ്ഞത്. രാജ്യത്ത് ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് പലരും ഗൗരവമായി തന്നെ ചിന്തിക്കുന്നു. ‘ഭാവി എന്താകുമെന്ന് ഉത്കണ്ഠപ്പെടുന്ന കോടാനുകോടി ജനങ്ങൾ ഇന്ത്യയിലുണ്ട്. ഇങ്ങനെ എത്രനാൾ എന്ന ചോദ്യം ജനങ്ങൾ ചോദിച്ചു തുടങ്ങി. നമ്മുടെ രാജ്യം ഇത്തരത്തിൽ ആയികൂടാ എന്ന ചിന്തയിലേക്ക് ഇന്ത്യയിലെ ജനങ്ങൾ എത്തി.
കെജ്‌രിവാളിന്റെ അറസ്റ്റിനെ രാജ്യമാകെ അപലപിക്കുന്ന അവസ്ഥ ഉണ്ടായി. ജർമ്മനിയും അമേരിക്കയുമടക്കമുള്ള രാജ്യങ്ങളും ആശങ്ക രേഖപ്പെടുത്തി. സർക്കാരിന് എതിരെ നിലപാട് എടുക്കുന്ന പ്രതിപക്ഷ പാർട്ടികളെ കേന്ദ്ര ഏജൻസികളെ വച്ച് ഉപദ്രവിക്കുകയാണ്. ഇത്തരം നടപടികൾ ആദ്യത്തേതോ അവസാനത്തെതോ അല്ല. സമ്പന്നരെ അതിസമ്പന്നരാക്കുകയും ദരിദ്രരെ അതിദരിദ്രരാക്കുകയും ചെയ്യുകയാണ് കേന്ദ്രമെന്നും മുഖ്യമന്ത്രി പറഞ്ഞു.