ചവറ: തേവലക്കര സ്വദേശിനിയായ പത്താംക്ലാസ് വിദ്യാർഥിനിയെ പൂർണ ഗർഭിണിയായ നിലയിൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഇടപെടലിനെ തുടർന്ന് ചവറ തെക്കുംഭാഗം പൊലീസ് സംഭവത്തിന് ഉത്തരവാദിയായ ബന്ധുവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടി ഡിസംബർ അവസാനവാരംവരെ സ്കൂളിൽ കൃത്യമായി എത്തുകയും അർധവാർഷിക പരീക്ഷയിൽ രണ്ട് പരീക്ഷകൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു.
ശേഷം സ്കൂളിൽ ഹാജരാകാതിരുന്നതിനെതുടർന്ന് പ്രഥമാധ്യാപിക രക്ഷാകർത്താക്കളുമായി ബന്ധപ്പെട്ടപ്പോൾ വയറുവേദനക്കുള്ള ശസ്ത്രക്രിയയായതിനാൽ സ്കൂളിലെത്താനാവില്ലെന്ന് വീട്ടുകാർ അറിയിക്കുകയായിരുന്നു. വിദ്യാർഥിനി ഒമ്പതുമാസം ഗർഭിണിയായതോടെയാണ് ആലപ്പുഴ മെഡിക്കൽ കോളജിൽ രക്ഷിതാക്കളോടൊപ്പം പ്രസവചികിത്സക്കായി എത്തിയത്. ഡോക്ടർക്ക് സംശയം തോന്നിയതിനെതുടർന്ന് ആശുപത്രി അധികൃതർ ശിശുക്ഷേമസമിതിയെ അറിയിക്കുകയായിരുന്നു. സമിതി നടത്തിയ അന്വേഷണത്തിൽ ബന്ധുവിന്റെ പീഡനത്തിലാണ് കുട്ടി ഗർഭിണിയായതെന്നും വീട്ടുകാർ ഇത് മറച്ചുവെക്കുകയാണെന്നും ബോധ്യപ്പെട്ടു. തുടർന്നാണ് ചവറ തെക്കുംഭാഗം പൊലീസിൽ പരാതി നൽകിയത്.
കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല എന്നാണ് അറിയുന്നത്. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജനകീയ സമിതി നേതൃത്വത്തിൽ സമരപരിപാടി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികൾ.