എഡിജിപി എം.ആർ അജിത്കുമാറിനെതിരായ വിജിലൻസ് അന്വേഷണം പൂർത്തിയായി. പി.വി.അൻവർ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളില്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി, അജിത്തിന് ക്ലീൻ ചിറ്റ് നല്‍കുന്ന റിപ്പോർട്ടാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഷിബു പാപ്പച്ചൻ കഴിഞ്ഞ ദിവസം സമർപ്പിച്ചതെന്നാണ് സൂചന. വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് ഡിജിപിക്ക് കൈമാറും.
അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ വീട് നിർമാണം, കുറവൻകോണത്തെ ഫ്ലാറ്റ് വില്പന, മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫീസിലെ മരംമുറിക്കല്‍, സ്വർണ്ണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ടാണ് അജിത്കുമാറിനെതിരെ അൻവർ ആരോപണങ്ങളുന്നയിച്ചത്. ബാങ്ക് വായ്പയെടുത്താണ് വീട് നിർമിച്ചതെന്നും വിശദാംശങ്ങള്‍ സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ചോദ്യംചെയ്യലില്‍ അജിത് വ്യക്തമാക്കിയിരുന്നു.
മരംമുറി ഇടപാട്, സ്വർണ്ണക്കടത്ത് എന്നിവയില്‍ അജിത്തിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ കണ്ടെത്താനായില്ല. കുറവൻകോണത്ത് വാങ്ങിയ ഫ്ലാറ്റ് സ്വന്തം പേരില്‍ റജിസ്റ്റർ ചെയ്യാൻ വൈകിയതിലും പിന്നീട് മറിച്ചുവിറ്റതിലും മാത്രമാണ് അജിത്തിനെതിരെ കാര്യമായ അന്വേഷണത്തിലേക്ക് വിജിലൻസ് കടന്നത്. ഇതില്‍ അഴിമതി നടന്നതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം.