ശബരിമല: മണ്ഡല – മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് ഡ്യൂട്ടി സമയത്ത് മദ്യപിച്ച സംഭവത്തിൽ പമ്പയിൽ പിടിയിലായ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ചങ്ങനാശേരി ഫയർ സ്റ്റേഷനിലെ എസ്. സുബീഷ്, ഗാന്ധിനഗർ സ്റ്റേഷനിലെ പി. ബിനു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ജോലിക്കിടെ കാറിനുള്ളിൽ വച്ച് മദ്യപിച്ചതിന് പമ്പാ പൊലീസ് ഇരുവരെയും ഡിസംബർ 28ന് അറസ്റ്റ് ചെയ്തിരുന്നു.
ഇതേ തുടർന്നാണ് നടപടി. അതിനിടെ, മണ്ഡല – മകരവിളക്ക് കാലയളവിൽ ഇതുവരെ അരക്കോടിയിലേറെ തീർത്ഥാടകരാണ് ശബരിമല ദർശനം നടത്തിയത്.ബുധനാഴ്ച ഉച്ചവരെ ലഭിച്ച കണക്ക് അനുസരിച്ച് 50,86667 പേർ ദർശനത്തിന് എത്തി. 40,95566 ഭക്തരാണ് മണ്ഡലകാലത്ത് എത്തിയത്.
മകരവിളക്ക് ഉത്സവത്തിന് നടതുറന്ന 30 മുതൽ ബുധനാഴ്ച ഉച്ചവരെ 9,91101 തീർത്ഥാടകർ ദർശനം പൂർത്തിയാക്കി. മകരവിളക്കിനായി നടതുറന്ന ശേഷമുള്ള എല്ലാദിനങ്ങളിലും ലക്ഷത്തിനടുത്ത് തീർത്ഥാടകർ എത്തുന്നുണ്ട്. മകരവിളക്കിന് 5 ദിനങ്ങൾ മാത്രം അവശേഷിക്കേ സമാനമായ തിരക്ക് ഉണ്ടാവും എന്ന് തന്നെയാണ് ദേവസ്വം ബോർഡും പൊലീസും കണക്കുകൂട്ടുന്നത്.