തീക്കുനി: റോഡിൽ കുഴഞ്ഞ് വീണയാൾക്ക് യുവാവിന്റെ സമയോചിത ഇടപെടൽ തുണയായി. വ്യാഴാഴ്ച രാത്രി തീക്കുനി-അരൂർ റോഡിൽ ചന്തൻമുക്കിലാണ് സംഭവം. എരുമ്പൻകുന്നിനടുത്ത് മടത്തിക്കേണ്ടിയിൽ വാടകയ്ക്ക് താമസിക്കുന്ന ചെത്തു തൊഴിലാളിയായ തൃശൂർകാരനായിരുന്നു കുഴഞ്ഞ് വീണത്.
ഒരാൾ റോഡിൽ കുഴഞ്ഞ് വീണതറിഞ്ഞ് ബിനീഷ് സ്വന്തം കാറുമായി സ്ഥലത്തെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാവുമെന്ന് മനസിലാക്കിയ ബിനീഷ് ഒരു നിമിഷം പോലും വൈകാതെ അദ്ദേഹത്തെ കാറിലെടുത്ത് കിടത്തി ആയഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം ആംബുലൻസിൽ ബിനീഷ് തന്നെ വടകര സഹകരണ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഹൃദയസംബന്ധമായ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചതുപ്രകാരം വേണ്ടതു ചെയ്യാനും ബിനീഷ് തയ്യാറായി.
ആൻജിയോ പ്ലാസ്റ്റി ശസ്ത്രക്രിയക്ക് വിധേയനായതോടെ അദ്ദേഹം അപകടനില തരണം ചെയ്തിരിക്കുകയാണ്.
വടകര സഹകരണ ഹോസ്പിറ്റലിൽ സുഖം പ്രാപിച്ചു വരുന്നു. ഒരു പരിചയവുമില്ലെങ്കിലും മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃക കാണിച്ച സിമന്റ് തേപ്പ് തൊഴിലാളിയായ ബിനീഷിന് അഭിനന്ദന പ്രവാഹമാണിപ്പോൾ.