തിരുവനന്തപുരം: 63-ാമത് കേരള സ്കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളന വേദിയില്‍ നടന്ന രസകരമായ സംഭവം പങ്കുവെച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. സദസിനോട് സംസാരിച്ച് തിരികെ ഇരിപ്പിടത്തിലേക്ക് നടക്കുന്ന നടന് ആസിഫ് അലിക്ക് കൈകൊടുക്കാന്‍ ശ്രമിക്കുന്ന മന്ത്രിയേയും അത് കാണാതെ നടന്നുപോകുന്ന താരത്തിന്റെയും വീഡിയോയാണ് ‘ഞാനും പെട്ടു’ എന്ന തലക്കെട്ടോടെ മന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോ ഇതിനോടകം വൈറലാണ്. താരങ്ങള്‍ക്കിടയില്‍ ഈയിടെയായി വൈറലായ ഒരു ട്രെന്‍ഡാണിത്. ഒരു താരം ആര്‍ക്കെങ്കിലും കൈകൊടുക്കാന്‍ ശ്രമിക്കുകയും മറ്റേയാള്‍ അത് കാണാതെ പോകുകയും ചെയ്യുന്നതാണ് സംഭവം. കൈ നീട്ടിയ ആള് ചമ്മിനില്‍ക്കുന്ന വീഡിയോകള്‍ വൈറലാവുകയും ചെയ്യും. ടൊവിനോ തോമസും, ബോസില്‍ ജോസഫും, ഗ്രേസ് ആന്റണിയും അടക്കമുള്ള യുവതാരങ്ങള്‍ മാത്രമല്ല, മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് വരെ ഇതില്‍ പെട്ടു എന്തായാലും താനും ആ ട്രെന്‍ഡില്‍ പെട്ടു എന്ന് പറഞ്ഞ് ഹൃദ്യമായി വിഷയത്തെ കൈകാര്യം ചെയ്ത മന്ത്രിയുടെ ‘ഹ്യൂമര്‍സെന്‍സിനെ’ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള കമന്റുകള്‍ കൊണ്ട് നിറയുകയാണ് വീഡിയോയുടെ കമന്റ് സെക്ഷന്‍.
സംഭവം കാണുന്ന ടൊവിനോയുടെ ചിരിയും അദ്ദേഹം ആസിഫനെ വിളിച്ച് മന്ത്രിക്ക് കൈകൊടുക്കാന്‍ പറയുന്നതുമൊക്കെ വീഡിയോയില്‍ കാണാം. എന്തായാലും ആസിഫ് അലി തിരിച്ചുവന്ന് മന്ത്രിക്ക് കൈകൊടുക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.