9 വർഷത്തെ ഒളിവു ജീവിതത്തിനു ശേഷം പ്രതി പിടിയിൽ. 2016ൽ അരൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ പള്ളുരുത്തി സ്വദേശിയും കേസ് രജിസ്റ്റർ ചെയ്യുന്ന സമയം അരൂർ പള്ളിക്ക് സമീപം വാടകയ്ക്ക് താമസിച്ചിരുന്നതുമായ ജസ്റ്റിൻ ആണ് 9 വർഷം ഒളിവിൽ കഴിഞ്ഞ ശേഷം പോലീസ് പിടിയിലായത്. എട്ടു വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ പീഡിപ്പിച്ച ശേഷം ജസ്റ്റിൻ ഒളിവിൽ പോകുകയായിരുന്നു.
പള്ളുരുത്തി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് അരൂർ പോലീസ് സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടാൻ ആയില്ല. കേസിനാസ്പദമായ സംഭവത്തിനുശേഷം പ്രതി പത്തനംതിട്ട ജില്ലയിലെ കുമ്പഴയിലെ ഒരു ഹോട്ടലിൽ വെയ്റ്ററായി ജോലി നോക്കി വരവേയാണ് കഴിഞ്ഞ ദിവസം വെളുപ്പിനെ പോലീസ് പിടികൂടിയത്.
ചേർത്തല അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ഹരീഷ് ജെയിൻ ഐപിഎസിന്റെ നിർദേശനുസരണം അരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷിജു പി എസ്, സബ് ഇൻസ്പെക്ടർ ഗീതുമോൾ എസ് എന്നിവരുടെ മേൽനോട്ടത്തിൽ അരൂർ പോലീസ് സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്.