തൃശൂര്‍: പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ നാല് പെണ്‍കുട്ടികളില്‍ ഒരാള്‍കൂടി മരിച്ചു. ചികിത്സയിലായിരുന്ന ആന്‍ ഗ്രേസ് (16) ആണു മരിച്ചത്. പട്ടിക്കാട് പാറാശേരി സജി-സെറീന ദമ്പതികളുടെ മകളായ ആന്‍, തൃശൂര്‍ സെന്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. അപകടത്തില്‍പ്പെട്ട മറ്റൊരു പെണ്‍കുട്ടിയായ അലീന ഇന്നു പുലര്‍ച്ചെ മരിച്ചിരുന്നു. ഇതോടെ അപകടത്തില്‍ മരണം രണ്ടായി.
തൃശൂർ പീച്ചി ഡാം റിസർവോയറിൽ വീണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നാലു പെൺകുട്ടികളിൽ ഒരാൾ മരിച്ചു. പട്ടിക്കാട് സ്വദേശി അലീന ആണ് മരിച്ചത്. തൃശൂർ സെൻ്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്.
രണ്ട്പേർ ചികിൽസയിൽ തുടരുന്നു. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് കുട്ടികൾ വെള്ളത്തിൽ വീണത്. സമീപത്തുണ്ടായിരുന്ന നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
പട്ടിക്കാട് സ്വദേശികളായ ആൻ ഗ്രേസ് (16), അലീന (16), എറിൻ (16), പീച്ചി സ്വദേശി നിമ ( 15) എന്നിവരാണ് അപകടത്തിൽ പെട്ടത്. ഇന്നലെ നിമയുടെ വീട്ടിൽ പെരുന്നാൾ ആഘോഷിക്കാൻ എത്തിയതായിരുന്നു.
കുട്ടികൾ ഡാമിന്റെ കൈവരിയിൽ കയറി നിൽക്കവേ പാറയിൽ നിന്ന് വഴുതി വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കുളിക്കാൻ വേണ്ടിയാണ് ഡാമിലേക്ക് വന്നത്. നാല് പേർക്കും നീന്തൽ അറിയില്ലായിരുന്നു. ലൈഫ് ഗാർഡും നാട്ടുകാരും ഉടൻ രക്ഷപെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.