പാനൂർ: ബൈക്ക് യാത്രക്കാരനെ കാറിടിച്ചുവീഴ്ത്തി എട്ട് ലക്ഷം കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ.
കൊറ്റാളി സ്വദേശി പ്രസൂണിനെ(32) ആണ് ചക്കരക്കൽ സി.ഐ. എംപി ആസാദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ 13ന് രാവിലെ 10.30ഓടെയായിരുന്നു സംഭവം.
എടയന്നൂർ മുരിക്കൻചേരിയിലെ എം. മെഹ റൂഫിനെ(47) ആണ് കൊള്ളയടിച്ചത്. നാല് മാസം മുമ്പ് നാട്ടിലെത്തിയ ഗൾഫുകാരനായ മെഹറൂഫ് ഗൾഫിൽ ജോലിയുള്ള സുഹൃത്തുക്കൾ തലശേരി, പാനൂർ മേഖലകളിലെ പലർക്കായി നൽകാൻ ഏൽപ്പിച്ചിരുന്ന എട്ട് ലക്ഷം രൂപയുമായി ബൈക്കിൽ പുറപ്പെട്ടപ്പോൾ പിന്തുടർന്ന് വെളുത്ത ബെലോന കാറിലെത്തിയ സംഘം മെഹറൂഫിൻ്റെ പൾസർ ബൈക്കിൽ ഇടിക്കുകയായിരുന്നു.നിലത്തു വീണ മെഹറുഫിനെ വലിച്ച് കാറിൽ കയറ്റി കണ്ണിനകത്ത് കുരുമുളക് സ്പ്രേ അടിച്ച് പണം തട്ടുകയായിരുന്നു.
കീഴല്ലൂർ കനാൽ റോഡിൽ മെഹറൂഫിനെ ഇറക്കിവിട്ടാണ് സംഘം രക്ഷപ്പെട്ടത്. ബൈക്കിൽ ഇടിക്കാൻ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.