കാഞ്ഞങ്ങാട്:ഫെബ്രുവരി അഞ്ചു മുതല്‍ ഏഴുവരെ കാഞ്ഞങ്ങാട് നടക്കുന്ന സി.പി.എം ജില്ലാസമ്മേളനത്തിന്റെ ഒരുക്കം പുരോഗമിക്കുന്നു. സമാപനദിനമായ ഏഴിന് അര ലക്ഷം പേർ പങ്കെടുക്കുന്ന റാലിയും ചുവപ്പുസേനാ മാർച്ചും പൊതുസമ്മേളനവും കാഞ്ഞങ്ങാട് സംഘടിപ്പിക്കും. ജില്ലാ പ്രതിനിധി സമ്മേളനം പി.ബി അംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. പ്രതിനിനി സമ്മേളനത്തിലും പൊതുസമ്മേളനത്തിലും കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജൻ, പി.കെ.ശ്രീമതി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ പി.പി.രാമകൃഷ്‌ണൻ, ആനാവൂർ നാഗപ്പൻ, പി.കെ.ബിജു തുടങ്ങിയവർ പങ്കെടുക്കും.
ജനുവരിയില്‍ 11 ഏരിയകളിലും വിപുലമായ സെമിനാറുകള്‍ സംഘടിപ്പിക്കും. സമ്മേളനത്തിന്റെ ഭാഗമായി ജില്ലായിലാകെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങള്‍ ജനുവരി 25,26 തീയതികളില്‍ നടത്തും.
പ്രതിനിധി സമ്മേളന നഗരിലേക്കുള്ള പതാക
പൈവളിനെ രക്തസാക്ഷി സ്‌മൃതി മണ്ഡപത്തില്‍ നിന്നും കൊടിമരം കയ്യൂർ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും എത്തിക്കും. പൊതുസമ്മേളന നഗറിലേക്കുള്ള പതാക മുനയംകുന്ന് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും കൊടിമരം ചീമേനി രക്തസാക്ഷി മണ്ഡപത്തില്‍ നിന്നുമാണ് എത്തിക്കുന്നത്.
സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലാകെ പൊതുസ്ഥാപനങ്ങളും പൊതു ഇടങ്ങളും ശുചീകരിക്കുമെന്നും ജില്ലാസെക്രട്ടറി എം.വി ബാലകൃഷ്‌ണൻ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗം കെ ആർ ജയാനന്ദയും പങ്കെടുത്തു.
ഘടകങ്ങളില്‍ പൂർത്തിയായി
1959 ബ്രാഞ്ച് സമ്മേളനങ്ങള്‍
143 ലോക്കല്‍ സമ്മേളനങ്ങള്‍
12 ഏരിയാ സമ്മേളനങ്ങള്‍
വീടുകളില്‍ കൊടി ഉയരും
ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ജനുവരി 13ന് ജില്ലയിലെ മുഴുവൻ പാർട്ടി ഓഫിസുകളിലും പാർട്ടി, അനുഭാവി വീടുകളിലും പതാക ഉയരും.ആകർഷകമായ പ്രചാരണ കുടിലുകള്‍, ശില്‍പങ്ങള്‍ എന്നിവ പാർട്ടി ഘടകങ്ങളുടെ നേതൃത്വത്തില്‍ നിർമ്മിക്കും.
200 കേന്ദ്രങ്ങളില്‍ ചരിത്രസ്‌മൃതി സദസ്സ്
കാഞ്ഞങ്ങാട് ഏരിയയില്‍ 200 കേന്ദ്രങ്ങളില്‍ ചരിത്രസ്‌മൃതി സംഗമവും ജില്ലാതലത്തില്‍ വിപുലമായ സെമിനാറുകളും നടത്തും. കാഞ്ഞങ്ങാട്ട് പി.രാഘവൻ നഗറില്‍ നടത്തുന്ന മാദ്ധ്യമസെമിനാറില്‍ സംസ്ഥാനത്തെ പ്രമുഖ മാദ്ധ്യമ പ്രവർത്തകർ പങ്കെടുക്കും. ജില്ലാതല വിദ്യാർത്ഥി കൂട്ടായ്‌മ, യുവജന കൂട്ടായ്മ,
മഹിളാ സംഗമം, സിനിമ പ്രവർത്തക സംഗമം, നാടക പ്രവർത്തക സംഗമം, സാംസ്‌കാരിക സമ്മേളനം എന്നിവയുണ്ടാകും. ജനുവരി ഏഴുമുതല്‍ ചരിത്ര പ്രദർശനവും എല്ലാ ദിവസവും വൈകിട്ട് ഏഴുമുതല്‍ പത്തുവരെ കലാപരിപാടികളും ഉണ്ടാകും. ജില്ലാതലത്തില്‍ കലാ കായിക മത്സരവും മെഗാ ക്വിസ്, സാഹിത്യ രചനാ മത്സരവും റീല്‍സ്, ഹ്രസ്വചിത്രനിർമ്മാണ മത്സരവും സംഘടിപ്പിക്കുന്നുണ്ട്.