പൊതുവഴി തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉൾപ്പെടെയുള്ള നേതാക്കളോട് നേരിട്ടു ഹാജരാകാൻ ഹൈക്കോടതി നിർദേശം.
തിരുവനന്തപുരം വഞ്ചിയൂർ, സെക്രട്ടറിയേറ്റ്, കൊച്ചി കോർപറേഷൻ എന്നിവിടങ്ങളിൽ റോഡ് തടസ്സപ്പെടുത്തിയും നടപ്പാതയിൽ സ്റ്റേജ് കെട്ടിയതുമുൾപ്പെടെയുള്ള വിഷയങ്ങളിലെടുത്ത കോടതിയലക്ഷ്യ കേസുകളിലാണ് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരുടെ നിർദേശം. ഫെബ്രുവരി 10ന് ഹൈക്കോടതിയിൽ നേരിട്ടു ഹാജരാകണം.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുൻ മന്ത്രി എം. വിജയകുമാർ, എംഎൽഎമാരായ വി. ജോയ്, കടകംപളളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത്, മുൻ എംപി എ. സമ്പത്ത് തുടങ്ങിയവരുൾപ്പെടെയുള്ള നേതാക്കൾക്കെതിരെ വഞ്ചിയൂരിൽ റോഡ് അടച്ചുകെട്ടി സമ്മേളനം നടത്തിയതിനു പൊലീസ് കേസെടുത്തിരുന്നു.